മട്ടന്നൂർ:മട്ടന്നൂർ കോടതിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോട് കൂടിയായിരുന്നു അപകടം. എസ്എഫ്ഐ തലശ്ശേരി ഏരിയ വൈസ് പ്രെസിഡന്റും ഡിവൈഎഫ്ഐ മുഴപ്പിലങ്ങാട് മേഖല കമ്മിറ്റി അംഗവുമായ കൂടക്കടവ് ചേറാലക്കണ്ടി താഹിറ മൻസിലിൽ പി.കെ ഹർഷാദ്(22),സഹയാത്രികൻ തലശ്ശേരി റോയൽ റോബ്‌സിലെ സെയിൽസ്മാൻ എം.എം റോഡിൽ നെങ്ങതാൻ ഹൗസിൽ കെ.എം മുഹമ്മദ് സഫ്‌വാൻ(21) എന്നിവരാണ് മരിച്ചത്.കൂരൻമുക്കിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ബൈക്കിൽ പുറപ്പെട്ടതാണ് ഇരുവരും.റോഡിൽ തെറിച്ചു വീണ ഇവരെ നാട്ടുകാർ ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം കണ്ണൂർ എ കെ ജി സഹകരണാശുപത്രി മോർച്ചറിയിൽ.
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം:ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കിളിമാനൂര്‍ സ്വദേശി സുകുമാരന്‍ നായര്‍, ഭാര്യ ആനന്ദവല്ലി, ഇവരുടെ ഏകമകന്‍ സനാതനന്‍ എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.മരിക്കുന്നതിന് മുൻപായി ഇവർ പോലീസ് സ്റ്റേഷനിലേക്കയച്ച ആത്മഹത്യാക്കുറിപ്പില്‍ നിന്നാണ് പോലീസ് വിവരമറിഞ്ഞത്. തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി തന്നെ പോലീസ് സംഘം ശാസ്തമംഗലത്തെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മൂന്നു പേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പിന്നീട് പോലീസ് നടത്തിയ പരിശോധനയില്‍ മരണാനന്തര ചടങ്ങുകള്‍ക്കായി മാറ്റിവച്ച പണവും കണ്ടെത്തി. ഈ പണത്തെക്കുറിച്ച് ഇവരുടെ ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല.പൊതുമരാമത്ത് വകുപ്പില്‍ നിന്നും വിരമിച്ച കിളിമാനൂര്‍ സ്വദേശി സുകുമാരന്‍ നായരും കുടുംബവും അയല്‍വാസികളുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബന്ധുക്കളുമായും ഇവര്‍ക്ക് വലിയ അടുപ്പമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ കഴിഞ്ഞദിവസം രാത്രി പോലീസ് എത്തിയപ്പോഴാണ് അയല്‍വാസികള്‍ പോലും സംഭവമറിഞ്ഞത്.
മലയാളികളടക്കം 22 ഇന്ത്യൻ നാവികരുമായി പോയ എണ്ണക്കപ്പൽ കാണാതായി
ആഫ്രിക്ക:മലയാളികളടക്കം 22 ഇന്ത്യൻ നാവികരുമായി പോയ എണ്ണക്കപ്പൽ കാണാതായി. വടക്കൻ ആഫ്രിക്കൻ രാജ്യമായ ബെനിനിൽ നിന്നാണ് എം.ടി മീരാൻ എന്ന കപ്പൽ കാണാതായിരിക്കുന്നത്.ജനുവരി 30 നാണ് ബെനിൻ സമുദ്രാതിർത്തിയിലേക്ക് കപ്പൽ പ്രവേശിച്ചത്.പിറ്റേദിവസം കപ്പൽ കാണാതാവുകയായിരുന്നു. പനാമയിൽ രജിസ്റ്റർ ചെയ്ത 52 കോടിയുടെ ഇന്ധനമാണ് കപ്പലിൽ ഉണ്ടായിരുന്നത്.കാസർകോഡ് ഉദുമ പേരിലവളപ്പിലെ ശ്രീ ഉണ്ണിയും കോഴിക്കോട് സ്വദേശിയുമായ ജീവനക്കാരനുമാണ് കാണാതായ കപ്പലിലുള്ള രണ്ട് മലയാളികൾ.കടൽക്കൊള്ളക്കാർ കപ്പൽ തട്ടിയെടുത്തതാകാമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിട്ടുണ്ട്.രാജ്യത്തുടനീളം നാവിക പരിശീലന കേന്ദ്രങ്ങളുള്ള മുംബൈയിലെ ഈസ്റ്റ് അന്ധേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ആംഗ്ലോ ഈസ്റ്റേൺ ഷിപ് മാനേജ്‌മെന്റ് കമ്പനിയുടെ ജീവനക്കാരാണ് കാണാതായ കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും.ജീവനക്കാരുമായി ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യത്തിൽ കപ്പലിന് എന്ത് സംഭവിച്ചുവെന്ന് ഉറപ്പിക്കാനാകില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
സപ്ലൈക്കോയിലൂടെ വിതരണം ചെയ്യുന്ന മട്ട അരിയിൽ മായം കലർന്നതായി ആരോപണം
മലപ്പുറം:സപ്ലൈക്കോയിലൂടെ വിതരണം ചെയ്യുന്ന മട്ട അരിയിൽ മായം കലർന്നതായി ആരോപണം.സാധാരണ അരിയിൽ റെഡ് ഓക്‌സൈഡ് പോലുള്ള മാരക വിഷപദാർത്ഥങ്ങൾ പൂശിയാണ് മട്ട അരിയാക്കുന്നതെന്നാണ് ആരോപണം.കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിൽ വിതരണം ചെയ്ത അരി ഇത്തരത്തിലുള്ളതാണെന്ന് ആന്റി ബ്ലേഡ് ആക്ഷൻ ഫോറം ഭാരവാഹികൾ തെളിവ് സഹിതം ചൂണ്ടിക്കാട്ടി.മട്ട എന്നപേരിൽ പൊതുവിതരണ കേന്ദ്രങ്ങളിലും മാവേലി സ്റ്റോറുകളിലും കളർ മുക്കിയ മോശം അരിയാണ് വിതരണം ചെയ്യുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ കർഷകരിൽ നിന്നും സംഭരിക്കുന്ന നെല്ലടക്കം മറിച്ചു വിറ്റാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.സർക്കാർ സ്വകാര്യ മില്ലുടമകളെ ഏൽപ്പിക്കുന്ന നെല്ല് മില്ലുടമകൾ വൻവിലയ്ക്ക് സ്വകാര്യ മൊത്തക്കച്ചവടക്കാർക്ക് മറിച്ച് വിൽക്കുകയാണ്.തുടർന്ന് അന്യസംസ്ഥാനങ്ങളിൽ നിന്നും സംഭരിക്കുന്ന ഗുണനിലവാരം കുറഞ്ഞ അരി കളർ മുക്കി മട്ട അരി എന്ന വ്യാജേന സപ്പ്ളൈക്കോയ്ക്ക് തിരിച്ചു നൽകുകയുമാണ് ചെയ്യുന്നത്. മാരക വിഷപദാർത്ഥങ്ങൾ അടങ്ങിയ ഈ അരി കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനാൽ ഇവയുടെ വിൽപ്പന തടയണമെന്നും സപ്പ്ളൈക്കോ ഗോഡൗണുകളിൽ അവശേഷിക്കുന്ന അരി പിടിച്ചെടുക്കണമെന്നും ആന്റി ബ്ലെയ്‌ഡ് ആക്ഷൻ ഫോറം മലപ്പുറം സെക്രെട്ടറി പി.അബ്ദു ആവശ്യപ്പെട്ടു.
കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി
കണ്ണൂർ:കണ്ണൂരിൽ പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന പുതിയ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. കണ്ണൂരിലെ വിവിധ സ്ഥലങ്ങളില്‍ ജോലി വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് മട്ടന്നൂര്‍ സ്വദേശിയും തലശേരി കണ്‍ട്രോള്‍ റൂമിലെ പൊലീസ് ഉദ്യോഗസ്ഥനുമായ ബൈജു എന്ന പോലീസ് ഉദ്യോഗസ്ഥന്‍ പലരില്‍ നിന്നും പണം വാങ്ങിയതായാണ് ആരോപണം.ഇതിനു പിന്നില്‍ വന്‍ മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നതായും സൂചനയുണ്ട്. വിമാനത്താവളത്തിലെ ജോലിക്കായി തലശേരി സ്വദേശിയില്‍ നിന്നും ഇയാള്‍ മൂന്ന് ലക്ഷം രൂപ കൈപ്പറ്റുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്.
അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ്;ഇന്ത്യ ജേതാക്കൾ
ക്രൈസ്റ്റ്ചർച്ച്:അണ്ടർ-19 ലോകകപ്പിൽ ഇന്ത്യ വീണ്ടും ചാമ്പ്യന്മാരായി. ഇത് നാലാം തവണയാണ് കൗമാര ലോകകപ്പിൽ ഇന്ത്യ വിശ്വകിരീടം ഉയർത്തുന്നത്. ഫൈനലിൽ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തകർത്താണ് ഇന്ത്യയുടെ കിരീടനേട്ടം.ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 47.2 ഓവറിൽ 216 റണ്‍സിന് ഓൾഔട്ടാവുകയായിരുന്നു.തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 38.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.ഇടംകൈയൻ ഓപ്പണർ മൻജോത് കൽറയുടെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. 101 റണ്‍സുമായി പുറത്താകാതെ നിന്ന മൻജോത് കളിയിലെ താരവുമായി.102 പന്തിൽ എട്ട് ഫോറും രണ്ടു സിക്സും അടങ്ങിയതായിരുന്നു മൻജോതിന്‍റെ ഇന്നിംഗ്സ്. 47 റണ്‍സുമായി ഹാർവിക് ദേശായിയും പുറത്താകാതെ നിന്നു. ലോകകപ്പിൽ മിന്നുന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ പുത്തൻ താരോദയം ശുബ്മാൻ ഗില്ലാണ് പ്ലെയർ ഓഫ് ദ ടൂർണമെന്‍റ്. ഗിൽ 374 റൺസാണ് ലോകകപ്പിൽ അടിച്ചു കൂട്ടിയത്.
കൊൽക്കത്തയിൽ അമിത വേഗതയിൽ വന്ന ബസ്സിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
കൊൽക്കത്ത:കൊൽക്കത്തയിലെ തിരക്കേറിയ ഈസ്റ്റേൺ മെട്രോപൊളിറ്റൻ ബൈപാസ്സിലുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു.ശനിയാഴ്ച രാവിലെയാണ് സംഭവം.അമിത വേഗതയിലായിരുന്ന ബസ് ട്രാഫിക്ക് സിഗ്നൽ മറികടക്കാനുള്ള ശ്രമത്തിനിടെ കോളേജ് വിദ്യാർത്ഥികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.സഞ്ജയ് ബോനു,ബിസ്‍ജിത് ഭൂനിയ എന്നിവരാണ് മരിച്ചത്.അപകടത്തെ തുടർന്ന് പ്രകോപിതരായ ജനങ്ങൾ പോലീസിനും വാഹനത്തിനും നേരെ കല്ലെറിഞ്ഞു.നാല് വാഹനങ്ങൾ ജനക്കൂട്ടം കത്തിച്ചു.ഒരു പോലീസ് വാഹനത്തിനും ഫയർ എൻജിനും തീയിടുകയും ചെയ്തു.സംഘർഷത്തെ തുടർന്ന് മണിക്കൂറുകളോളം പോലീസ് റോഡ് അടച്ചിട്ടു.
കാസർകോട്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്;രണ്ടുപേരുടെ നില ഗുരുതരം
കാസർകോഡ്:കുമ്പള ആരിക്കാടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.മംഗളൂരുവിൽ നിന്നും കാസർകോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറും കാസർകോഡ് ഭാഗത്തു നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന ആൾട്ടോ കാറുമാണ് കൂട്ടിയിടിച്ചത്.ആൾട്ടോ കാറിലിടിച്ച സ്വിഫ്റ്റ് നിയന്ത്രണം വിട്ട് സമീപത്തെ മരത്തിലിടിക്കുകയായിരുന്നു.പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അണ്ടർ 19 ലോകകപ്പ് ഫൈനൽ; ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യക്ക് 217 റൺസ് വിജയലക്ഷ്യം
ക്രൈസ്റ്റ്ചർച്ച്:ഐസിസി അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്‌ട്രേലിയക്കതിരെ ഇന്ത്യക്ക് 217 റൺസ് വിജയലക്ഷ്യം.ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 47.2 ഓവറിൽ 216 റൺസിന് എല്ലാവരും പുറത്തായി.ജോനാഥൻ മെർലോയുടെ (76) ഇന്നിഗ്‌സാണ് ഓസ്‌ട്രേലിയയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.ഇന്ത്യക്കായി ഇഷാന്‍ പെരേലും ശിവ സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ഇന്ത്യന്‍ സമയം രാവിലെ 6.30നാണ് മത്സരം ആരംഭിച്ചത്.ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ജാസൺ സംഗ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.മത്സരത്തില്‍ തോല്‍വി അറിയാതെയാണ് രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിലുള്ള ടീം ഫൈനല്‍ വരെ എത്തിയത്. ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നൂറ് റണ്‍സിന് ആസ്‍ത്രേലിയയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.ഇന്നു വിജയിക്കാനായാല്‍ കൗമാര ലോകകപ്പ് നാലു തവണ നേടുന്ന ഏക ടീമായി ഇന്ത്യമാറും. ഇന്ത്യയും ഓസ്‌ട്രേലിയയും മൂന്നു തവണ വീതം ലോകകിരീടം നേടിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യമത്സരവും അവസാന മത്സരവും ഓസ്‌ട്രേലിയയ്‌ക്കെതിരെയാണെന്ന പ്രത്യേകതയും ഇന്നത്തെ പോരാട്ടത്തിനുണ്ട്.
നടിയെ ആക്രമിച്ച കേസ്;തെളിവുകളുടെയും രേഖകളുടെയും പട്ടിക പോലീസ് കോടതിയിൽ സമർപ്പിച്ചു
കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തെളിവുകളുടെയും രേഖകളുടെയും പട്ടിക തയ്യാറാക്കി പോലീസ് കോടതിയിൽ സമർപ്പിച്ചു.നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഒഴികെയുള്ള മറ്റു സിസിടിവി ദൃശ്യങ്ങൾ,പെൻഡ്രൈവ്,സിഡി തുടങ്ങി 760 തെളിവുകളുടെ പട്ടികയാണ് പോലീസ് അങ്കമാലി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.വിചാരണ വേളയിൽ തെളിവായി ഉപയോഗിക്കുന്നവരുടെ പട്ടികയും സത്യവാങ്മൂലവുമാണ് കോടതിയിൽ നൽകിയത്. കേസിലെ പ്രതിയായ ദിലീപ് രേഖകൾ ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിച്ച കോടതി കേസിലെ മുഴുവൻ തെളിവുകളുടെയും രേഖകളുടെയും പട്ടിക തയ്യാറാക്കി നല്കാൻ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു.അതേസമയം നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ചിരിക്കുന്ന ഹർജി കോടതി അഞ്ചാം തീയ്യതി പരിഗണിക്കും.