മറയൂർ:തക്കാളിക്ക് വിലയിടിയുന്നു.അതിർത്തിക്കപ്പുറം തക്കാളിയുടെ വില രണ്ടു രൂപയിലേക്ക് താഴ്ന്നു.ബുധനാഴ്ച ഉടുമലൈ ചന്തയിൽ 14 കിലോയുടെ ഒരു തക്കാളിപ്പെട്ടിക്ക് 30 രൂപ മാത്രമാണ് കർഷകന് ലഭിച്ചത്.ഇതോടെ കർഷകർ തക്കാളി വിളവെടുക്കാതെ കൃഷിയിടങ്ങളിൽ തന്നെ ഉപേക്ഷിക്കുകയാണ്. തക്കാളിയുടെ വിളവെടുപ്പ് കൂലിയും ചന്തയിൽ എത്തിക്കാനുള്ള കൂലിയും കർഷകർക്ക് ലഭിക്കുന്നില്ല.ചന്തയിലെത്തിക്കുന്നതിന് ഒരു പെട്ടിക്ക് 10 രൂപ മുതൽ 20 രൂപ വരെ ചിലവ് വരും.ഉടുമലൈ,പഴനി മേഖലകളിലുള്ള നിരവധി ഗ്രാമങ്ങളിൽ ആയിരത്തിലധികം ഹെക്റ്ററുകളിലാണ് തക്കാളി കൃഷി ചെയ്യുന്നത്.മറ്റു പല മേഖലകളിലും തക്കാളി ഉത്പാദനം കൂടിയതും മറ്റു പ്രദേശങ്ങളിൽ നിന്നും വ്യാപാരികൾ എത്താതിരുന്നതും വിലകുറയാൻ കാരണമായതായി കർഷകർ പറയുന്നു.എന്നാൽ അതിർത്തിക്കിപ്പുറം തക്കാളിയെത്തുമ്പോൾ ഉപഭോക്താക്കളിൽ നിന്നും കിലോക്ക് 10 മുതൽ 15 രൂപവരെയാണ് ഈടാക്കുന്നത്.
കന്യാസ്ത്രീകളുടെ മർദനം;അർധരാത്രി കോൺവെന്റിൽ നിന്നും രക്ഷപ്പെട്ട കുട്ടികളെ പോലീസെത്തി രക്ഷപ്പെടുത്തി
കൊച്ചി:കൊച്ചി നഗരത്തിലെ പൊന്നുരുന്നിക്ക് സമീപമുള്ള കോൺവെന്റിൽ കുട്ടികളെ കന്യാസ്ത്രീകൾ മർദിച്ചതായി പരാതി.മർദനം സഹിക്കാൻ കഴിയാതെ അർധരാത്രി കോൺവെന്റിൽ നിന്നും രക്ഷപ്പെട്ട കുട്ടികളെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കടവന്ത്ര പോലീസ് സ്റ്റേഷനിൽ നിന്നും പോലീസെത്തി കൂട്ടികൊണ്ടുപോയി.ആറുമുതൽ പന്ത്രണ്ടു വരെ പ്രായമുള്ള നിർധനരായ കുട്ടികളാണ് കോൺവെന്റിൽ താമസിച്ചു പഠിക്കുന്നത്.ഇവരുടെ ദേഹത്ത് ചൂരലുകൊണ്ട് അടിയേറ്റ പാടുകളുണ്ട്.ചൂട് സമയങ്ങളിൽ ഫാനിടാൻ അനുവദിക്കാറില്ലെന്നും ചെറിയ തെറ്റുകൾക്ക് പോലും ക്രൂരമായി മർദിക്കാറുണ്ടായിരുന്നെന്നും വിദ്യാർഥികൾ പറഞ്ഞു. ഒരു ദിവസം കഴിക്കാൻ നൽകിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടതിനെ തുടർന്ന് പരാതിപ്പെട്ടപ്പോൾ പുഴുവിനെ എടുത്തുമാറ്റി കഴിക്കാനായിരുന്നു നിർദേശമെന്നും വിദ്യാർഥികൾ പറഞ്ഞു.കഴിഞ്ഞ ദിവസം രാത്രി മർദനം സഹിക്കനാവാതെ കോൺവെന്റിലെ ഇരുപതു കുട്ടികളും ഓടി പുറത്തിറങ്ങുകയായിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കന്യാസ്ത്രീകൾക്കെതിരെ ജുവനൈൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മഴ വില്ലനായെത്തിയ മത്സരത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റ് തോൽവി
ജോഹന്നാസ്ബർഗ്:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായുള്ള നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റിന്റെ തോൽവി.മഴകാരണം ഇടയ്ക്ക് മുടങ്ങിയ കളിയിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരമാണ് ദക്ഷിണാഫ്രിക്കയുടെ ജയം.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തു.ഓപ്പണർ ശിഖർ ധവാന്‍റെ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടൽ പടുത്തുയർത്തിയത്.മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 7.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റണ്‍സെന്ന നിലയിൽ നിൽക്കവെ മഴയെത്തിയതോടെ മത്സരം നിർത്തിവയ്ക്കുകയായിരുന്നു.പിന്നീട് മഴ നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ ലക്‌ഷ്യം 28 ഓവറിൽ 202 റൺസായി പുതുക്കി നിശ്ചയിക്കുകയായിരുന്നു.ഈ വിജയലക്ഷ്യം 25.3 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു.ക്യാപ്റ്റൻ ഏഡൻ മർക്‌റാം ( 23 പന്തിൽ 22), ഹാഷം ആംല (40 പന്തിൽ 33), എബിഡി വില്ലേഴ്സ് (18 പന്തിൽ 26), ഡേവിഡ് മില്ലർ (28 പന്തിൽ 39), ഹെന്‍റിക് ക്ലാസൻ (27 പന്തിൽ 43), അൻഡിലെ പെഹുലുക്വായോവ് (5 പന്തിൽ 23) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച ബാറ്റിംഗ് പുറത്തെടുത്തത്.ഇതോടെ ആറു മത്സരങ്ങളുള്ള കളിയിൽ ഇന്ത്യ ഇപ്പോൾ 3-1 നു മുൻപിലാണ്.തുടർച്ചയായ നാലാം ഏകദിനവും ജയിച്ചു കയറി ദക്ഷിണാഫ്രിക്കയിലെ ആദ്യ ഏകദിന പരമ്പര നേട്ടം സ്വന്തമാക്കാമെന്ന ഇന്ത്യയുടെ മോഹമാണ് പൊലിഞ്ഞത്.
ഹോങ്കോങ്ങിൽ ബസ്സപകടത്തിൽ 18 പേർ മരിച്ചു
ഹോങ്കോങ്:ഹോങ്കോങ്ങിൽ ബസ്സപകടത്തിൽ 18 പേർ മരിച്ചു.ഹോങ്കോങ്ങിലെ തായ്‌പോ നഗരത്തിലാണ് അപകടം നടന്നത്.അമിത വേഗതയിലായിരുന്ന ഡബിൾ ഡെക്കർ ബസ് തലകീഴായി മറിയുകയായിരുന്നു.നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.അശ്രദ്ധമായി ഓടിച്ചതിന് ബസിന്‍റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.കുതിര സവാരി കാണാനെത്തിയവരും തൊഴിലാളികളുമാണ് ബസിലുണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു.
കൊച്ചിയിൽ കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
കൊച്ചി:മുത്തച്ഛനോടൊപ്പം പോവുകയായിരുന്ന കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ.ഇതര സംസ്ഥാനക്കാരനായ മുഹമ്മദ് ഇബ്നുൽ റഹ്മാനെയാണ് നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചത്.തമ്മനം ഇലവുങ്കൽ റോഡിൽ ഇന്നലെ രാവിലെ കൊച്ചുമകനുമായി മുടിവെട്ട് കടയിൽ നിന്നും മടങ്ങുകയായിരുന്നു മുത്തച്ഛൻ.കുട്ടിയുടെ കയ്യും പിടിച്ചാണ് മുത്തച്ഛൻ നടന്നിരുന്നത്.പെട്ടെന്ന് ഇവരുടെ പിന്നാലെ ഓടിയെത്തിയ യുവാവ് കുട്ടിയെ വാരിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച മുത്തച്ഛനെ തള്ളിയിടുകയും ചെയ്തു.സംഭവം കണ്ട നാട്ടുകാർ ഓടിയെത്തി യുവാവിനെ തടഞ്ഞു നിർത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.പാലാരിവട്ടം പോലീസ് എത്തി യുവാവിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനാക്കി. പരിശാധനയിൽ ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കണ്ടതിനെ തുടർന്ന് കോടതിൽ ഹാജരാക്കിയതിനു ശേഷം തൃശൂർ മനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.ദിവസങ്ങൾക്ക് മുൻപ് യുവാവിനെ തമ്മനം പള്ളിക്ക് സമീപം അലഞ്ഞു തിരിഞ്ഞ് നടക്കുന്നത് കണ്ടതിനെ തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിച്ചു വിവരങ്ങൾ ശേഖരിച്ച് വിട്ടിരുന്നതായി പോലീസ് പറഞ്ഞു.
അഴീക്കോട് ബിജെപി പ്രവർത്തകർക്ക് നേരെ ബോംബെറിഞ്ഞ കേസിൽ മൂന്നു സിപിഎം പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ:അഴീക്കോട് ബിജെപി പ്രവർത്തകർക്ക് നേരെ ബോംബെറിഞ്ഞ കേസിൽ മൂന്നു സിപിഎം പ്രവർത്തകർ അറസ്റ്റിൽ.വളപട്ടണം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.അഴീക്കോട് സ്വദേശികളും സിപിഎം പ്രവർത്തകരുമായ സജേഷ് (30), ജിഷിത്ത് (20), ജിതിൽ (23)എന്നിവരേയാണ് ഇന്നലെ പുലർച്ചെ വളപട്ടണം എസ്ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോട് കൂടി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവർത്തകരായ കാപ്പിലെപീടികയിലെ ലജേഷ്, നിഖിൽ എന്നിവർക്ക് നേരെയാണ് ബോംബേറുണ്ടായത്. കൈക്കും കാലിനും പരിക്കേറ്റ ഇവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാനൂർ വള്യായിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു
പാനൂർ:പാനൂർ വള്യായിയിൽ കല്യാണ വീട്ടിൽ ഉണ്ടായ സംഘർഷത്തിൽ ഒരു സിപിഎം പ്രവർത്തകന് പരിക്കേറ്റു.സിപിഎം പ്രവർത്തകനായ പ്രവീണിനാണ് പരിക്കേറ്റത്.സംഘർഷത്തിനിടെ യുവാവിനെ ഒരുസംഘം കല്ലുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.മുഖത്ത് കല്ലുകൊണ്ട് ഇടിച്ചതിനെ തുടർന്ന് പ്രവീണിന് സാരമായി പരിക്കേറ്റു. ബിജെപി പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് പ്രവീൺ ആരോപിച്ചു.ഇതിനു ശേഷം ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ കൈയാങ്കളിയിൽ മറ്റു മൂന്നുപേർക്കും മർദനമേറ്റു. വള്ള്യായി യുപി സ്കൂളിനടുത്തുള്ള വിവാഹവീട്ടിൽ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് പാനൂർ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
ഡൽഹിയിൽ വസ്ത്രനിർമാണശാലയിൽ തീപിടുത്തം; ഒരാൾ മരിച്ചു
ഡൽഹി:ഡൽഹിയിലെ വസ്ത്ര നിർമ്മാണശാലയിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ വെന്തു മരിച്ചു.ശനിയാഴ്ച രാവിലെ ഡൽഹിയിലെ കരോൾബാഗിലെ വസ്ത്ര നിർമാണശാലയിലാണ് തീപിടുത്തം ഉണ്ടായത്.അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
അണ്ടല്ലൂർ കാവിൽ ഉത്സവത്തിനെത്തുന്നവർക്ക് ഇത്തവണ നൽകുക ജില്ലാപഞ്ചായത്തിന്റെ സ്വന്തം കൃഷിയിടത്തിൽ വിളയിച്ച അവൽ
കണ്ണൂർ:അണ്ടല്ലൂർ കാവിൽ ഉത്സവത്തിനെത്തുന്നവർക്ക് ഇത്തവണ നൽകുക ജില്ലാപഞ്ചായത്തിന്റെ സ്വന്തം കൃഷിയിടത്തിൽ വിളയിച്ച അവൽ.കാങ്കോൽ ഫാമിൽ നിന്നും ഉത്പാദിപ്പിച്ച ആതിരയിനം നെല്ലുകുത്തിയുണ്ടാക്കിയ അവിൽ ജില്ലാ പഞ്ചായത്ത് നേരിട്ട് വിപണനത്തിന് എത്തിച്ചിരിക്കുകയാണ്.ഒരു കിലോ അവലിന് 50 രൂപയാണ് വില. അരക്കിലോയുടെ പായ്ക്കറ്റും ലഭ്യമാണ്.10 ക്വിന്റൽ അവലാണ് വിൽപ്പനയ്ക്ക് തയ്യാറായിരിക്കുന്നത്.ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന പാലയാട് കോക്കനട്ട് ഫാമിൽ നിന്നും അവൽ പൊതുജനങ്ങൾക്ക് നേരിട്ട് വാങ്ങാം.പാലയാട് ടൗണിലും വില്പന കേന്ദ്രം തുടങ്ങും.അവൽ വിപണനത്തിന്റെ ഉൽഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിർവഹിച്ചു.
സ്വച്ഛ് ഭാരത് മിഷൻ പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ ജില്ലയ്ക്ക് അനുവദിച്ച തുകയിൽ ഏഴു കോടി നഷ്ടമായേക്കും
കണ്ണൂർ:സ്വച്ഛ് ഭാരത് മിഷൻ പദ്ധതി പ്രകാരം നടപ്പു സാമ്പത്തിക വർഷത്തേക്ക് കേന്ദ്ര സർക്കാർ ജില്ലയ്ക്ക് അനുവദിച്ച തുകയിൽ ഏഴു കോടി നഷ്ടമായേക്കും. ജില്ലയിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ ഈ വർഷത്തേക്ക് അനുവദിച്ച 11 കോടി 23 ലക്ഷം രൂപയിൽ ഇതേവരെ ചെലവായത് 416.28 ലക്ഷം രൂപ മാത്രമാണെന്ന് ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കോ ഓർഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ശുചിത്വ പ്രവർത്തനങ്ങൾക്കായി പണം നല്കിയിരുന്നുവെങ്കിൽ ഈ പ്രശ്‌നം ഉണ്ടാകില്ലായിരുന്നുവെന്നും യോഗം ചൂണ്ടിക്കാണിക്കുന്നു. ജില്ലാ ശുചിത്വ മിഷനാണ് പദ്ധതിയുടെ നിർവഹണ ഏജൻസി.പട്ടിക ജാതി-പട്ടിക വർഗ കോളനികളിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിയായ രാജീവ് ഗാന്ധി നാഷണൽ ഡ്രിങ്കിങ് വാട്ടർ മിഷൻ പദ്ധതിക്കായി അഞ്ചുകോടി തൊണ്ണൂറ്റി മൂവായിരം രൂപ ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിൽ നിന്നും ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ല. അതോടൊപ്പം തന്നെ ആലക്കോട് പഞ്ചായത്തിലെ ചെറുപാറ ഏന്തിച്ചുന്നമുക്ക് എസ്.ടി കോളനിയിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള 35 ലക്ഷത്തിന്റെ പദ്ധതി,കണിച്ചാർ പഞ്ചായത്തിലെ നെടുംപുറം ചാൽ എസ്ടി കോളനിയിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള 16 ലക്ഷത്തിന്റെ പ്രത്യേക പദ്ധതി എന്നിവയും സാങ്കേതിക അനുമതി ലഭിച്ചിട്ടില്ലെന്ന കാരണത്താൽ തുടങ്ങിയിട്ടേയില്ല. പ്രധാനമന്ത്രി ഫസൽ ഭീമ യോജന പദ്ധതി നടപ്പിലാക്കാൻ പതിനാറുലക്ഷത്തി അറുപത്തിയൊൻപതിനായിരത്തി നാനൂറു രൂപയാണ് അനുവദിച്ചത്. എന്നാൽ ചിലവാക്കിയതാകട്ടെ വെറും മുപ്പത്തിമൂവായിരം രൂപ മാത്രം.