ന്യൂഡൽഹി:വ്യോമയാന മന്ത്രാലയത്തിന്റെ ‘ഉഡാൻ’ പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂരിൽ നിന്നും രാജ്യത്തെ എട്ടു നഗരങ്ങളിലേക്ക് ചെറുവിമാന സർവീസ് തുടങ്ങും.വിമാനത്താവളം പ്രവർത്തനമാരംഭിക്കുന്ന ദിവസം തന്നെ ഈ സർവീസുകളും തുടങ്ങാനാണ് പദ്ധതി.ചെലവ് കുറഞ്ഞ വിമാന സർവീസുകൾക്കായുള്ള ‘ഉഡാൻ’ പദ്ധതിയിൽ കേരളത്തിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിനെ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.കണ്ണൂരിൽ നിന്നും ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് സ്‌പൈസ് ജെറ്റ്,ഇൻഡിഗോ എന്നീ വിമാനങ്ങളാണ് സർവീസ് നടത്തുക.മുംബൈ,ഹിന്റൻ,ഹുബ്ബള്ളി,ജോയ്,കൊച്ചി,തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഇൻഡിഗോയും ബെംഗളൂരു,ചെന്നൈ നഗരങ്ങളിലേക്ക് സ്‌പൈസ് ജെറ്റ് ആഴ്ചയിൽ 14 സർവീസുകളും ഇൻഡിഗോ ആഴ്ചയിൽ 7 സർവീസുകളും നടത്തും.ബാക്കി ആറു നഗരങ്ങളിലേക്ക് ഇൻഡിഗോ ആഴ്ചയിൽ ഏഴ് വീതം സർവീസുകളാണ് നടത്തുക.
കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് ദുബായിലെ കമ്പനിയിൽ നിന്നും കോടികൾ തട്ടിയെടുത്തതായി പരാതി
തിരുവനന്തപുരം:കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി 13 കോടി രൂപ തട്ടിയതായി പരാതി. ദുബൈയിലെ ടൂറിസം കമ്പനിയില്‍ നിന്ന് പണം വാങ്ങി തിരിച്ചടയ്ക്കാതെ മുങ്ങിയ ബിനോയ്‌ക്കെതിരെ ഇന്റര്‍പോളിനെ സമീപിച്ചിരിക്കുകയാണ് പരാതിക്കാര്‍. ദുബൈയില്‍ ബിസിനസ് നടത്തുകയായിരുന്ന ബിനോയ് കോടിയേരി ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം കമ്പനിയില്‍ നിന്ന് പലതവണയായി 8 കോടി രൂപ വായ്പയെടുത്ത് മുങ്ങിയെന്നാണ് പരാതി.ജാസ് കമ്പനി മേധാവി ഹസ്സൻ ഇസ്മായീൽ ആണ് പരാതി നൽകിയിരിക്കുന്നത്.തന്റെ ബിസിനെസ്സ് പങ്കാളിയായ രാഹുൽ കൃഷ്ണന്റെ സഹായത്തോടെ കാർ വാങ്ങുന്നതിനായി 313200 ദിർഹവും വായ്‌പ്പാ എടുത്തിരുന്നതായും പരാതിയിൽ പറയുന്നു. പണം തിരിച്ചുവാങ്ങാനായി കോടിയേരി ബാലകൃഷ്ണനെയടക്കം നേരില്‍ കണ്ട് സംസാരിച്ചു. പണം നല്‍കാന്‍ കോടിയേരി നല്‍കിയ അവധിയും തെറ്റിയതോടെയാണ് കമ്പനി കേസ് കൊടുത്തത്. പ്രശ്‌നപരിഹാരത്തിന് സിപിഎം കേന്ദ്രനേതൃത്വത്തേയും കമ്പനി അധികൃതര്‍ സമീപിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച് പരാതികളൊന്നും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.തന്റെ കമ്പനിക്ക് പുറമെ നിരവധി ആളുകളിൽ നിന്നും ബിനോയ് പണം വാങ്ങിയിട്ടുണ്ടെന്നും തുടർന്ന് പണം മടക്കി നൽകാതെ ഇന്ത്യയിലേക്ക് മുങ്ങുകയായിരുന്നുവെന്നും ഇയാൾക്കെതിരെ അഞ്ചു കേസുകൾ രാജ്യത്തുണ്ടെന്നും പരാതിക്കാർ ആരോപിച്ചു.
മലപ്പുറം വളാഞ്ചേരിയിൽ ടാങ്കർ ലോറി മറിഞ്ഞു; നാട്ടുകാരെ ഒഴിപ്പിക്കുന്നു
മലപ്പുറം:തൃശൂർ-കോഴിക്കോട് ദേശീയ പാതയിൽ വളാഞ്ചേരി വട്ടപ്പാറ വളവിൽ ടാങ്കർ ലോറി മറിഞ്ഞു.ബുധനാഴ്ച രാത്രി ഏഴരയോടെ കൊച്ചിയിലേക്ക് പാചകവാതകം കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്.ടാങ്കറിൽ നിന്നും വാതകം ചോരുന്നുണ്ടെന്ന ആശങ്കയെ തുടർന്ന് പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിച്ചു വരികയാണ്.വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് തൃശൂർ-കോഴിക്കോട് ഹൈവേയിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ചെറുപുഴയിൽ മാതാപിതാക്കളെയും വിദ്യാർത്ഥിനിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി
ചെറുപുഴ:ചെറുപുഴയിൽ മാതാപിതാക്കളെയും വിദ്യാർത്ഥിനിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി.ചെറുപുഴ ചന്ദ്രവയൽ വെള്ളരിക്കുന്നിലെ ബാർബർ തൊഴിലാളിയായ രാഘവൻ(55),ഭാര്യ ശോഭ(45),മകൾ തൃശ്ശൂരിലെ സ്വകാര്യ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയായ ഗോപിക(18) എന്നിവരെയാണ് ഇന്ന് ഉച്ചയോടെ വീടിനകത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. രാഘവന്റെ മൂത്ത മകൻ ജിതിൻ മാസങ്ങൾക്ക് മുൻപ് തൂങ്ങിമരിച്ചിരുന്നു.ഇതിനു ശേഷം ഇവർ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.രാഘവന്റെയും ശോഭയുടെയും മൃതദേഹം കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലും ഗോപികയെ കിടക്കയിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാലിത്തീറ്റ കുംഭകോണം;മൂന്നാമത്തെ കേസിലും ലാലു കുറ്റക്കാരൻ;അഞ്ചു വർഷം തടവ്
റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസിലും ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. റാഞ്ചിയിലെ സിബിഐ കോടതിയാണ് ഈ കേസിലും ലാലു കുറ്റക്കാരനാണെന്നു വിധിച്ചത്. മുൻ ബീഹാർ മുഖ്യമന്ത്രി ജഗനാത് മിശ്രയും കേസിൽ കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കി.കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് ലാലുവിനെതിര രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ ലാലു പ്രസാദ് യാദവിന് കോടതി അഞ്ചു വർഷം തടവ് വിധിച്ചു.റാഞ്ചി കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ലാലുവിന്‍റെ മകൻ തേജസ്വി യാദവ് പറഞ്ഞു.നേരത്തെ ആദ്യ രണ്ടു കേസുകളിൽ ലാലു കുറ്റക്കാരനാണെന്ന് കണ്ട് കോടതി ശിക്ഷ വിധിച്ചിരുന്നു.രണ്ടാമത്തെ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ലാലുവിന്റെ ജാമ്യാപേക്ഷ ജാർഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.900 കോടി രൂപയുടെ തട്ടിപ്പ് നടന്ന കാലിത്തീറ്റ കുംഭകോണത്തിലെ ആറു കേസുകളിലാണ് ലാലു പ്രതിയായിട്ടുള്ളത്.
നടൻ ശ്രീനിവാസന്റെ ആരോഗ്യ നില തൃപ്തികരം; നാളെ ആശുപത്രി വിടും
കൊച്ചി:ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.അദ്ദേഹത്തിന് മറ്റ് അസുഖങ്ങളാണെന്ന് കാണിച്ച് പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ശ്രീനിവാസന്റെ മകനും നടനുമായ വിനീത് ശ്രീനിവാസൻ പ്രതികരിച്ചു.ബ്ലഡ് ഷുഗർ ലെവലിൽ ഉണ്ടായ വ്യത്യാസം കാരണമാണ് അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടുവന്നതെന്നും ഇന്നൊരു ദിവസം ഇവിടെ തുടർന്ന് നാളെ ഡിസ്ചാർജ് ചെയ്യുമെന്നും വിനീത് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.ശ്രീനിവാസനെ പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്.
താലപ്പൊലി ഘോഷയാത്രയ്ക്കിടെ ഷോക്കേറ്റ് പയ്യന്നൂർ സ്വദേശി മരിച്ചു
ചൊക്ലി:ചൊക്ലി നിടുമ്പ്രം മുച്ചിലോട്ട് കാവ് താലപ്പൊലി ഘോഷയാത്രയ്ക്കിടെ ഷോക്കേറ്റ് പയ്യന്നൂർ സ്വദേശി മരിച്ചു.കുഞ്ഞിമംഗലം സ്വദേശി മഹേഷാണ് മരിച്ചത്. ഘോഷയാത്രയിൽ പ്രദർശിപ്പിച്ച കാഴ്ചപ്ലോട്ടിൽ നിന്നും വൈദ്യുതാഘാതമേറ്റാണ് മരിച്ചത്.’വിസ്മയം കുഞ്ഞിമംഗലം’ എന്ന പേരിൽ ഉത്സവങ്ങൾക്ക് കാഴ്ച ശിൽപ്പങ്ങൾ നിർമിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനം നടത്തി വരികയായിരുന്നു മഹേഷ്.നല്ലൊരു ശിൽപി കൂടിയാണ്.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ കൂത്തുപറമ്പ് സ്വദേശിക്ക് ഒരുകോടി രൂപ സമ്മാനം
കണ്ണൂർ: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ കൂത്തുപറമ്പ് സ്വദേശിക്ക് ഒരു കോടിയുടെ സമ്മാനം. ദുബായിയിൽ വസ്ത്രവ്യാപാരിയായ ചെമ്പയിൽ ഷംസുദീനാണ് 45 ലക്ഷം രൂപ വിലവരുന്ന ഇൻഫിനിറ്റ് കാറും 55 ലക്ഷം രൂപയും സമ്മാനമായി ലഭിച്ചത്.21 വർഷമായി ദുബായിയിൽ ബിസിനസ് നടത്തുന്ന ഷംസുദ്ദീൻ നിരവധി തവണ ഫെസ്റ്റിവലിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നത്.ദുബായ് ഗ്ലോബൽ വില്ലേജിൽ നടന്ന ചടങ്ങിൽ ദുബായ് ടൂറിസം വകുപ്പ് സിഇഒ അബ്ദുള്ളയാണ് നറുക്കെടുപ്പിലൂടെ സമ്മാനം പ്രഖ്യാപിച്ചത്.
പക്ഷാഘാതത്തെ തുടർന്ന് നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി:പക്ഷാഘാതത്തെ തുടർന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ഐസിയുവിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചു.പക്ഷാഘാതത്തെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ എത്തിച്ചതെന്നും കൂടുതൽ പരിശോധനയ്ക്കായാണ് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക് തുടങ്ങി
തിരുവനന്തപുരം:ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മോട്ടോർ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന വാഹനപണിമുടക്ക് തുടങ്ങി.രാവിലെ ആറുമുതൽ വൈകുന്നേരം ആറുമണി വരെയാണ് പണിമുടക്ക്.ഓട്ടോ,ടാക്സി,സ്വകാര്യ ബസ്,ലോറി,ടാങ്കർ ലോറി,എന്നിവയ്‌ക്കൊപ്പം കെഎസ്ആർടിസി ബസുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.സ്പെയർ പാട്സുകൾ വിൽക്കുന്ന കടകൾ, വർക്ക് ഷോപ്പുകൾ എന്നിവയും അടച്ചിടും. കേരള സർവകലാശാല, എംജി സർവകലാശാല, ആരോഗ്യസർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. അതേസമയം പിഎസ്സി പരീക്ഷകൾക്കു മാറ്റമില്ല.