കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ കാണാതായ ഒരു മത്സ്യബന്ധന ബോട്ടുകൂടി തോപ്പുംപടി തീരത്ത് തിരിച്ചെത്തി. പത്ത് പേരാണ് തിരിച്ചെത്തിയ ബോട്ടിലുണ്ടായിരുന്നത്. തമിഴ്നാട്, ആസാം സ്വദേശികളാണ് ഈ ബോട്ടിൽ ഉണ്ടായിരുന്നത്.45 ദിവസം മുൻപ് ഓഷ്യൻ ഹണ്ടർ എന്ന ബോട്ടിലാണ് ഇവർ തീരത്തുനിന്ന് കടലിൽ പോയത്. ചുഴലിക്കാറ്റിൽ ദിശതെറ്റിയ ബോട്ടിന് കേടുപാടുകളും സംഭവിച്ചു. അതിനാലാണ് ഇവർക്ക് ദിവസങ്ങളോളം കടലിൽ കഴിയേണ്ടി വന്നത്. തിരിച്ചെത്തിയവർക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഇവർക്ക് വേണ്ട സഹായങ്ങൾ നൽകുമെന്നും അധികൃതർ അറിയിച്ചു.
തലശ്ശേരിയിൽ ബൈക്ക് കലുങ്കിലിടിച്ച് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു
തലശ്ശേരി:തലശ്ശേരിയിൽ നിയന്ത്രണം വിട്ട ബൈക്ക് കലുങ്കിലിടിച്ച് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു.രണ്ടുപേർക്ക് പരിക്കേറ്റു.പാട്യം പി.കെ.ഹൗസിൽ പ്രദീപന്റെയും ഷീബയുടേയും മകൻ പ്രണവാണ് മരിച്ചത്.പരിക്കേറ്റ പത്തായക്കുന്ന് കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ ഷിനോദിന്റെ മകൻ നവരംഗി (15)നെ കോഴിക്കോട് മെഡിക്കൽ കോളേജിലും പത്തായക്കുന്ന് കണ്ട്യൻഹൗസിൽ പുരുഷുവിന്റെ മകൻ നിഖിലി (16) നെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലശ്ശേരി കൂത്തുപറമ്പ് റോഡിൽ കോട്ടയംപൊയിലിന് സമീപം കുന്നിനുമീത്തൽ വളവിൽ ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ആണ് അപകടം നടന്നത്.വളവിൽ നിന്ന് നിയന്ത്രണം വിട്ട് റോഡിന്റെ അരുകിലെ സ്ലാബിൽ തട്ടി മറഞ്ഞ് തൊട്ടടുത്ത പറമ്പിലേക്ക് വീഴുകയായിരുന്നു.വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റ പ്രണവ് സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടിരുന്നു.അപകടം നടന്ന കുന്നിനുമീത്തൽ വളവ് ഇറക്കത്തോടുകൂടിയുള്ളതാണ്. അശാസ്ത്രീയമായ രീതിയിലാണ് റോഡ് പണിതിരിക്കുന്നതെന്നും ഇത് അപകടത്തിന് കാരണമാവുമെന്നും കെ.എസ്.ടി.പി.അധികൃതരോട് ഡ്രൈവർമാരും നാട്ടുകാരും പറഞ്ഞിരുന്നെങ്കിലും കെ.എസ്.ടി.പി.അധികൃതർ ചെവിക്കോണ്ടിട്ടില്ലെന്ന പരാതിയുണ്ട്.
കണ്ണൂരിൽ 20 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കണ്ണൂർ:20 കിലോ കഞ്ചാവുമായി രണ്ടുപേർ കണ്ണൂർ ടൌൺ പോലീസിന്റെ പിടിയിൽ.കണ്ണൂർ സിറ്റി കാക്കട്ടകത്ത് വീട്ടിൽ റായിഷാദ്(26),ആയിക്കര ഉപ്പാരവളപ്പ് സ്വദേശി സി.സി സജീർ(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഒരാഴ്ചയിലേറെയായി ഷാഡോ പോലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു ഇവർ.മാനഭംഗം,വധശ്രമം,കഞ്ചാവ് വിൽപ്പന,അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സജീർ.കഞ്ചാവ് കേസിൽ അറെസ്റ്റിലായതിനു ശേഷം പുറത്തിറങ്ങിയ ഇയാൾ അതിൽ നിന്നും പിന്മാറിയെന്ന നിലയിലാണ് പിന്നീട് പെരുമാറിയത്.എന്നാൽ ഇയാൾ ബ്രൗൺ ഷുഗർ വില്പനയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു.ഇതിനെ തുടർന്ന് ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.ഈ മാസം തന്നെ ഇയാൾ രണ്ടു തവണ കണ്ണൂരിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ട്.ഓരോ തവണയും 30-40 കിലോ കഞ്ചാവുവരെയാണ് ഇയാൾ കൊണ്ടുവരുന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാൾ കണ്ണൂരിൽ ഇല്ലെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി.ഇയാൾ സ്വന്തം കാറിൽ ആന്ത്രയിലേക്ക് പോയിട്ടുണ്ടെന്ന വിവരം പൊലീസിന് എക്‌സൈസ് സംഘത്തിനും ലഭിച്ചു.എക്‌സൈസ് സംഘം തന്റെ വീടിന് പരിസരത്തുണ്ടെന്ന വിവരം സജീർ അറിഞ്ഞു.ഇതോടെ ആന്ത്രയിൽ നിന്നും ഇയാൾ കണ്ണൂരിലേക്ക് വരാതെ ബംഗളൂരുവിലേക്ക് പോയി.കയ്യിലുണ്ടായിരുന്ന 35 കിലോ കഞ്ചാവിൽ 15 കിലോ ഇയാൾ ബംഗളൂരുവിൽ വിറ്റു.പോലീസ് പരിശോധന കർശനമാണെന്നറിഞ്ഞ ഇയാൾ രണ്ടു മൂന്നു ദിവസം കൂടി ബെംഗളൂരുവിൽ തങ്ങി കാർ അവിടെയുള്ള സുഹൃത്തിനെ ഏൽപ്പിച്ച് ബസ്സിൽ കണ്ണൂരിൽ എത്തുകയായിരുന്നു. സജീറിനെ പിടിക്കാൻ ജില്ലാ പോലീസ് പ്രത്യേക ടീമിനെ നിയോഗിക്കുകയും ഇവർ രണ്ട് ടീമുകളായി ആയിക്കരയിലും താവക്കരയിലും നിരീക്ഷണം നടത്തുകയുമായിരുന്നു.ഇതിനിടെ ബുധനാഴ്ച വൈകിട്ട് നാലരയോടെ താവക്കര പുതിയ ബസ്സ്റ്റാൻഡിൽ ബസ്സിറങ്ങിയ സജീറിനെയും റായിഷാദിനെയും ഷാഡോ പോലീസ് പിടികൂടി.പിന്നീട് ടൌൺ എസ്.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ പോലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു.
എറണാകുളത്ത് ബാങ്ക് ഓഫ് ബറോഡയുടെ കെട്ടിടത്തിൽ തീപിടുത്തം
കൊച്ചി:എറണാകുളത്ത് ബാങ്ക് ഓഫ് ബറോഡയുടെ കെട്ടിടത്തിൽ തീപിടുത്തം.രാവിലെ ആറരമണിയോടെയാണ് തീപിടുത്തമുണ്ടായത്.ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം റീജിയണൽ ഓഫീസിന്റെ ഒരു ഭാഗം പൂർണ്ണമായും കത്തിനശിച്ചു.അഗ്‌നിശമന സേനയെത്തി തീയണച്ചു.നിരവധി രേഖകളടക്കം വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.ബാങ്ക് ഉദ്യോഗസ്ഥരെത്തി ബാക്കി രേഖകൾ പരിശോധിച്ച് വരികയാണ്.
ഓഖി ദുരന്തം;കണ്ണൂരിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു
കണ്ണൂർ:ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കടലിൽ കാണാതായ ഒരു മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി.കണ്ണൂർ ഏഴിമല ഭാഗത്തു നിന്നാണ് ഇന്ന് രാവിലെ മൃതദേഹം ലഭിച്ചത്.ഇന്നലെ കണ്ണൂരിൽ നിന്നും ലക്ഷദ്വീപിൽ നിന്നും രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു.ഇതോടെ ദുരിതത്തിൽ മരിച്ചവരുടെ എണ്ണം 75 ആയി.
കനത്ത സുരക്ഷയിൽ ആർ.കെ നഗറിൽ തിരഞ്ഞെടുപ്പ് ആരംഭിച്ചു
ഇനി മുതൽ പോസ്റ്റ് ഓഫീസുകൾ വഴിയും ആധാർ എടുക്കാം
തിരുവനന്തപുരം:ആധാർ എടുക്കുന്നതിനുള്ള സൗകര്യമൊരുക്കി സംസ്ഥാനത്തെ പത്ത് പോസ്റ്റ് ഓഫീസുകൾ.പ്രധാന നഗരങ്ങളിലെ പോസ്റ്റ് ഓഫീസുകളിലാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.നിലവിൽ സംസ്ഥാനത്തെ 109 പോസ്റ്റ് ഓഫീസുകളിൽ ആധാറിലെ വിവരങ്ങൾ തിരുത്തുന്നതിനുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ സംസ്ഥാനത്തെ 10 പ്രധാന പോസ്റ്റ് ഓഫീസുകളിൽ നിലവിൽ ആധാർ സേവനം ലഭ്യമാണ്.വൈകാതെ കേരളത്തിലെ 1040 പോസ്റ്റ് ഓഫീസുകളിൽ പൂർണ്ണ തോതിൽ ആധാർ സേവനം എത്തിക്കാനാണ് തപാൽ വകുപ്പിന്റെ തീരുമാനം. പുതുതായി ആധാർ എടുക്കുന്നതിന് 50 രൂപയാണ് ചാർജ്.ആധാറിലെ വിവരങ്ങൾ തിരുത്തുന്നതിന് 25 രൂപയും സർവീസ് ചാർജ് നൽകണം.അക്ഷയ കേന്ദ്രങ്ങൾ വഴി ആധാർ സേവനങ്ങൾ നൽകുന്നതിലെ അപര്യാപ്തത ബോധ്യപ്പെട്ടതിനെ തുടർന്നാണ് പോസ്റ്റ് ഓഫീസുകൾ വഴിയും സേവനങ്ങൾ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
ശബരിമലയിൽ നിന്നും വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി
ശബരിമല:ശബരിമലയിൽ നിന്നും വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി.പാണ്ടിത്താവളത്തിന് സമീപം വെടിപ്പുരയോട് ചേർന്ന് മണ്ണിൽ കുഴിച്ചിട്ട നിലയിലാണ് നാനൂറു കിലോയോളം വെടിമരുന്ന് ശേഖരം കണ്ടെടുത്തത്.പതിനൊന്നു കാനുകളിലായാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്.പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സതീഷ് ബെനോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാഡോ പോലീസ് നടത്തിയ പരിശോധനയിലാണ് വെടിമരുന്ന് പിടിച്ചെടുത്തത്.സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
തിരുവനന്തപുരത്ത് 30 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് മുപ്പത് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ പെരുമാൾ എന്ന യുവാവിനെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും റെയിൽവെ പോലീസ് അറസ്റ്റ് ചെയ്തു.തലസ്ഥാനത്തെ ഒരു ഫാർമസി കമ്പനിക്ക് നൽകാൻ ചെന്നൈയിലെ ഒരു ഫാർമസി കമ്പനി എത്തിച്ച പണമാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.കാൻസർ, കിഡ്നി രോഗം ബാധിച്ച് ചികിത്സ തേടുന്ന രോഗികൾക്ക് ഒരു കമ്പനിയുടെ മരുന്ന് കുറിയ്ക്കുന്നതിന് ഡോക്ടർമാർക്ക് കൈക്കൂലിയായി നൽകാൻ എത്തിച്ച പണമാണെന്ന് പെരുമാൾ പോലീസിനോട് പറഞ്ഞു. ഫാർമസി കമ്പനിക്ക് കൈമാറുന്ന പണം മെഡിക്കൽ കോളജിലെ ഉൾപ്പെടെയുള്ള ഡോക്ടർമാർക്ക് ഫാർമസി കമ്പനി കൈമാറുമെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.പ്രതിയെ റെയിൽവെ പോലീസ് ഇൻകംടാക്സ് അധികൃതർക്ക് കൈമാറി. ഇയാളിൽ നിന്നും കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇൻകംടാക്സ് അധികൃതർ മരുന്നു കന്പനിയുടെ ഹൈദരാബാദ്, ചെന്നൈ, എറണാകുളം എന്നീ ഓഫീസുകളിൽ റെയ്ഡ് നടത്തി.
റയാൻ ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിയുടെ കൊലപാതകം;പ്രതിയായ വിദ്യാർത്ഥിയെ മുതിർന്ന പൗരനായി കണക്കാക്കി വിചാരണ ചെയ്യും
ന്യൂഡൽഹി:ഗുരുഗ്രാമിൽ റയാൻ ഇന്റർനാഷണൽ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥി പ്രത്യുമ്നൻ താക്കൂർ കൊല്ലപ്പെട്ട കേസിൽ പ്രതിയായ പ്ലസ് വൺ വിദ്യാർത്ഥിയെ മുതിർന്ന പൗരനായി കണക്കാക്കി വിചാരണ ചെയ്യും.ഗുരുഗ്രമിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റേതാണ് തീരുമാനം.കേസ് ജുവനൈൽ കോടതിയിൽ നിന്നും ജില്ലാ കോടതിയിലേക്ക് മാറ്റുകയും ചെയ്തു.ന്യൂഡൽഹി:ഗുരുഗ്രമിൽ റയാൻ ഇന്റർനാഷണൽ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥി പ്രത്യുമ്നൻ താക്കൂർ കൊല്ലപ്പെട്ട കേസിൽ പ്രതിയായ പ്ലസ് വൺ വിദ്യാർത്ഥിയെ മുതിർന്ന പൗരനായി കണക്കാക്കി വിചാരണ ചെയ്യും.ഗുരുഗ്രമിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റേതാണ് തീരുമാനം.കേസ് ജുവനൈൽ കോടതിയിൽ നിന്നും ജില്ലാ കോടതിയിലേക്ക് മാറ്റുകയും ചെയ്തു.2017 സെപ്റ്റംബർ എട്ടിനാണ് ഗുരുഗ്രമിലെ റയാൻ ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രത്യുമ്നനെ സ്കൂളിലെ ശുചിമുറിക്കുള്ളിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.