ശുഹൈബിനെ വധിക്കാൻ കൊട്ടേഷൻ നൽകിയത് ഡിവൈഎഫ്ഐ നേതാവെന്ന് പ്രതികളുടെ മൊഴി

keralanews shuhaib murder the quotation was given by dvfi local leader

കണ്ണൂർ:മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ കൊല്ലാൻ കൊട്ടേഷൻ നൽകിയത് ഡിവൈഎഫ്ഐ പ്രാദേശിക നേതാവെന്ന് പ്രതികളുടെ മൊഴി.ഡമ്മി പ്രതികളെ നൽകാമെന്ന് പാർട്ടി ഉറപ്പുനല്കിയിരുന്നെന്നും ഭരണമുള്ളതു കൊണ്ട് പാർട്ടി സഹായമുണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്നതായും പ്രതി ആകാശ് മൊഴി നൽകി.ശുഹൈബിനെ അടിച്ചാൽ പോരെ എന്ന് ചോദിച്ചപ്പോൾ വെട്ടണമെന്ന് നിർബന്ധിച്ചതായും മൊഴിയിൽ പറയുന്നു. ആക്രമിച്ച ശേഷം രണ്ടു വാഹനങ്ങളിലായി നാട്ടിലേക്ക് പോയി.അവിടെ ഒരു ക്ഷേത്രോത്സവത്തിൽ രാത്രി ഒരുമണി വരെ പങ്കെടുക്കുകയും ചെയ്തു.പിന്നീട് ഷുഹൈബ് മരിച്ചെന്ന് അറിഞ്ഞ ശേഷമാണ് ഒളിവിൽ പോയത്.ഒളിവിൽ കഴിയുന്നതിന് ചില പ്രാദേശിക നേതാക്കളുടെ സഹായം ലഭിച്ചിരുന്നു.ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ എവിടെയുണ്ടെന്ന് അറിയില്ലെന്നും കൂടെയുണ്ടായിരുന്ന രണ്ട് ഡിവൈഎഫ്ഐ നേതാക്കളാണ് ആയുധങ്ങൾ കൊണ്ടുപോയതെന്നും ആകാശ് മൊഴി നൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ ലോട്ടറി വില്പനക്കാർക്ക് ഇനി മുതൽ യൂണിഫോമും

keralanews uniform for lottery workers in the state

തിരുവനന്തപരം:സംസ്ഥാനത്തെ ലോട്ടറി വില്പനക്കാർക്ക് ഇനി മുതൽ യൂണിഫോമും.ലോട്ടറി പരസ്യത്തോട് കൂടിയ കുങ്കുമ നിറത്തിലുള്ള ഓവർകോട്ട് ധരിച്ചാണ് ഇനി മുതൽ ഇവർ ലോട്ടറി വില്പനനടത്തുക.യൂണിഫോമിനൊപ്പം പ്രത്യേക തരം കുടയും നൽകുന്നുണ്ട്. സംസ്ഥാനത്തെ ലോട്ടറി ഏജന്റുമാരുടെയും ചില്ലറ വില്പനക്കാരുടെയും ക്ഷേമനിധി ബോർഡാണ് ലോട്ടറി വില്പനക്കാർക്ക് യൂണിഫോം കൊണ്ടുവരാൻ കഴിഞ്ഞമാസം തീരുമാനമെടുത്തത്. കുടുംബശ്രീക്കാണ് ലോട്ടറി വില്പനക്കാരുടെ യൂണിഫോം തയ്യാറാക്കുന്നതിനുള്ള ചുമതല നൽകിയിരിക്കുന്നത്.ഒരു യൂണിഫോമിന് 300 രൂപയാണ് കുടുംബശ്രീക്ക് നൽകേണ്ടത്.ജില്ലാ ലോട്ടറി ഓഫീസിൽ നിന്നും രണ്ടു യൂണിഫോം കോട്ടുകൾ സൗജന്യമായി നൽകുന്നുമുണ്ട്. ക്ഷേമനിധിയിൽ അംഗങ്ങളായ 50000 പേർക്കാണ് ആദ്യഘട്ടത്തിൽ യൂണിഫോം ലഭ്യമാക്കുക.

ആറ്റിങ്ങലിൽ സ്കൂൾ ബസ് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്ക്

keralanews many student injured in a school bus accident in attingal

തിരുവനന്തപുരം:ആറ്റിങ്ങൽ മാമം പാലത്തിനു സമീപം സ്കൂൾ ബസ് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്കേറ്റു.വിദ്യാത്ഥികളുടെ പരിക്ക് ഗുരുതരമല്ല.ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സരസ്വതി വിദ്യാനികേതൻ സ്കൂളിലെ ബസാണ് അപകടത്തിപ്പെട്ടത്. അപകടം നടക്കുമ്പോൾ പതിനഞ്ചോളം കുട്ടികൾ ബസ്സിൽ ഉണ്ടായിരുന്നു. നിയന്ത്രണം വിട്ട ബസ് വെള്ളത്തിലേക്ക് തെന്നി മറിഞ്ഞാണ് അപകടമുണ്ടായത്.ഈ പാലത്തിൽ സമീപകാലത്ത് നടക്കുന്ന മൂന്നാമത്തെ അപകടമാണിത്.

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗേജുകളിൽ മോഷണമെന്ന് പരാതി

keralanews complaint that baggages of passengers are being robbed at karippur airport

കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗേജുകളിൽ മോഷണമെന്ന് പരാതി.കസ്റ്റംസ് പരിശോധന കഴിഞ്ഞ് ബാഗേജുകൾ കയ്യിൽക്കിട്ടിയപ്പോഴാണ് യാത്രക്കാർ മോഷണ വിവരം അറിയുന്നത്.ചൊവ്വാഴ്ച രാവിലെ കോഴിക്കോട്ടെത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഐ.എക്സ് 344 ദുബായ്-കോഴിക്കോട് വിമാനത്തിലെത്തിയ ആറ്‌ യാത്രക്കാർക്കാണ് നാലുലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങൾ നഷ്ട്ടപ്പെട്ടിരിക്കുന്നത്. സ്വർണ്ണം,വിദേശ കറൻസികൾ,ബ്രാൻഡഡ് വാച്ചുകൾ എന്നിവയാണ് നഷ്ട്ടപ്പെട്ടിരിക്കുന്നത്. ചെക്ക് ഇൻ ബാഗേജുകളിലാണ് മോഷണം നടന്നിരിക്കുന്നത്.ചില ബാഗുകളുടെ ലോക്കുകൾ പൊട്ടിച്ച നിലയിലാണ്.ചിലതിന്റെ സിബ്‌ബുകൾ തകർത്ത നിലയിലാണ്.സംഭവത്തിൽ ആറുപേർ എയർ ഇന്ത്യക്കും എയർപോർട്ട് അതോറിറ്റിക്കും പരാതി നൽകി.കസ്റ്റംസ് കമ്മീഷണറും കരിപ്പൂർ പോലീസും അന്വേഷണം ആരംഭിച്ചു.

കണ്ണൂരിൽ സമാധാന യോഗത്തിൽ ബഹളം;യുഡിഎഫ് നേതാക്കൾ യോഗം ബഹിഷ്‌കരിച്ചു

keralanews udf leaders boycotted the peace meeting held at kannur

കണ്ണൂർ:മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ശുബൈബ് കൊല്ലപ്പെട്ടതിനെ തുടർന്ന് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കണ്ണൂരിൽ ഇന്ന് നടന്ന സമാധാന യോഗത്തിൽ ബഹളം.യോഗത്തിൽ കോൺഗ്രസ്-സിപിഎം നേതാക്കൾ തമ്മിൽ വാക്കേറ്റവുമുണ്ടായി.തുടർന്ന് യുഡിഎഫ് യോഗം ബഹിഷ്‌ക്കരിക്കുകയും ചെയ്തു.യോഗത്തിലേക്ക് പ്രതിപക്ഷ എംഎൽഎമാരെ ക്ഷണിച്ചില്ലെന്നാരോപിച്ച് ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനിയുൾപ്പെടെയുള്ള നേതാക്കളാണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്.യുഡിഎഫ് ജനപ്രതിനിധികളെ ക്ഷണിക്കാത്ത യോഗത്തിൽ കെ.കെ രാഗേഷ് എം.പിയെ ഡയസിൽ ഇരുത്തിയതിനെ ചൊല്ലിയാണ് പ്രതിഷേധം ആരംഭിച്ചത്.ഇതോടെ യോഗത്തിന്‍റെ അധ്യക്ഷൻ എ.കെ. ബാലൻ വിഷയത്തിൽ ഇടപെട്ടു. ജനപ്രതിനിധികളുടെ യോഗമല്ല, വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗമാണ് വിളിച്ചിരിക്കുന്നതെന്നും ബാലൻ പറഞ്ഞു. പിന്നെ എങ്ങിനെയാണ് രാഗേഷ് യോഗത്തിൽ പങ്കെടുക്കുന്നതെന്ന് യുഡിഎഫ് നേതാക്കൾ ചോദിച്ചു.അത് പാർട്ടി പ്രതിനിധി ആയിട്ടാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.എന്നാൽ ഇത് അംഗീകരിക്കാൻ യുഡിഎഫ് തയ്യാറായില്ല.സതീശൻ പാച്ചേനിയുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി പറയുന്നതിന് പകരം പി.ജയരാജൻ മറുപടി പറഞ്ഞതും കൂടുതൽ തർക്കങ്ങൾക്ക് ഇടയാക്കി.ഇതിനുശേഷം യോഗത്തിൽനിന്നും യുഡിഎഫ് ഇറങ്ങിപ്പോകുകയായിരുന്നു.പി.ജയരാജൻ നിയന്ത്രിക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് യോഗം ബഹിഷ്‌ക്കരിക്കുന്നതെന്ന് യുഡിഎഫ് എംഎൽഎമാർ മാധ്യമങ്ങളോട് പറഞ്ഞു.മുഖ്യമന്ത്രി സമാധാനയോഗം വിളിക്കാതെ ഇനി യോഗത്തിൽ പങ്കെടുക്കില്ലെന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചു.യോഗം ബഹിഷ്‌ക്കരിച്ച യുഡിഎഫ് നേതാക്കൾ കെ.സുധാകരൻ നിരാഹാര സമരം നടത്തുന്ന പന്തലിലേക്ക് പോയി.

ആറളം ഫാമിലെ ജീവനക്കാർക്കും ആദിവാസി തൊഴിലാളികൾക്കും രണ്ടുമാസമായി ശമ്പളമില്ല

keralanews workers in the aralam farm have no pay for two months

ഇരിട്ടി:ആറളം ഫാമിലെ ജീവനക്കാർക്കും 223 ആദിവാസി തൊഴിലാളികൾക്കും രണ്ടുമാസമായി ശമ്പളമില്ല.ഡിസംബർ,ജനുവരി മാസങ്ങളിലെ ശമ്പളമാണ് മുടങ്ങിയിരിക്കുന്നത്.ശമ്പളത്തിനുള്ള വരുമാനം ഫാമിൽ നിന്നും ലഭിക്കാതായതോടെയാണ് സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.80 ദിവസമായി കൂലി ലഭിക്കാതായതോടെ പട്ടിക വർഗ വികസന വകുപ്പിന് കീഴിലുള്ള ആറളം ഫാമിങ് കോർപറേഷനിലെ ജീവനക്കാരും തൊഴിലാളികളും ഉൾപ്പെടെ 445 പേർ പട്ടിണിയിലേക്ക് നീങ്ങുകയാണ്.കശുവണ്ടി സീസൺ ആരംഭിച്ചതിനാൽ മറ്റ് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലുമാണ്.ജോലി സമയത്ത് ഫാമിന്റെ വകയായി ലഭിക്കുന്ന ഉച്ചഭക്ഷണം മാത്രമാണ് പലരുടെയും ആശ്രയം.പ്രതിസന്ധി പരിഹരിക്കാൻ 5.69 കോടി രൂപ അനുവദിക്കണമെന്ന് കാണിച്ച് സർക്കാരിന് നൽകിയ അപേക്ഷയിൽ 2.50 കോടി രൂപ മാത്രമാണ് ആറുമാസം മുൻപ് അനുവദിച്ചത്.ബാക്കി തുക കൂടി അനുവദിക്കണമെന്നു കാണിച്ച് നൽകിയ അപേക്ഷ ഇപ്പോഴും സർക്കാരിന്റെ പരിഗണന കാത്ത്കിടക്കുകയാണ്. കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ചയും കാട്ടു മൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് മൂലം ഉണ്ടായിരിക്കുന്ന പ്രതിസന്ധിയുമാണ് പ്രശ്നം രൂക്ഷമാക്കിയിരിക്കുന്നത്. ബുധനാഴ്ച ജില്ലയിൽ സമാധാനയോത്തിലെത്തുന്ന പട്ടികവർഗ വികസന മന്ത്രി എ.കെ ബാലൻ ഫാമിലെ പ്രതിസന്ധി കൂടി പരിഹരിക്കാൻ നടപടിയെടുക്കുമെന്ന വിശ്വാസത്തിലാണ് ജീവനക്കാർ.

വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

ഉളിക്കൽ:മലയോര പ്രദേശങ്ങളിൽ നിരവധി ആളുകൾക്ക് വിവിധ രാജ്യങ്ങളിലേക്കുള്ള വിസ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പോലീസ് പിടിയിലായി. വള്ളിത്തോടെ സെന്റ്.ജൂഡ് നഗറിലെ കുന്നശ്ശേരി സെബാസ്റ്റ്യൻ(58) ആണ് പിടിയിലായത്. മാസങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന ഇയാൾക്കായി ഉളിക്കൽ എസ്‌ഐ ശിവൻ ചോടത്ത്,എ.എസ്‌ഐമാരായ കെ.സുരേഷ്,മോഹനൻ എന്നിവർ നടത്തിയ  പരിശോധനയിൽ ഡൽഹിയിൽ നിന്നാണ് ഇയാൾ പിടിയിലാകുന്നത്. ഓസ്ട്രേലിയ,ന്യൂസീലൻഡ്,കാനഡ എന്നിവിടങ്ങളിലേക്ക് വിസ തരപ്പെടുത്തി തരാം എന്ന് പറഞ്ഞ് ഉളിക്കൽ,പയ്യാവൂർ,ഇരിട്ടി, കുടിയാംമല,കരിക്കോട്ടക്കരി,ചെമ്പേരി എന്നിവിടങ്ങളിലെ യുവാക്കളിൽ നിന്നും സെബാസ്റ്റ്യൻ ഉൾപ്പെട്ട സംഘം ലക്ഷങ്ങൾ കൈക്കലാക്കിയിരുന്നു.എന്നാൽ ഇവരിൽ മിക്കവരെയും വിയറ്റ്നാമിലേക്കാണ് കൊണ്ടുപോയത്.മതിയായ രേഖകളില്ലാതെ ഇവിടെയെത്തിയ ചെറുപ്പക്കാർ പലരുടെയും സഹായം കൊണ്ട് നാട്ടിൽ തിരിച്ചെത്തുകയായിരുന്നു.ഇതിനു ശേഷം ഇവർ പോലീസിൽ നൽകിയ പരാതിയിലാണ് വൻ തട്ടിപ്പ് പുറത്തായത്.ഡൽഹിയിൽ നിന്നും നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സെബാസ്റ്റ്യൻ പോലീസിന്റെ പിടിയിലാകുന്നത്.ഇയാളെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രണയാഭ്യർത്ഥന നിരസിച്ചു;മലയാളി വിദ്യാർത്ഥിനിയെ സഹപാഠി കുത്തിക്കൊന്നു

keralanews love proposal rejected classmate stabbed malayali student

കാസർകോഡ്:പ്രണയാഭ്യർത്ഥന നിരസിച്ച മലയാളി വിദ്യാർത്ഥിനിയെ സഹപാഠി കുത്തിക്കൊന്നു. സംഭവത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സഹപാഠി നെല്ലൂർ കെമ്രാജെ  ഗ്രാമം നാർണകജെയിലെ എസ്.കാർത്തികിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. സുള്ള്യ നെഹ്‌റു മെമ്മോറിയൽ കോളേജിലെ രണ്ടാം വർഷ ബിഎസ്‌സി വിദ്യാർത്ഥിനി കാസർകോഡ് മുള്ളേരിയ കാറഡുക്ക ശാന്തി നഗറിലെ കരണി രാധാകൃഷ്ണ ഭട്ടിന്റെയും ദേവകിയുടെയും മകൾ കെ.അക്ഷതയാണ്(19) കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം നാലുമണിക്ക് സുള്ള്യ ടൗണിലായിരുന്നു സംഭവം.ക്‌ളാസ് കഴിഞ്ഞ് ബസ് കയറാനായി കോളേജ് റോഡിലൂടെ പ്രധാന റോഡിലേക്ക് നടന്നുവരികയായിരുന്ന അക്ഷതയെ പിറകിൽ ബൈക്കിൽ വന്ന കാർത്തിക് കുത്തുകയായിരുന്നു.ഏഴു പ്രാവശ്യം അക്ഷതയെ കുത്തിയ കാർത്തിക് സ്വയം കൈത്തണ്ട മുറിച്ച ആത്മഹത്യക്ക് ശ്രമിച്ചു.കണ്ടുനിൽക്കുകയായിരുന്ന നാട്ടുകാർ ഇയാളെ തടഞ്ഞ് പോലീസിലേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അക്ഷതയെ ആദ്യം സുള്ള്യ കെ.വി.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമായതിനാൽ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.അക്ഷതയെ കാർത്തിക് നിരന്തരം ഫോൺ ചെയ്‌തും മെസ്സേജ് അയച്ചും ശല്യം ചെയ്യാറുണ്ടായിരുന്നു.ശല്യം തുടർന്നാൽ പ്രിൻസിപ്പലിന് പരാതി നൽകുമെന്ന് അക്ഷത പറയുകയൂം ചെയ്തു.ഇതിൽ പ്രകോപിതനായാണ് കാർത്തിക് കൊലനടത്തിയതെന്ന് പോലീസ് പറഞ്ഞു. കൈക്ക് പരിക്കേറ്റ കാർത്തിക്കിന് ചികിത്സ നൽകിയ ശേഷം പോലീസ് കസ്റ്റഡിയിൽ എടുത്തു.

കണ്ണൂർ പൂതപ്പാറയിൽ സിപിഎം ഓഫീസിനു നേരെ ആക്രമണം

keralanews attack against cpm office in poothappara kannur

കണ്ണൂർ:കണ്ണൂർ പൂതപ്പാറയിൽ സിപിഎം ഓഫീസിനു നേരെ ആക്രമണം.ഇന്ന് പുലർച്ചെയാണ് ആക്രമണം നടന്നത്.ഓഫീസിലെ കസേരകൾ അക്രമികൾ തല്ലിത്തകർത്തു.ആക്രമണം നടത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കണ്ണൂരിൽ ഇന്ന് സർവകക്ഷി സമാധാന യോഗം ചേരും

keralanews all party peace meeting will be held in kannur toady

കണ്ണൂർ:മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും തുടർന്ന് നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലും കണ്ണൂരിൽ ഇന്ന് സമാധാന യോഗം ചേരും.രാവിലെ 10.30 നു കളക്റ്ററേറ്റിൽ ചേരുന്ന യോഗത്തിൽ മന്ത്രി എ.കെ ബാലൻ അധ്യക്ഷത വഹിക്കും.യോഗത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികൾ പങ്കെടുക്കും.യോഗത്തിൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.എന്നാൽ സർവകക്ഷി യോഗം വെറും പ്രഹസനമാണെന്നു കെ.സുധാകരൻ ആരോപിച്ചു.കേസിൽ തെളിവ് നശിപ്പിക്കുകയും വീഴ്ച വരുത്തുകയും ചെയ്ത പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.