തിരുവനന്തപുരം:പുതുച്ചേരി വാഹന രെജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ നടൻ ഫഹദ് ഫാസിൽ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. ഈ കേസിൽ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഫഹദിന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അഞ്ചു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകാനും കോടതി നിർദേശിച്ചിരുന്നു. ഇതേതുടർന്നാണ് ഫഹദ് ഫാസിൽ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരായത്.രണ്ടു തവണയായി ആഡംബര കാർ വാങ്ങി നികുതിവെട്ടിച്ചു പുതുച്ചേരിയിൽ രെജിസ്റ്റർ ചെയ്‌തെന്നുമാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.സമാനമായ കേസിൽ നേരത്തെ നടൻ സുരേഷ് ഗോപിയും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നു.
ഇരിട്ടിയിൽ രണ്ടുപേരിൽ നിന്നായി ഒരുകോടി രൂപയുടെ കുഴൽപ്പണവും 10 കിലോ കഞ്ചാവും പിടികൂടി
ഇരിട്ടി:എക്‌സൈസ് സംഘം വീരാജ്പേട്ട അന്തർസംസ്ഥാനപാതയിൽ നടത്തിയ വാഹനപരിശോധനയിൽ രണ്ടുപേരിൽ നിന്നായി ഒരുകോടി രൂപയുടെ കുഴൽപ്പണവും 10 കിലോ കഞ്ചാവും പിടികൂടി.കൂട്ടുപുഴയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ കർണാടകയിൽ നിന്നും കാറിൽ വരികയായിരുന്ന പെരിങ്ങത്തൂർ സൗദേശി മുഹമ്മദിൽ നിന്നുമാണ് ഒരുകോടി അഞ്ചുലക്ഷം രൂപയുടെ കുഴൽപ്പണം കണ്ടെത്തിയത്.കാറിന്റെ ഡ്രൈവർ സീറ്റിനടിയിൽ കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം.ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്നു പണം.ഇയാളെ എക്‌സൈസ് സംഘം ഇരിട്ടി പൊലീസിന് കൈമാറി.ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് ടൂറിസ്റ്റ് ബസ്സിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവാണ് പിടികൂടിയത്.സംഭവത്തിൽ പരപ്പനങ്ങാടി സ്വദേശി പി.മുബഷീറിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.ഇയാളുടെ കയ്യിലുണ്ടായിരുന്ന ബാഗിൽ ചാക്കിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.കഞ്ചാവ് മലപ്പുറത്ത് എത്തിക്കാനായിരുന്നു മുബഷീറിന് നിർദേശം ലഭിച്ചിരുന്നത്.ബെംഗളൂരുവിൽ നിന്ന് എൻജിനീയറിങ് വിദ്യാർത്ഥിയാണ് കഞ്ചാവ് കൈമാറിയതെന്ന് മുബഷീർ പറഞ്ഞു.കഞ്ചാവ് മലപ്പുറത്ത് എത്തിച്ചാൽ കിലോയ്ക്ക് നാലായിരം രൂപവെച്ച് ലഭിക്കുമെന്നും ഇയാൾ എക്‌സൈസ് സംഘത്തോട് പറഞ്ഞു.
ആർ.കെ നഗർ ഉപതിരഞ്ഞെടുപ്പ്;എഐഎഡിഎംകെ വിമത നേതാവ് ടി.ടി.വി ദിനകരന് വിജയം
ചെന്നൈ: ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ വിമത സ്ഥാനാർഥി ടി.ടി.വി.ദിനകരനു വൻവിജയം. 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ദിനകരന്‍റെ വിജയം. ടി.ടി.വി.ദിനകരന് 89,103 വോട്ടുകളാണ് ലഭിച്ചത്. എഐഎഡിഎംകെ ഔദ്യോഗിക വിഭാഗം സ്ഥാനാർഥിയും പാർട്ടി പ്രസീഡിയം ചെയർമാനുമായ ഇ. മധുസൂദനന് 48306 വോട്ടുകളും ഡിഎംകെ സ്ഥാനാർഥി മരുത് ഗണേഷിന് 24,075 വോട്ടുകളുമാണ് ലഭിച്ചത്.ബിജെപി സ്ഥാനാർഥി കരു നാഗരാജ് നോട്ടയ്ക്കും പിന്നിലായി.നേരത്തെ, വോട്ടെണ്ണൽ കേന്ദ്രത്തിനു പുറത്ത് എഐഎഡിഎംകെ പ്രവർത്തകരും ദിനകരൻ അനുകൂലികളും തമ്മിൽ സംഘർഷം ഉടലെടുത്തതോടെ വോട്ടെടുപ്പ് തത്കാലത്തേക്കു നിർത്തിയിരുന്നു. എഐഎഡിഎംകെ വിമത സ്ഥാനാർഥിയായി മത്സരിച്ച ദിനകരന്‍റെ ലീഡ് 4500 കവിഞ്ഞതോടെയാണ് വോട്ടെണ്ണൽ കേന്ദ്രത്തിനു പുറത്ത് സംഘർഷം ഉടലെടുത്തത്.
ആർ.കെ നഗർ ഉപതിരഞ്ഞെടുപ്പ്;വോട്ടെണ്ണൽ തുടങ്ങി
ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്ക് ആർ.കെ നഗറിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയാണ് വോട്ടെണ്ണൽ ആരംഭിച്ചത്.ആദ്യഫലം അറിവായപ്പോൾ 1891 വോട്ടുമായി ടി.ടി.വി ദിനകരനാണ് ലീഡ് ചെയ്യുന്നത്. എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥി മധുസൂദനനാണ് രണ്ടാം സ്ഥാനത്ത്. ഡിഎംകെയുടെ മരുത് ഗണേഷാണ് മൂന്നാം സ്ഥാനത്ത്. പത്തുമണിയോടുകൂടി അന്തിമഫലം അറിയാനാകും.
ദിലീപിന്റെ ഹർജിയിൽ വിധിപറയുന്നത് ജനുവരി 9 ലേക്ക് മാറ്റി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ ചോർന്നു എന്നാരോപിച്ച് ദിലീപ് നൽകിയ ഹർജിയിൽ വിധി പറയുന്നത് ജനുവരി 9 ലേക്ക് മാറ്റി.അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഫയലിൽ സ്വീകരിക്കും മുന്പ് കുറ്റപത്രം ചോർന്നതിനാൽ കുറ്റപത്രം റദ്ദാക്കണമെന്നുമാണ് ദിലീപിന്‍റെ ആവശ്യം.എന്നാൽ, അന്വേഷണ സംഘത്തിന്‍റെ പക്കൽ നിന്നും കുറ്റപത്രം ചോർന്നിട്ടില്ലെന്നും, വിവരങ്ങൾ ദിലീപാണ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതെന്നുമാണ് പ്രോസിക്യൂഷന്‍റെ നിലപാട്.അതോടൊപ്പം കുറ്റപത്രത്തിലെ മൊഴികൾ പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്;15 ട്രെയിനുകൾ റദ്ദാക്കി
ന്യൂഡൽഹി:ശക്തമായ മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ 15 ട്രെയിനുകൾ റദ്ദാക്കി.കാഴ്ച അവ്യക്തമായതിനാലാണിത്.34 ട്രെയിനുകൾ വൈകിയോടുന്നുണ്ട്.നാല് ട്രെയിനുകളുടെ സമയക്രമം പുനഃക്രമീകരിക്കുകയും ചെയ്തു.യാത്രക്കാർ യാത്ര ആരംഭിക്കുന്നതിനു മുൻപ് റെയിൽവെ വെബ്സൈറ്റ് നോക്കി സമയം ഉറപ്പുവരുത്തണമെന്ന് റെയിൽവെ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസ്;സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ പോലീസ് കോടതിയിലേക്ക്
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കുറ്റപത്രത്തിലെ സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ പോലീസ് കോടതിയിലേക്ക്.താരങ്ങളുടെ മൊഴി പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണെന്നും കോടതി ഇടപെടൽ വേണമെന്നും ചൂണ്ടിക്കാട്ടി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് ഹർജി നൽകിയത്. അതേസമയം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ ചോർന്നു എന്നാരോപിച്ച് ദിലീപ് നൽകിയ പരാതിയിൽ അങ്കമാലി കോടതി ഇന്ന് വിധി പറയും . എന്നാല്‍, അന്വേഷണ സംഘത്തിന്‍റെ പക്കല്‍ നിന്നും കുറ്റപ്പത്രം ചോര്‍ന്നിട്ടില്ലെന്നും. വിവരങ്ങൾ ദിലീപാണ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതെന്നുമാണ് പ്രോസിക്യൂഷന്‍റെ നിലപാട്.
രാജസ്ഥാൻ ബസ്സപകടം;മരണം 32 ആയി
ജയ്‌പൂർ:രാജസ്ഥാനിലെ സവായ് മധേപൂരിലുണ്ടായ ബസ്സപകടത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി.നിയന്ത്രംവിട്ട ബസ്സ് പാലത്തിന്റെ കൈവരി തകർത്ത് നദിയിലേക്ക് പതിച്ചാണ് അപകടമുണ്ടായത്.ബസ്സിൽ അറുപതിലധികം യാത്രക്കാർ ഉണ്ടായിരുന്നു.ബസ് ഓടിച്ചിരുന്നത് പ്രായപൂർത്തിയാകാത്ത കണ്ടക്റ്ററാണെന്നു ആരോപണമുണ്ട്. അമിതവേഗതയിലായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിതകർത്ത് നദിയിൽ പതിക്കുകയായിരുന്നു. ഉത്തർപ്രദേശിൽ നിന്നും മധ്യപ്രദേശിൽ നിന്നുമുള്ള തീർത്ഥാടകരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്.നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
കോളജിന്‍റെ രണ്ടാംനിലയില്‍നിന്നു വീണ് വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്
തളിപ്പറമ്പ്:കോളജിന്‍റെ രണ്ടാംനിലയില്‍നിന്നു വീണ് വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്. തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനി തളിപ്പറമ്പിലെ ഫാത്തിമത്തുല്‍ നൂരിയയ്ക്കാണു (20) പരിക്കേറ്റത്.കോളജില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്കുശേഷം കൂട്ടുകാര്‍ക്കൊപ്പം മൊബൈലില്‍ ചിത്രമെടുക്കുന്നതിനിടെ അബദ്ധത്തില്‍ താഴേക്കു വീഴുകയായിരുന്നു.അപകടം നടന്ന ഉടന്‍ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. ന്യൂറോ വിഭാഗം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഫാത്തിമത്തുല്‍ നൂരിയയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
രാജസ്ഥാനിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു
ജയ്‌പൂർ:രാജസ്ഥാനിൽ ബസ് പാലത്തിൽ നിന്നും നദിയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു.24 പേർക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെ രാജസ്ഥാനിലെ സവായ് മധോപ്പൂരിലായിരുന്നു അപകടം നടന്നത്.നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരി തകർത്ത് നദിയിലേക്ക് മറിയുകയായിരുന്നു.ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് കരുതുന്നു.കാണാതായവർക്കുവേണ്ടി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.