മാങ്ങാട്:എറണാകുളത്ത് കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് മാങ്ങാട് സ്വദേശി മരിച്ചു.എറണാകുളത്ത് വസ്ത്രകമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടീവും മാങ്ങാട്ടെ ഓട്ടോ ഡ്രൈവർ കെ.എം മൊയിദീന്റെ മകനുമായ ദിൽഷാദാണ്(25) മരിച്ചത്.ഇന്നലെ രാത്രി പതിനൊന്നു മണിയോടുകൂടി ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ദിൽഷാദ് ഓടിച്ചിരുന്ന ബൈക്ക് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം നാളെ വൈകുന്നേരത്തോടെ വീട്ടിലേക്ക് കൊണ്ടുവരും.പൊതുദർശനത്തിനു വെച്ച ശേഷം കോട്ടിക്കുളം ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കും.
ഗുജറാത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; ബിജെപിക്ക് ലീഡ്
അഹമ്മദാബാദ്:ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.ആദ്യ ഫല സൂചനകൾ വരുമ്പോൾ ഭരണകക്ഷിയായ ബിജെപി മുന്നിട്ട് നിൽക്കുകയാണ്.കേവല ഭൂരിപക്ഷം ലഭിക്കുന്നതിന് 92 സീറ്റുകൾ വേണമെന്നിരിക്കെ 96 ഇടങ്ങളിൽ ബിജെപി മുന്നേറുകയാണ്.എക്സിറ്റ് പോളുകൾ ബിജെപിയുടെ വിജയമാണ് പ്രവചിച്ചിരുന്നതെങ്കിലും ബിജെപിയുടെ പല മേഖലകളിലും കോൺഗ്രസ് ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.ഹിമാചൽ പ്രദേശിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോഴും ബിജെപി തന്നെയാണ് അവിടെയും മുന്നിട്ട് നിൽക്കുന്നത്.40 സീറ്റിൽ ബിജെപിയും 24 സീറ്റിൽ കോൺഗ്രസ്സും മുന്നേറുകയാണ്. Read more
കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
കണ്ണൂർ :കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്.ഇതിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു.ശനിയാഴ്ച സ്കൂളിൽ നാട്ടുകാരും ജനപ്രതിനിധികളും ഉൾപ്പെട്ട യോഗത്തിൽ 21 കോടി രൂപയുടെ മാസ്റ്റർപ്ളാൻ അംഗീകരിച്ചു. കെട്ടിടങ്ങളുടെ നവീകണം,ഹൈടെക്ക് ക്ലാസ് മുറികൾ,സെമിനാർ ഹാൾ,വലിയ മൈതാനം,ആധുനിക ലൈബ്രറി എന്നിവയാണ് മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി രക്ഷാധികാരിയായി 51 അംഗ നിർവാഹക സമിതിയും രൂപീകരിച്ചു.എംഎൽഎ ഫണ്ടിൽ നിന്നും ഇതിനായി 50 ലക്ഷം രൂപ നൽകുമെന്നും മന്ത്രി പറഞ്ഞു.കോർപറേഷന്റെ വകയായി 25 ലക്ഷം രൂപയും വാഗ്ദാനം ചെയ്തു. സ്കൂളിൽ നിർമിച്ച ഹൈടെക് ക്ലാസ് മുറികളുടെ ഉൽഘാടനം മന്ത്രി നിർവഹിച്ചു.ചടങ്ങിൽ മേയർ ഇ.പി ലത അധ്യക്ഷത വഹിച്ചു.
മൽസ്യങ്ങളിലെ മായം കണ്ടെത്താൻ ഇനി വെറും മൂന്നു മിനിറ്റ് മതി
കൊച്ചി :മൽസ്യങ്ങളിലെ മായം കണ്ടെത്താൻ ഇനി വെറും മൂന്നു മിനിറ്റ് മതി.ഇതിനായുള്ള ഒരു കിറ്റ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ രണ്ടു വനിതാ ശാസ്ത്രജ്ഞരായ എസ്.ജെ ലാലി,ഇ.ആർ പ്രിയ എന്നിവർ ചേർന്ന് വികസിപ്പിച്ചെടുത്തു. ചെറിയൊരു സ്ട്രിപ്പാണ് ഇതിനായി ഉപയോഗിക്കുന്നത്.ഇത് മീനിൽ പതിയെ അമർത്തിയ ശേഷം ഇതിലേക്ക് ഒരു തുള്ളി രാസലായനി ഒഴിക്കണം.മായം കലർന്ന മീനാണെങ്കിൽ മൂന്നു മിനിറ്റിനുള്ളിൽ സ്ട്രിപ്പിന്റെ നിറം മാറും.മീനിൽ സാധാരണയായി ചേർക്കുന്ന അമോണിയ,ഫോർമാലിൻ എന്നീ രാസവസ്തുക്കൾ കണ്ടെത്തുന്നതിനായി രണ്ടു കിറ്റുകളാണ് പുറത്തിറക്കുന്നത്.
കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ ‘സ്നേഹിത’ ജൻഡർ ഹെല്പ് ഡെസ്ക് ഉൽഘാടനം ചെയ്തു
കണ്ണൂർ:കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ ‘സ്നേഹിത’ ജൻഡർ ഹെല്പ് ഡെസ്ക് ഉൽഘാടനം ചെയ്തു.കണ്ണൂർ പള്ളിപ്രത്ത് മന്ത്രി ഡോ.കെ.ടി ജലീലാണ് ഉൽഘാടനം നിർവഹിച്ചത്.ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അഭയം നൽകാൻ വേണ്ടി ആരംഭിച്ച പദ്ധതിയാണ് സ്നേഹിത.എന്തെങ്കിലും കാരണം കൊണ്ട് ബുദ്ധിമുട്ടുന്ന പെൺകുട്ടികൾക്കും സ്ത്രീകൾക്കും താമസ സൗകര്യം ഉൾപ്പെടെയാണ് സ്നേഹിത ആരംഭിച്ചിട്ടുള്ളത്.ജില്ലയുടെ ഏതു ഭാഗത്തു നിന്നും ഒരു സ്ത്രീ വിളിച്ചാൽ അവർക്ക് അഭയം നല്കാൻ സ്നേഹിത ബാധ്യതപ്പെട്ടിരിക്കുന്നു. ഒരു കുടുംബത്തിൽ നിന്നും ഒരു പെൺകുട്ടിക്ക് കൂടി കുടുംബശ്രീയിൽ അംഗത്വം നൽകുമെന്നും വിദ്യാസമ്പന്നരായ പെൺകുട്ടികൾ കുടുംബശ്രീയിൽ അംഗങ്ങളാകുന്നതോടു കൂടി പരമ്പരാഗത വഴിയിൽ നിന്നും വേറിട്ട് സഞ്ചരിക്കാൻ കുടുംബശ്രീക്ക് കഴിയുമെന്ന് പദ്ധതി ഉൽഘാടനം ചെയ്തു കൊണ്ട് മന്ത്രി കെ.ടി ജലീൽ പറഞ്ഞു.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പി.കെ ശ്രീമതി എം.പി ലൈബ്രറി ഉൽഘാടനം ചെയ്തു.മേയർ ഇ.പി ലത സ്നേഹിത ടോൾ ഫ്രീ നമ്പർ പ്രകാശനം ചെയ്തു.മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നിന്നും ഒരു കിലോമീറ്റർ ദൂരെ പള്ളിപ്രത്താണ് ‘സ്നേഹിത’ ജൻഡർ ഹെല്പ് ഡെസ്ക്.ഫോൺ:0497-2721817. ടോൾഫ്രീ നമ്പർ:18004250717.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശിയുടെ വയറ്റിൽ നിന്നും കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കണ്ടെത്തി
നെടുമ്പാശ്ശേരി:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശിയുടെ വയറ്റിൽ നിന്നും കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കണ്ടെത്തി.നാർക്കോട്ടിക് കൺട്രോൾ ബ്യുറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിദേശി പിടിയിലാകുന്നത്. വ്യാഴാഴ്ച രാവിലെ എമിരേറ്റ്സ് വിമാനത്തിൽ സാവോപോളോയിൽ നിന്നും ദുബായ് വഴി നെടുമ്പാശ്ശേരിയിലെത്തിയ വെനിസ്വെല സ്വദേശി ഹാർലി ഗബ്രിയേൽ കാസ്ട്രോ കരീനോ ആണ് പിടിയിലായത്. ബാഗ്ഗജ് പരോശോധനയിൽ മയക്കുമരുന്ന് കണ്ടെത്താനായില്ലെങ്കിലും ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ ഇയാൾ മയക്കുമരുന്ന് വിഴുങ്ങിയതായി സമ്മതിക്കുകയായിരുന്നു.തുടർന്ന് ഇയാളെ എറണാകുളം ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് മരുന്നും പഴങ്ങളും നൽകി പ്രത്യേക ക്ലോസറ്റ് ക്രമീകരിച്ച് ഒന്നര ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് രാജ്യാന്തര വിപണിയിൽ അഞ്ചുകോടി രൂപ വിലവരുന്ന 101 കൊക്കൈൻ ക്യാപ്സൂളുകൾ ഇയാളുടെ വയറ്റിൽ നിന്നും പുറത്തെടുത്തത്.ദഹിച്ചു പോകാതിരിക്കാൻ പ്രത്യേക കോട്ടിങ് ഉള്ള ക്യാപ്‌സൂളിനുള്ളിലാണ് കൊക്കൈനുകൾ സൂക്ഷിച്ചിരുന്നത്.ദ്വിഭാഷിയുടെ സഹായത്തോടെ ഇയാളെ ചോദ്യം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
പി.വി സിന്ധു ലോക സൂപ്പർ സീരീസ് ബാഡ്മിന്റൺ ഫൈനലിൽ
ദുബായ്:പി.വി സിന്ധു ലോക സൂപ്പർ സീരീസ് ബാഡ്മിന്റൺ ഫൈനലിൽ പ്രവേശിച്ചു. ചൈനയുടെ ചെൻ യുഫെയിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് സിന്ധു ഫൈനലിൽ എത്തിയത്.ഒന്നാം സീഡും ലോക രണ്ടാം റാങ്കുകാരിയുമായ ജപ്പാന്റെ അകാനെ യമാഗുച്ചിയെയാണ് സിന്ധു ഫൈനലിൽ നേരിടുക.നേരത്തെ നടന്ന മത്സരത്തിൽ സിന്ധു ജപ്പാൻ താരത്തെ തകർത്തിരുന്നു.ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും ജയിച്ചാണ് സിന്ധു സെമിയിൽ പ്രവേശിച്ചത്.സീസണിൽ മികച്ച ഫോം പ്രകടിപ്പിച്ച സിന്ധു ഈ വർഷം രണ്ട് സൂപ്പർ സീരീസ് കിരീടങ്ങളും ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിയും കരസ്ഥമാക്കിയിരുന്നു.
കാർഷികോല്പന്നങ്ങൾ ബ്രാൻഡ് ചെയ്തുള്ള വിപണന പദ്ധതിക്ക് കേരളത്തിൽ തുടക്കം
തിരുവനന്തപുരം:കാർഷികോല്പന്നങ്ങൾ ബ്രാൻഡ് ചെയ്തുള്ള വിപണന പദ്ധതിക്ക് കേരളത്തിൽ തുടക്കം.വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിക്കുന്നത്.തളിർ എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ തുറക്കും.സംസ്ഥാനത്തെ ആദ്യ തളിർ റീറ്റെയ്ൽ ഔട്ട്ലെറ്റ് ചൊവ്വാഴ്ച കൊട്ടാരക്കരയിൽ ഉൽഘാടനം ചെയ്യും.അതാതു ജില്ലകളിലെ വി എഫ് പി സി കെ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളും പഴങ്ങളും വൃത്തിയാക്കി പായ്ക്ക് ചെയ്ത് വിൽപ്പനനടത്താനാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. പഴം,പച്ചക്കറി എന്നിവയ്ക്ക് പുറമെ മിൽമ,ഓയിൽ പാം, കേരഫെഡ്,കെപ്കോ എന്നിവയുടെ ഉൽപ്പന്നങ്ങളും തളിർ ഔട്ട്ലെറ്റ് വഴി ലഭ്യമാക്കും. വിപണിയിൽ ലഭ്യമല്ലാത്തവ ഹോട്ടി കോപ്പ് വഴി ശേഖരിക്കും.കീടനാശിനികൾ തളിക്കാത്ത ശുദ്ധവും ജൈവവുമായ പച്ചക്കറികൾ ജനങ്ങളിൽ എത്തിക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.കൂടാതെ തളിർ കേന്ദ്രത്തിൽ നിന്നും പാകം ചെയ്യാൻ വിധത്തിൽ മുറിച്ചു കവറുകളിലാക്കിയ പച്ചക്കറികളും ലഭിക്കും.വി എഫ് പി സി കെ ആണ് റെഡി ടു കുക്ക് എന്ന പേരിൽ പച്ചക്കറി കഷണങ്ങളാക്കി വിപണിയിലെത്തിക്കുന്നത്.
ഗുജറാത്തിൽ ആറ് ബൂത്തുകളിൽ ഇന്ന് വീണ്ടും വോട്ടെടുപ്പ്
അഹമ്മദാബാദ്:ഗുജറാത്തിലെ നാല് നിയോജകമണ്ഡലങ്ങളിലെ ആറ് ബൂത്തുകളിൽ ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും.സാങ്കേതിക കാരണങ്ങളാലാണ് റീപോളിംഗ് നടത്തുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന അഹമ്മദാബാദ്,വഡോദര, ബനസ്‌കന്ത ജില്ലാലീലാണ് റീപോളിംഗ് നടക്കുന്നത്.അതേസമയം പരീക്ഷണ പോളിങ്ങിൽ രേഖപ്പെടുത്തിയ വോട്ടുകൾ യന്ത്രങ്ങളിൽ നിന്നും മാറ്റിയിട്ടില്ല എന്ന പരാതിയെ തുടർന്ന് വിസ്‌നഗർ,ബെച്ചറാജി,മൊദാസ,സാൽവി,വത്വ,വേജൽപൂർ,സാൻഖേത,ജമാൽപൂർഖാദിയാ,പിലുദ്ര,കഡോസൻ എന്നീ പത്തു സ്ഥലങ്ങളിൽ വിവിപാറ്റ് രസീതുകൾ എണ്ണുമെന്നും കമ്മീഷൻ അറിയിച്ചു.
കണ്ണൂർ വിമാനത്താവളത്തിൽ ഫെബ്രുവരിയിൽ പരീക്ഷണപ്പറക്കൽ നടത്തും
കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിൽ ഫെബ്രുവരിയിൽ പരീക്ഷണപ്പറക്കൽ നടത്തും. വിമാനത്താവളത്തിന്റെ 95 ശതമാനം പണിയും പൂർത്തിയായി. സെപ്റ്റംബറോടെ വിമാനത്താവളം കമ്മീഷൻ ചെയ്യാനാകുമെന്നും കിയാൽ എം ഡി പി.ബാലകിരൺ പറഞ്ഞു.ജനുവരി 31 ന് നിർമാണപ്രവർത്തികൾ പൂർത്തിയാകും.ഗ്രീൻ ഫീൽഡ് വിമാനത്താവളമായതിനാൽ ബ്യുറോ ഓഫ് സിവിൽ ഏവിയേഷൻ,എയർപോർട്ട് അതോറിറ്റി, നാവിഗേഷൻ ലൈസൻസുകൾ എന്നിവ ലഭിക്കാൻ താമസമുള്ളതിനാലാണ് കമ്മീഷനിങ് സെപ്റ്റംബർ വരെ നീളുന്നത്. വിമാനത്താവളത്തിന്റെ 3050 മീറ്റർ റൺവെ പൂർത്തിയായി. ജനുവരി ആദ്യം റഡാർ സെറ്റിങ്ങും പൂർത്തിയാക്കും.700 കാറുകൾക്കും 200 ടാക്സികൾക്കും 25 ബസുകൾക്കും ഒരേ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യവും വിമാനത്താവളത്തിൽ ഉണ്ടാകും.48 ചെക്കിങ് കൌണ്ടർ,16 എമിഗ്രേഷൻ കൌണ്ടർ,16 കസ്റ്റംസ് കൌണ്ടർ,12 എസ്‌കലേറ്റർ,15 എലിവേറ്റർ എന്നിവയും ഉണ്ടാകും.പാസ്സന്ജർ ടെർമിനലിന്റെ വലുപ്പത്തിൽ രാജ്യത്ത് എട്ടാം സ്ഥാനമാണ് കണ്ണൂർ വിമാനത്താവളത്തിന്.4000 മീറ്റർ റൺവേക്കായി സ്ഥലം പൂർണ്ണമായും ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.ഇനിയും 250 ഏക്കറോളം സ്ഥലം ആവശ്യമായി വരും.റൺവേയുടെ വലിപ്പത്തിൽ രാജ്യത്തെ നാലാമത്തെ വിമാനത്താവളമായിരിക്കും കണ്ണൂർ എന്നും ബാലകിരൺ പറഞ്ഞു.വിമാനത്താവള പ്രദേശത്തു നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കുടുംബങ്ങളിൽ നിന്നും 45 പേർക്ക് തൊഴിൽ നൽകും.ഇതിൽ 22 പേരുടെ നിയമനം നടന്നുവരുണ്ട്.മറ്റു മേഖലകയിലായി രണ്ടായിരത്തോളം തൊഴിലവസരങ്ങളും ഉണ്ടാകും. വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി 64 സിഐഎസ്എഫുകാരെ നിയമിച്ചു.കസ്റ്റംസിൽ 78 പേരെയും നിയമിക്കും.