അഴീക്കോട്:ഇന്ധന വില കുറയ്ക്കുക,ചെറുമീനുകളെ പിടിക്കുന്നതിൽ കേന്ദ്ര ഫിഷറീസ് ഇൻസ്റ്റിട്യൂട്ടിന്റെ നിർദേശങ്ങൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബോട്ടുടമകളുടെ സംസ്ഥാന സംഘടനകൾ ആഹ്വാനം ചെയ്ത അനിശ്ചിതകാല സമരം ആരംഭിച്ചു.ജില്ലയിലെ മീൻപിടുത്ത ബോട്ടുകളൊന്നും കടലിലിറങ്ങിയില്ല.ഇതോടെ മൽസ്യ മേഖല മുഴുവൻ സ്തംഭിച്ചിരിക്കുകയാണ്. ജില്ലയിലെ പ്രധാന മീൻപിടിത്ത മേഖലയായ അഴീക്കലിൽ കഴിഞ്ഞ ദിവസം രാത്രിയിൽ കടലിൽ നിന്നും എത്തിയ ബോട്ടുകൾ വ്യാഴാഴ്ച ജെട്ടിയിൽ നിർത്തിയിട്ടു.ഇനിയും ബോട്ടുകൾ തീരത്തെത്താനുണ്ട്.അവ വെള്ളിയാഴ്ചയോടുകൂടി തീരത്തെത്തി സമരത്തിൽ പങ്കെടുക്കുമെന്ന് ബോട്ടുടമകൾ പറഞ്ഞു.രണ്ടു കോടിയിലേറെ രൂപയുടെ വ്യാപാരമാണ് ദിനം പ്രതി ഇവിടെ നടക്കാറുള്ളത്.സമരം തുടരുകയാണെങ്കിൽ മീൻപിടുത്ത മേഖല പ്രതിസന്ധിയിലാകും.
ബിനോയ് കോടിയേരിക്ക് എതിരായുള്ള കേസ് ഒത്തുതീർന്നു
തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് എതിരായി ദുബായിൽ നിലനിന്നിരുന്ന പണമിടപാട് കേസ് ഒത്തുതീർന്നു.പരാതിക്കാരനായ യുഎഇ പൗരൻ എല്ലാ കേസുകളും പിൻവലിച്ചതോടെ ബിനോയിയുടെ യാത്ര വിലക്കും നീങ്ങി.ഇതോടെ ബിനോയ് ഞായറാഴ്ച നാട്ടിലെത്തുമെന്നാണ് സൂചന.എല്ലാ തെറ്റിദ്ധാരണകളും മാറിയെന്നും പണമൊന്നും നൽകാതെ തന്നെയാണ് ദുബായിയിലെ ടൂറിസം കമ്പനിയുടെ സ്പോൺസർ ഇസ്മായിൽ അബ്ദുല്ല അൽ മർസൂഖി കേസുകൾ പിൻവലിച്ചതെന്നും ബിനോയ് പറഞ്ഞു.ബിനോയ്ക്ക് എതിരെ നൽകിയിരുന്ന കേസുകളെല്ലാം പിൻവലിച്ചതായി മർസൂഖിയും അറിയിച്ചു.
നിർമൽ ചന്ദ്ര അസ്താന സംസ്ഥാന വിജിലൻസ് മേധാവിയായി ചുമതലയേറ്റു
തിരുവനന്തപുരം:നിർമൽ ചന്ദ്ര അസ്താന സംസ്ഥാന വിജിലൻസ് മേധാവിയായി ചുമതലയേറ്റു. തിങ്കളാഴ്ചയാണ് അസ്താനയെ വിജിലൻസ് മേധാവിയായി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.ഡൽഹിയിൽ കേരളത്തിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി നിർവഹിച്ചു വരികയായിരുന്നു അസ്താന. സംസ്ഥാന പോലീസ് മേധാവിയായ ലോക്നാഥ് ബെഹ്‌റയ്‌ക്ക് വിജിലൻസ് മേധാവിയുടെ ചുമതല കൂടി നൽകിയതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ 11 മാസമായി വിജിലൻസിന് പൂർണ ചുമതലയുള്ള മേധാവിയും ഉണ്ടായിരുന്നില്ല.ഈ സാഹചര്യത്തിലാണ് അടിയന്തരപ്രാധാന്യത്തോടെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് സർക്കാർ അസ്താനയെ നിയമിച്ചത്.
തളിപ്പറമ്പിൽ കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാർ പിടിയിൽ
തളിപ്പറമ്പ്:തളിപ്പറമ്പിൽ കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാർ പിടിയിൽ.കണ്ണൂർ പുഴാതി സ്വദേശി പി.വി വിനോദ് കുമാറാണ്(50) വിജിലൻസിന്റെ പിടിയിലായത്.പതിനഞ്ചാം തീയതി ഉച്ചയ്ക്ക് മൂന്നുമണിയോട് കൂടിയാണ് സംഭവം.കരിമ്പം സ്വദേശിയായ സജീർ എന്നയാളിൽ നിന്നും സ്ഥലം രെജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.മാതാവിന്റെ പേരിലുള്ള സ്വത്ത് തന്റെയും സഹോദരന്റെയും പേരിലേക്ക് രെജിസ്റ്റർ ചെയ്യുന്നതിനാണ് സജീർ ഓഫീസിൽ എത്തിയത്.എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വിനോദ് കുമാർ ഇയാളോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.മറ്റൊരു രെജിസ്ട്രേഷനുമായി ബന്ധപ്പെട്ട് മുൻപും ഇയാൾ സജീറിൽ നിന്നും കൈക്കൂലി കൈപ്പറ്റിയിരുന്നു.വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് സജീർ വിജിലൻസിൽ പരാതി നൽകിയത്.വിജിലൻസ് ഡിവൈഎസ്പി വി.മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം ഫിനോപ്തലിൻ പുരട്ടിയ നോട്ടുകളുമായി സജീറിനെ അയക്കുകയായിരുന്നു.എന്നാൽ ഇയാൾ കൈക്കൂലിയായി വാങ്ങിയ പണം കണ്ടെത്താൻ വിജിലൻസ് സംഘത്തിന് കഴിഞ്ഞില്ല.കൈക്കൂലി വാങ്ങിയ 3000 രൂപയ്ക്കായി വിജിലൻസ് നടത്തിയ പരിശോധനയിൽ റെക്കാർഡുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ നിരോധിക്കപ്പെട്ട 500 രൂപയുടെ മൂന്നു നോട്ടുകളും 3700 രൂപയും കണ്ടെത്തി.പ്രതിയെ ഇന്ന് രാവിലെ കോഴിക്കോട് വിജിലൻസ് കോടതി മുൻപാകെ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങും.ഇന്നും പണം കണ്ടെത്തുന്നതിനായി വിജിലൻസ് സംഘം റിക്കാർഡ് റൂം പരിശോധിക്കും.
നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം തുടങ്ങി
തിരുവനന്തപുരം:നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം തുടങ്ങി.സർക്കാർ പ്രഖ്യാപിച്ച നിരക്ക് വർധന അപര്യാപ്തമാണെന്ന് ബസുടമകൾ ആരോപിച്ചു.സമരം ജനജീവിതത്തെ ബാധിക്കാതിരിക്കാൻ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ ആരംഭിച്ചു.മിനിമം ചാർജ് പത്തുരൂപയാക്കുക,റോഡ് ടാക്സ് കുറയ്ക്കുക,വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസുടമകളുടെ സംയുക്ത സമര സമിതി അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്.ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ തിങ്കളാഴ്ച മുതൽ വിവിധ സംഘടനകളിലെ ഓരോ ഭാരവാഹികൾ സെക്രെട്ടെറിയേറ്റിനു മുൻപിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്ന് സംയുക്ത സമര സമിതി ചെയർമാൻ ലോറൻസ് ബാബു പറഞ്ഞു. അതേസമയം സർക്കാർ എല്ലാ വശങ്ങളും പരിശോധിച്ചാണ് നിരക്ക് കൂട്ടിയതെന്നും തീരുമാനത്തോട് ബസ്സുടമകൾ സഹകരിക്കണമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.
നിരക്ക് വർധന അംഗീകരിക്കില്ല;16 മുതൽ സ്വകാര്യ ബസ് സമരം
കൊച്ചി: സർക്കാർ പ്രഖ്യാപിച്ച നിരക്ക് വർധന അംഗീകരിക്കില്ലെന്നും 16 മുതൽ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്നും സ്വകാര്യ ബസുടമകളുടെ സംഘടന അറിയിച്ചു. നിരക്ക് വർധനയും സമരവും സംബന്ധിച്ച ചർച്ച ചെയ്യാൻ കൊച്ചിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് തീരുമാനം.മിനിമം ചാർജ് ഏഴ് രൂപയിൽ നിന്നും എട്ട് രൂപയായി വർധിപ്പിച്ചത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ബസുടമകൾ.മിനിമം ചാർജ് പത്തുരൂപയാക്കണം എന്നായിരുന്നു ബസുടമകളുടെ പ്രധാന ആവശ്യം.വിദ്യാർത്ഥികളുടെ കൺസെഷൻ,റോഡ് ടാക്സ് തുടങ്ങിയ പ്രധാന ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചില്ലെന്നും ബസ്സുടമകൾ പറഞ്ഞു.സർക്കാർ നിരക്ക് ഉയർത്തും വരെ വിദ്യാർഥികൾക്ക് കണ്‍സഷൻ അനുവദിക്കേണ്ടെന്നാണ് യോഗം തീരുമാനിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷന്‍റെ റിപ്പോർട്ട് പ്രകാരം വിദ്യാർഥികളുടെ നിരക്കിൽ 25 ശതമാനം വർധനവാണ് നിർദേശിച്ചിരുന്നത്. എന്നാൽ സർക്കാർ ഈ ഭാഗം കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇത് പ്രതിഷേധാർഹമാണെന്നും ബസുടമകൾ പറഞ്ഞു.
ഒരു അഡാര്‍ ലവ്വിലെ ഗാനം പിൻവലിക്കില്ലെന്ന് അണിയറപ്രവർത്തകർ
കൊച്ചി:ഒരു അഡാര്‍ ലൌ എന്ന സിനിമയിലെ മാണിക്യമലരായ എന്ന ഗാനം പിൻവലിക്കില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ചിത്രത്തിലെ ഗാനം ഇസ്‍ലാം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ ഹൈദരാബാദ് പൊലീസ് കേസെടുത്തതിന് പിന്നാലെ ഈ ഗാനം പിന്‍വലിക്കുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി സംവിധായകന്‍ രംഗത്തെത്തിയത്.പാട്ടിന്റെ സ്വീകാര്യത പരിഗണിച്ചാണ് പിന്‍വലിക്കാനുള്ള തീരുമാനം മാറ്റിയതെന്ന് ഒമര്‍ ലുലു കൊച്ചിയില്‍ പറഞ്ഞു.നാല് ദിവസത്തിനുള്ളില്‍ ലക്ഷക്കണക്കിന് പ്രേക്ഷകരാണ് ഈ ഗാനം യൂട്യൂബില്‍ കണ്ടത്.പാട്ടിന്റെ സ്വീകാര്യത മുന്‍നിര്‍ത്തിയാണ് പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോവുന്നതെന്ന് സംവിധായകനും സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും പറഞ്ഞു.മാണിക്യമലരായ പൂവി എന്നു തുടങ്ങുന്ന വരികൾ മുസ്ലിം മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കൾ പോലീസിൽ പരാതി നല്കിയിരിക്കുന്നത്.ഹൈദരാബാദ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് തീരുമാനമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
സംസ്ഥാനത്തെ മൽസ്യബന്ധന ബോട്ടുകൾ ഇന്ന് മുതൽ കടലിൽ ഇറക്കില്ല
കൊല്ലം:സംസ്ഥാനത്തെ മൽസ്യബന്ധന ബോട്ടുകൾ ഇന്ന് മുതൽ കടലിൽ ഇറക്കില്ല.ഇന്ധനവില കുറച്ച് മൽസ്യബന്ധന മേഖലയെ സംരക്ഷിക്കുക,58 ഇനം മൽസ്യങ്ങളുടെ മിനിമം ലീഗൽ സെസ് നടപ്പിലാക്കുന്നതിൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ നിർദേശങ്ങൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.ഇതുമായി ബന്ധപ്പെട്ട് ഫിഷറീസ് മന്ത്രിയുമായി കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റർസ് അസോസിയേഷൻ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം തുടരാൻ തീരുമാനിച്ചത്.ട്രോളിങ് നിരോധന സമയത്ത് ഉണ്ടാകുന്ന അന്തരീക്ഷമാകും സമര സമയത്ത് ഉണ്ടാകുക.
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന 18 ശതമാനം മൽസ്യത്തിലും മായം കലർന്നതായി റിപ്പോർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് വിതരണം ചെയ്യുന്ന 18 ശതമാനം മൽസ്യത്തിലും മായം കലർന്നതായി റിപ്പോർട്ട്.സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷേഴ്സ് ടെക്നോളജി സംസ്ഥാനത്തെ 14 ജില്ലകളിലും നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന മായം പരിശോധിക്കാനായി തയാറാക്കിയഐസിഎആര്‍ സിഫ്ടെസ്റ്റ് എന്ന പരിശോധനാ കിറ്റിന്റെ പ്രകാശനം നിര്‍വഹിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമോണിയ, ഫോര്‍മാലിന്‍ തുടങ്ങിയ രാസപദാര്‍ഥങ്ങളാണ് മത്സ്യം കേടാകാതിരിക്കാനായി കലർത്തുന്നത്.ഐസ് ഒഴികെ മറ്റൊരു വസ്തുവും മീനില്‍ ഉപയോഗിക്കരുതെന്നാണ് വ്യവസ്ഥ.മത്സ്യത്തിലെ മായം കണ്ടെത്തുന്നതിന് സംസ്ഥാനത്തെ മുഴുവൻ മത്സ്യ മാർക്കറ്റുകളിലും പരിശോധന നടത്തുമെന്ന് മന്ത്രി. ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഭക്ഷ്യസുരക്ഷ വകുപ്പുമായി സഹകരിച്ചായിരിക്കും ഫിഷറീസ് പരിശോധന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.മത്സ്യത്തിൽ മായം ചേർക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
പരസ്യ മദ്യപാനം തടഞ്ഞ എസ്ഐയെയും സംഘത്തെയും മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
കണ്ണൂർ:മുഴപ്പിലങ്ങാട് തെക്കേ കുന്നുമ്പ്രത്ത് പരസ്യ മദ്യപാനം തടഞ്ഞ എസ്ഐയെയും സംഘത്തെയും ആക്രമിച്ച സംഘത്തിലെ ഒരാൾ പിടിയിലായി. മുഴപ്പിലങ്ങാട്ടെ അരുൺ എന്ന അരൂട്ടനാണ്(37) അറസ്റ്റിലായത്.അക്രമത്തിൽ പ്രിൻസിപ്പൽ എസ്‌ഐ മഹേഷ് കണ്ടമ്പത്തിനും രണ്ടു സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിയോട് കൂടി തെക്കേ കുന്നുമ്പ്രം മൃത്യുഞ്ജയ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം നടക്കുന്നതിനിടെ റോഡിൽ പരസ്യ മദ്യപാനം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് എസ്‌ഐയും സംഘവും പരിശോധനയ്‌ക്കെത്തിയത്.മദ്യപരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോഴാണ് ഒരു സംഘം പൊലീസുകാരെ ആക്രമിച്ചത്.പ്രിൻസിപ്പൽ എസ്‌ഐയെ തള്ളിയിട്ടതായും പറയുന്നു.എസ്ഐയുടെ കാലിനു പരിക്കേറ്റിട്ടുണ്ട്.അറസ്റ്റിലായ അരുൺ തലശ്ശേരി,പാനൂർ,കൊളവല്ലൂർ എന്നീ സ്റ്റേഷനുകളിൽ വധക്കേസ് ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.ഇയാളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.സംഭവത്തിൽ കണ്ടാലറിയാവുന്ന 16 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.