തിരുവനന്തപുരം:പെൻഷൻ പ്രായം വർധിപ്പിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ജൂനിയർ ഡോക്റ്റർമാർ നടത്തിവന്നിരുന്ന സമരം ഒത്തുതീർപ്പായി ആരോഗ്യമന്ത്രി കെ.കെ ഷൈലജയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർന്നത്.സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതായി മന്ത്രി അറിയിച്ചു. സർവീസിൽ നിന്നും ഈ വർഷം വിരമിക്കാനിരിക്കുന്നതു 44 പേരാണ്.അടുത്ത വർഷം 16 പേരും വിരമിക്കും.പെൻഷൻ പ്രായം വർധിപ്പിച്ചതിനെ തുടർന്ന് ഇവർ വിരമിക്കാനിരിക്കുന്ന സാഹചര്യത്തിൽ ഉണ്ടാകുന്ന പ്രയാസം പരിഹരിക്കണമെന്നാണ് സമരക്കാർ പ്രധാനമായും ഉന്നയിച്ചത്.175 പുതിയ തസ്തികകൾ ആരോഗ്യവകുപ്പ് സൃഷ്ടിച്ചിട്ടുള്ളതിനാൽ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പുതുതായി പ്രവേശിക്കുന്നവർക്ക് ഉണ്ടാകില്ല എന്ന് സമരക്കാരുടെ വ്യക്തമാക്കിയതായി ആരോഗ്യമന്ത്രി പറഞ്ഞു.ഇത്തവണ ഉണ്ടാക്കിയ പുതിയ തസ്തികയ്ക്ക് പുറമെ ആർദ്രം പദ്ധതിയുടെ ഭാഗമായി കൂടുതൽ തസ്തികകൾ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. പിജി സീറ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്ന സമരക്കാരുടെ ആവശ്യവും പരിഗണിക്കുമെന്നും സമരം ചെയ്തവരോട് പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പു നൽകി.
കോഴിക്കോട്ട് നിന്നും ന്യൂ ഇയർ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന കാസർകോഡ് സ്വദേശി ബൈക്ക് അപകടത്തിൽ മരിച്ചു
നീലേശ്വരം:കോഴിക്കോട്ട് നിന്നും ന്യൂ ഇയർ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന കാസർകോഡ് സ്വദേശി ബൈക്ക് അപകടത്തിൽ മരിച്ചു.കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഓട്ടോയിലിടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് അപകടം നടന്നത്. നീലേശ്വരം കോട്ടപ്പുറത്തെ അബ്ദുൽ സലാം-നഫീസത്ത് ദമ്പതികളുടെ മകൻ നിയാസ്(19) ആണ് മരിച്ചത്.നിയസിന്റെ സുഹൃത്ത് ചായ്യോത്തെ ഇർഫാനെ(18) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് ഇരുവരും ന്യൂ ഇയർ ആഘോഷിക്കുന്നതിനായി കോഴിക്കോട്ടേക്ക് പുറപ്പെട്ടത്.ആഘോഷം കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം സംഭവിച്ചത്.
പുതുവത്സരാഘോഷങ്ങൾക്കിടെ തലസ്ഥാനത്ത് ഒരാൾ കൊല്ലപ്പെട്ടു
തിരുവനന്തപുരം:പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ തിരുവനന്തപുരത്ത് ഒരാൾ കൊല്ലപ്പെട്ടു.മാറനല്ലൂർ സ്വദേശി അരുൺജിത് ആണ് കൊല്ലപ്പെട്ടത്.വർഷങ്ങൾക്കു മുൻപ് സിഐയെ അക്രമിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട അരുൺ. ഗുണ്ടാസംഘങ്ങൾ തമ്മിലായിരുന്നു വാക്കേറ്റമെന്നാണ് സൂചന. അരുണിനോടൊപ്പമുണ്ടായിരുന്ന വണ്ടന്നൂർ സ്വദേശി അനീഷിനും വെട്ടേറ്റു.ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനം;കണ്ണൂരിൽ പത്തു സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി
കണ്ണൂർ:പ്ലാസ്റ്റിക്ക് ക്യാരി ബാഗ് നിരോധനം കർശനമാക്കിയതിന്റെ ഭാഗമായി കണ്ണൂരിൽ കടകളിൽ പരിശോധന തുടരുന്നു.നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും വീണ്ടും പ്ലാസ്റ്റിക്ക് ക്യാരി ബാഗ് വില്പനനടത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും.ഇത്തരത്തിലുള്ള പത്തു സ്ഥാപനങ്ങളുടെ ലൈസൻസ് ഇതിനകം റദാക്കിക്കഴിഞ്ഞു.കണ്ണൂരിൽ കഴിഞ്ഞ ദിവസം പ്ലാസ്റ്റിക്ക് ക്യാരി ബാഗ് വിൽപ്പന നടത്തിയതിന് ലൈസൻസ് റദ്ദാക്കിയ അപ്പൂസ് ബേക്കറി എന്ന സ്ഥാപനം ശനിയാഴ്ച വീണ്ടും തുറന്നു പ്രവർത്തിച്ചത് അധികൃതർ ഇടപെട്ട് തടഞ്ഞു.വെള്ളിയാഴ്ചയാണ് കടയുടെ ലൈസൻസ് റദ്ദാക്കിയത്.എന്നാൽ പഞ്ചായത്തില്‍ 5000 രൂപ പിഴയൊടുക്കുകയും പുതിയ ലൈസന്‍സിന് അപേക്ഷ നല്‍കുകയും ചെയ്ത കടയുടമ, ശനിയാഴ്ച രാവിലെ വീണ്ടും തുറക്കുകയായിരുന്നു. ഇക്കാര്യം നാട്ടുകാര്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് ഉച്ചയോടെ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്തില്‍ വീണ്ടും കട അടപ്പിച്ചു.വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഇരിട്ടിയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്
ഇരിട്ടി:കണ്ണൂർ ഇരിട്ടിയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിനു നേരെ ആക്രമണം. നടുവനാട് ശാരീരിക് ശിക്ഷൺ പ്രമുഖ് വിഷ്ണുവിന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. പുലർച്ചെ മൂന്നു മണിയോടെയായാണ് സംഭവം.ബോംബേറിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്.പോലീസും ബോംബ് സ്ക്വാർഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെ തുടർന്ന് സ്ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
സംഘർഷ സാധ്യത കണക്കിലെടുത്ത് പുതുവത്സരാഘോഷങ്ങൾക്ക് ജില്ലയിൽ പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി
കണ്ണൂർ:ജില്ലയിലെ നിലവിലുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് പുതുവർഷാഘോഷങ്ങൾക്ക് പോലീസ് കർശന നിയന്ത്രണമേർപ്പെടുത്തി.ജില്ലയിൽ ഇന്നും നാളെയുമായി പോലീസ് നൈറ്റ് പട്രോളിംഗും വാഹന പരിശോധനയും ശക്തമാക്കും.രാത്രികാല പുതുവർഷാഘോഷങ്ങൾക്ക് ഉൾപ്പെടെ പോലീസ് മൈക്ക് പെർമിഷൻ അനുവദിക്കില്ല.പോലിസിന്‍റെ അനുമതിയില്ലാതെ പുതുവർഷാഘോഷങ്ങൾ സംഘടിപ്പിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കുമെതിരേ കർശന നടപടിയെടുക്കും.ഉച്ചഭാഷിണി പിടിച്ചെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്.ന്യൂ ഇയർ ആഘോഷത്തിന്‍റെ മറവിലുള്ള പടക്ക വിൽപ്പനയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉഗ്രസ്ഫോടക ശബ്ദമുള്ള കരിമരുന്നുപയോഗം കർശനമായി നിരോധിക്കും. പൊതുജനങ്ങൾക്കുൾപ്പെടെ ശല്യമാകുന്ന രീതിയിലുള്ള പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങൾ പൂർണമായും നിയന്ത്രിക്കും. നിലവിൽ രാഷ്ട്രിയ സംഘർഷം അരങ്ങേറിയ പ്രദേശങ്ങളിലും സംഘർഷ സാധ്യതയുള്ള മറ്റ് പ്രദേശങ്ങളിലും പോലീസ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശമദ്യമുൾപ്പെടെയുള്ള ലഹരിവസ്തുക്കളും സ്ഫോടക വസ്തുക്കളും മറ്റും ജില്ലയിലേക്ക് കടത്തികൊണ്ടു വരുന്നത് തടയാൻ അതിർത്തികളിൽ വാഹന പരിശോധന ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.
ബസ് ചാർജ് വർധിപ്പിച്ചില്ലെങ്കിൽ സമരം-ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ
കണ്ണൂർ:ബസ് ചാർജ് വർധിപ്പിച്ച് വ്യവസായത്തെ സംരക്ഷിക്കാനാവശ്യമായ അടിയന്തരനടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരത്തിലേക്കു നീങ്ങേണ്ടിവരുമെന്നും കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്‍റെ സ്റ്റിയറിംഗ് കമ്മിറ്റിയോഗം സർക്കാരിനു മുന്നറിയിപ്പ് നൽകി.സംസ്ഥാനത്തെ ബസുടമാസംഘടനകൾ സെപ്റ്റംബർ 14ന് പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം മാറ്റിവച്ചത് ബസ് ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ഒരു കമ്മീഷനെ നിയമിക്കാം എന്ന സർക്കാരിന്‍റെ ഉറപ്പിനെത്തുടർന്നായിരുന്നു. കമ്മീഷനെ നിയമിച്ചെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും റിപ്പോർട്ട് നൽകിയിട്ടില്ല.ഈ സാഹചര്യത്തിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ജില്ലയിലെ നൂറ് കണക്കിന് ബസുടമകൾ അവരുടെ സർവീസുകൾ നിർത്തിവയ്ക്കുകയോ കിട്ടിയകാശിന് വിറ്റുപോവുകയോ ചെയ്യുകയാണ്.അടുത്ത റോഡ് ടാക്സ് അടയ്ക്കാനുള്ള സമയമാകുന്പോഴേക്കും കുറെ ബസുകൾകൂടി സർവീസ് നിർത്താനുള്ള സാഹചര്യമാണ് നിലനിൽക്കുന്നതെന്നു യോഗം ചൂണ്ടിക്കാട്ടി. 2018 വർഷത്തെ ബസുടമാ-തൊഴിലാളി പാസ് ജനുവരി 31 നുള്ളിൽ കൊടുത്തു പൂർത്തീകരിക്കേണ്ടതിനാൽ ബസുടമകളുടെയും അവരുടെ തൊഴിലാളികളുടെയും രണ്ട് വീതം സ്റ്റാന്പ് സൈസ് ഫോട്ടോ സഹിതം അപേക്ഷകൾ ജനുവരി പത്തിനുള്ളിൽ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്‍റെ ഓഫീസിൽ ബന്ധപ്പെട്ടവർ എത്തിക്കണമെന്നും യോഗം നിർദേശിച്ചു.
കണ്ണൂർ പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട പ്രതി കോഴിക്കോട് പിടിയിൽ
കണ്ണൂർ:കണ്ണൂർ ടൌൺ പോലീസ് സ്റ്റേഷനിൽ നിന്നും വനിതാ പോലീസിനെ തള്ളിമാറ്റി രക്ഷപ്പെട്ട പ്രതിയെ കോഴിക്കോട് നിന്നും പിടികൂടി.വ്യാപാരികളിൽ നിന്നും പണത്തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ ചിറക്കരയിലെ എ.കെ സഹീറാണ് പിടിയിലായത്.മൂന്നു ദിവസം മുൻപാണ് ഇയാൾ ടൌൺ പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടത്.ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ അടിസ്ഥാനമാക്കി ടൌൺ എസ്‌ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.ഇയാൾ മാഹിയിൽ നിന്നും കാസർകോട്ടേക്കും പിന്നീട് കോഴിക്കോട്ടേക്കും യാത്ര ചെയ്തതായി കണ്ടെത്തിയ പോലീസ് കോഴിക്കോട്ടെത്തി വിവിധ ലോഡ്ജുകളിൽ പരിശോധന നടത്തുകയായിരുന്നു.പിന്നീട് ഒരു അനാഥാലയത്തിൽ ഇയാൾ ഒളിച്ചു താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചു.ഇവിടെ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.അറസ്റ്റ് ചെയ്ത സഹീറിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.എഎസ്ഐ ബാബു ജോൺ,സഞ്ജയ്,രാജേഷ്,സന്തോഷ്,ജിതേഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
കണ്ണൂരിൽ ബിജെപി പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ
കണ്ണൂർ:കണ്ണൂർ മാലൂരിൽ ബിജെപി പ്രവർത്തകരെ കാർ തടഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിലായി.ശിവപുരം ലോക്കൽ സെക്രെട്ടറി കേളോത്ത് ഗോവിന്ദൻ,മനോഹരൻ എന്നിവരാണ് അറസ്റ്റിലായത്.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഈ മാസം 19 ന് രാത്രിയാണ് ബിജെപി മട്ടന്നൂർ നിയോജകമണ്ഡലം പ്രെസിഡന്റടക്കം അഞ്ചുപേർക്ക് വെട്ടേറ്റത്.
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ജൂനിയർ ഡോക്റ്റർമാർ നാളെ മുതൽ നിരാഹാര സമരത്തിലേക്ക്
തിരുവനന്തപുരം:സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ജൂനിയർ ഡോക്റ്റർമാർ നാളെ മുതൽ നിരാഹാര സമരത്തിലേക്ക്.ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെയാണ് മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം തുടങ്ങിയത്.എന്നാൽ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കാത്ത സാഹചര്യത്തിലാണ് നിരാഹാരം സമരം ആരംഭിക്കാൻ ഡോക്റ്റർമാർ തീരുമാനിച്ചത്.രണ്ട് ദിവസമായിട്ടും സമരം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് നാളെ മുതല്‍ നിരാഹാര സമരം തുടങ്ങുന്നതെന്ന് കേരള മെഡിക്കല്‍ ജോയിന്‍റ് ആക്ഷന്‍ കൌണ്‍സില്‍ അറിയിച്ചു.നിലവില്‍ ഒപിയും വാര്‍ഡുകളും ബഹിഷ്കരിച്ചാണ് സമരം നടത്തുന്നത്.സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നത് നീണ്ടുപോയാല്‍ അത്യാഹിത വിഭാഗവും ബഹിഷ്കരിച്ചുകൊണ്ട് സമരത്തിലേക്കിറങ്ങുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം രോഗികള്‍ക്ക് പ്രയാസമുണ്ടാകാതിരിക്കാന്‍ അവധിയില്‍ പോയ ഡോക്ടര്‍മാരെ തിരിച്ചുവിളിച്ചും ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ക്ക് അവധി നല്‍കാതെയുമാണ് നിലവിൽ ഒപികള്‍ പ്രവര്‍ത്തിക്കുന്നത്.