മധുവിന്റെ മരണം ആൾക്കൂട്ട മർദനം മൂലമുണ്ടായ ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

keralanews madhus death is due to internal bleeding

അട്ടപ്പാടി:ആദിവാസി യുവാവ് മധുവിന്റെ മരണം ആൾക്കൂട്ട മർദനം മൂലമുണ്ടായ ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.ഇന്ന് രാവിലെ നടന്ന പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമാണ് മരണകാരണം മർദനം മൂലമാണെന്ന് വ്യക്തമായത്.മധുവിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും വാരിയെല്ല് ചവിട്ടേറ്റ് ഒടിഞ്ഞതായും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊലക്കുറ്റമാണെന്ന് തെളിഞ്ഞതോടെ പ്രതികൾക്കെതിരെ ഐപിസി 307,302,324 വകുപ്പുകൾ ചുമത്തി കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് തൃശൂർ റേഞ്ച് ഐജി എം.ആർ അജിത് കുമാർ പറഞ്ഞു.വ്യാഴാഴ്ചയാണ് കടുകുമണ്ണ ഊരിലെ മല്ലി-മല്ലൻ ദമ്പതികളുടെ മകൻ മധു (27)ദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് 12.30ന് മധുവിനെ ഒരുസംഘമാളുകൾ പിടികൂടുകയായിരുന്നു. ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദനം.സംഭവത്തിൽ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മധുവിന്റെ മൃതദേഹം അട്ടപ്പാടിയിലേക്ക് കൊണ്ടുപോയി.

കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ കീഴാറ്റൂർ വയൽ സന്ദർശിച്ചു

keralanews agricultural minister v s sunil kumar visited field in keezhattoor

കണ്ണൂർ:ദേശീയപാത ബൈപാസിനായി സ്ഥലം ഏറ്റെടുക്കൽ പുരോഗമിക്കുന്ന കീഴാറ്റൂർ വയൽപ്രദേശം കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ സന്ദർശിച്ചു. തളിപ്പറമ്പിൽ മറ്റു രണ്ടു പരിപാടികളിൽ പങ്കെടുത്ത മന്ത്രി ദേശീയ പാതയിൽ കീഴാറ്റൂരിൽ ഇറങ്ങുകയായിരുന്നു.മന്ത്രി വരുമെന്ന് മുൻകൂട്ടി അറിഞ്ഞിരുന്നാൽ വയൽക്കിളികൾ നടത്തുന്ന സമരപന്തലിൽ സ്ത്രീകളും കുട്ടികളും അടക്കം ധാരാളമാളുകൾ എത്തിയിരുന്നു.എന്നാൽ സമരക്കാരുമായി  സംസാരിക്കാൻ മന്ത്രി തയ്യാറായില്ല.അതേസമയം ആളൊഴിഞ്ഞ പ്രദേശത്തു വാഹനം നിർത്തി നെൽവയൽ കാണുകയും ചെയ്തു.കാറിൽ നിന്നിറങ്ങാതെയായിരുന്നു വയൽ നിരീക്ഷണം.

കണ്ണൂർ നഗരത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ മോഷണക്കേസിലെ പ്രതികളടക്കം 15 പേർ കസ്റ്റഡിയിൽ

keralanews 15 including accused in theft arrested in kannur

കണ്ണൂർ:കണ്ണൂർ നഗരത്തിൽ വിവിധയിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ മോഷണക്കേസിലെ പ്രതികളടക്കം 15 പേർ കസ്റ്റഡിയിൽ.ടൌൺ സി.ഐ രത്നകുമാറിന്റെയും എസ്.ഐ ശ്രീജിത്ത് കോടേരിയുടെയും നേതൃത്വത്തിൽ വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാവിലെ വരെ നടത്തിയ പരിശോധനയിലാണ് ഇവർ കസ്റ്റഡിയിലാകുന്നത്.താണ മദ്യഷാപ്പിന് മുൻപിൽ വെച്ച് ബഹളമുണ്ടാക്കിയതിന് നാലുപേരെയും മറുനാടൻ തൊഴിലാളികളുടെ ഫോൺ തട്ടിപ്പറിച്ചതിനു ഒരാളെയും അറസ്റ്റ് ചെയ്തു.പഴയ ബസ്സ്റ്റാൻഡ് പരിസരത്തു നിന്നും നാലുകിലോയോളം കഞ്ചാവുമായി കാടാമ്പുഴ സ്വദേശി അർജുൻ എന്നയാളും വെള്ളിയാഴ്ച രാവിലെ പോലീസ് പിടിയിലായി.ബെംഗളൂരുവിൽ നിന്നും 30000 രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.കണ്ണൂരിലെത്തിച്ച് ചെറിയ പൊതികളാക്കി വിൽക്കാനായിരുന്നു പദ്ധതി.കവർച്ച ആസൂത്രണത്തിനിടെ തിരുവനന്തപുരം സ്വദേശി സുനിൽ കുമാർ, കക്കാട് സ്വദേശി മുജീബ്,ചക്കരക്കൽ സ്വദേശി ദിലീപ്,മലപ്പുറം സ്വദേശി നൗഷാദ്,ചപ്പാരപ്പടവിലെ ജിനീഷ് എന്നിവർ പോലീസ് പിടിയിലായി.പൂട്ട് തകർക്കാനുള്ള ഉപകരണങ്ങളും ഇവരിൽ നിന്നും പിടിച്ചെടുത്തു. പിടിയിലായവരെല്ലാം നേരത്തെ വിവിധ കേസുകളിൽ അറസ്റ്റിലായവരും ജയിൽ ശിക്ഷ അനുഭവിച്ചവരുമാണെന്ന് പോലീസ് പറഞ്ഞു.

മധുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രി പത്തുലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു

keralanews chief minister announced ten lakh rupees financial assistance to madhus family

അട്ടപ്പാടി:അട്ടപ്പാടിയിൽ ജനക്കൂട്ടത്തിന്റെ മർദനമേറ്റ് മരിച്ച ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രി പത്തുലക്ഷം രൂപ ധനസഹായം അനുവദിച്ചു.തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.തുക എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടിയെടുക്കാൻ ചീഫ് സെക്രട്ടറിയോട് നിർദേശം നൽകിയതായും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.കഴിഞ്ഞ ദിവസമാണ് മോഷ്ട്ടാവാണെന്ന് ആരോപിച്ച് മധുവിനെ ജനക്കൂട്ടം വിചാരണ ചെയ്ത് മർദിച്ചത്.മധുവിനെ മർദിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഇതിനുള്ള നിർദേശം സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഷുഹൈബ് വധം;അറസ്റ്റിലായ പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞു

keralanews the witnesses identified the accused in shuhaib murder case

കണ്ണൂർ:ഷുഹൈബ് കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾ ആകാശ് തില്ലങ്കേരി, റിജിൻരാജ് എന്നിവരെ തിരിച്ചറിയൽ പരേഡിൽ സാക്ഷികൾ തിരിച്ചറിഞ്ഞു. കണ്ണൂർ സ്പെഷൽ സബ് ജയിൽ ഓഫീസിൽ ജുഡീഷൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് (ഒന്ന്) എം.സി. ആന്‍റണിയുടെ നേതൃത്വത്തിലുള്ള സംഘമാണു തിരിച്ചറിയൽ പരേഡ് നടത്തിയത്.സാക്ഷികളായ നൗഷാദ്, നിയാസ്, റിയാസ് എന്നിവരാണ് പ്രതികളെ തിരിച്ചറിഞ്ഞത്.ആകാശിന്‍റെ പങ്കിനെക്കുറിച്ചു നൗഷാദ് ആദ്യഘട്ടത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇന്നലെ പ്രതികളെ തിരിച്ചറിയുകയായിരുന്നു.സാക്ഷികളുടെ സുരക്ഷ പരിഗണിച്ചു പോലീസ് വാഹനം ജയിലിനുള്ളിലേക്കു കയറ്റിയാണ് ഇവരെ പുറത്തിറക്കിയത്.രണ്ടുപ്രതികളെയും സാക്ഷികൾ തിരിച്ചറിഞ്ഞതിനാൽ അറസ്റ്റിലായത് യഥാർത്ഥ പ്രതികളാണെന്ന് വിശ്വസിക്കുന്നതായി കെ.സുധാകരൻ പറഞ്ഞു.സംഭവത്തിൽ‌ പരിക്കേറ്റവരും സാക്ഷികളുമായവർ ആദ്യം അറസ്റ്റിലായവരെക്കുറിച്ചു സംശയം ഉന്നയിച്ചതിനാലാണ്  ഇവർ മുഖ്യപ്രതികളല്ലെന്ന സംശയം പാർട്ടി ഉന്നയിച്ചതെന്നും സുധാകരൻ വ്യക്തമാക്കി.

ഷുഹൈബ് വധക്കേസ്;അഞ്ചുപേർ കൂടി കസ്റ്റഡിയിൽ

keralanews shuhaib murder five more under custody

കണ്ണൂർ:എടയന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേർ കൂടി പോലീസ് കസ്റ്റഡിയിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.കർണാടകയിലെ വീരാജ്പേട്ടയിൽ നിന്നാണ് കഴിഞ്ഞ ദിവസം പോലീസ് ഇവരെ പിടികൂടിയത്.ഇവരെ മട്ടന്നൂർ സിഐ ഓഫീസിൽ ചോദ്യം ചെയ്തു വരികയാണ്.കൊലപാതകവുമായി ബന്ധപ്പെട്ട് ആകാശ്,റിജിൻ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ കസ്റ്റഡിലായവരിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും ഗൂഢാലോചനയിൽ പങ്കാളികളായവരും ഉണ്ടെന്നാണ് സൂചന.

മധുവിനെ നാട്ടുകാർക്ക് കാട്ടിക്കൊടുത്തത് വനം വകുപ്പ്;ഗുരുതര ആരോപണങ്ങളുമായി മധുവിന്റെ സഹോദരി

keralanews madhus sister has serious allegations against forest department

അട്ടപ്പാടി:മുക്കാലിയിൽ മർദനമേറ്റ് ആദിവാസി യുവാവ് മധു മരിച്ച സംഭവത്തിൽ വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി മധുവിന്റെ സഹോദരി ചന്ദ്രിക.മധുവിനെ ആക്രമിക്കാൻ ഒത്താശ ചെയ്തത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് ചന്ദ്രിക പറഞ്ഞു. തിരിച്ചറിയിൽ രേഖകൾ ഇല്ലാതെ നാട്ടുകാരെ വനത്തിനുള്ളിലേക്ക് കയറ്റിവിട്ടുവെന്നും മധുവിനെ ആക്രമിച്ചപ്പോൾ ഉദ്യോഗസ്ഥർ നോക്കിനിന്നുവെന്നും ചന്ദ്രിക പറഞ്ഞു.ഭക്ഷണം ഉണ്ടാകുമ്പോഴാണ് മധുവിനെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നാട്ടുകാർ പിടികൂടിയത്.തുടർന്ന് മാരകമായി മർദിക്കുകയും ഗുഹയിൽ നിന്നും നാല് കിലോമീറ്റർ നടത്തി കാട്ടിൽ നിന്നും പുറത്തേക്ക് കൊണ്ടുവരികയും ചെയ്തു.ഈ സമയം ആൾക്കൂട്ടത്തോടൊപ്പം വനം വകുപ്പിന്റെ ജീപ്പും ഉണ്ടായിരുന്നു.വെള്ളം ചോദിച്ച മധുവിനെ ആളുകൾ മർദിക്കുകയും തുടർന്ന് തലയിലൂടെ വെള്ളമൊഴിക്കുകയും ചെയ്തു.കടകളിൽ നിന്നും ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചു എന്നാണ് മധുവിനെതിരെയുള്ള ആരോപണം.എന്നാൽ വിലപിടിപ്പുള്ള ഒന്നും അവൻ എടുക്കില്ലെന്നും ചന്ദ്രിക വ്യക്തമാക്കി.

പത്തനംതിട്ടയിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

keralanews two persons were killed when a bike and a lorry collided in pathanamthitta

പത്തനംതിട്ട:പത്തനംതിട്ടയിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് സൈനികനടക്കം രണ്ടുപേർ മരിച്ചു.വെള്ളിയറ സ്വദേശികളായ അമൽ,ശരൺ എന്നിവരാണ് മരിച്ചത്.സൈനികനായ അമൽ രണ്ടാഴ്ച മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്.അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി പത്തരയോടെ റാന്നി തീയ്യാടിക്കലിൽ ആണ് അപകടം നടന്നത്.തെള്ളിയൂർ ക്ഷേത്രത്തിൽ ഉത്സവം കൂടുന്നതിനായി അഞ്ചുപേരുടെ സംഘം രണ്ടു ബൈക്കുകളിലായി പോകുന്നതിനിടെ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.അമിത വേഗത്തിലെത്തിയ ടിപ്പർ രണ്ടു ബൈക്കുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.ടിപ്പർ നാട്ടുകാർ തടഞ്ഞു.പരിക്കേറ്റവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അട്ടപ്പാടിയിൽ ഇന്നലെ മർദനമേറ്റ് മരിച്ച മധുവിന്റെ പോസ്റ്റ്‌മോർട്ടം തുടങ്ങി

keralanews the postmortem of madhu who were beaten to death in attappadi started

തൃശൂർ:അട്ടപ്പാടിയിൽ ഇന്നലെ മർദനമേറ്റ് മരിച്ച മധുവിന്റെ പോസ്റ്റ്‌മോർട്ടം തൃശൂർ മെഡിക്കൽ കോളേജിൽ നടക്കുന്നു.ഫോറൻസിക് വിഭാഗം മേധാവി ഡോ.ബാലറാമിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം നടക്കുന്നത്.പതിനൊന്നു മണിയോടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാകുമെന്നാണ് കരുതുന്നത്.പോലീസ് സാന്നിധ്യത്തിന് പുറമെ പോസ്റ്റ്‌മോർട്ടം ദൃശ്യങ്ങൾ പൂർണ്ണമായും ക്യാമറയിൽ പകർത്തുന്നുണ്ട്.മധുവിനേറ്റ മർദ്ദനത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിലൂടെ മനസ്സിലാകും.മന്ത്രിമാരായ കെ.കെ ഷൈലജയും എ.കെ ബാലനും മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്.കുറ്റക്കാർക്കെതിരെ പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്നും മധുവിന്റെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.ആദിവാസികൾക്ക് മാത്രമാണ് കാട്ടിൽ കടക്കുന്നതിനുള്ള അവകാശം.അത് മറികടന്ന് കാട്ടിലെത്തി മധുവിനെ മർദിച്ചവർക്കെതിരെ വനാവകാശ നിയമമനുസരിച്ചും കേസെടുക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രമുഖ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും മെഡിക്കൽ കോളേജിൽ എത്തിച്ചേർന്നിട്ടുണ്ട്.മെഡിക്കൽ കോളേജിൽ സംഘർഷ സാധ്യത ഉണ്ടാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

വൈദ്യശാസ്ത്രത്തിന് അത്ഭുതമായി 14 കാരൻ; രണ്ടുവർഷത്തിനിടെ ഇട്ടത് 20 മുട്ടകൾ!

keralanews 14 year old boy laid 20 eggs since 2015

ജക്കാർത്ത:വൈദ്യശാസ്ത്രത്തിന് അത്ഭുതമായി പതിനാലുകാരൻ മുട്ടയിടുന്നു.കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇട്ടതു 20 മുട്ടകൾ.ഇന്തോനേഷ്യക്കാരനായ അക്മൽ എന്ന ബാലനാണ് 2016 മുതൽ ഇത്തരത്തിൽ മുട്ടയിടുന്നത്.സംഭവം വാർത്തയായതോടെ കുട്ടിയെ പരിശോധിച്ച ഡോക്റ്റർ എക്സ്റേ എടുത്തു.ഇതിൽ കുട്ടിയുടെ ശരീരത്തിൽ മുട്ടയുള്ളതായി കാണപ്പെട്ടു.പിന്നീട് ഡോക്റ്റർമാരുടെ മുന്നിൽ വെച്ചും കുട്ടി രണ്ടു മുട്ടയിട്ടു.എന്നാൽ ഒരു മനുഷ്യ ശരീരത്തിൽ നിന്നും ഇത്തരത്തിൽ മുട്ട വരില്ലെന്നും കുട്ടി മുട്ടവിഴുങ്ങിയതാവാമെന്നുമായിരുന്നു ഡോക്റ്റർമാരുടെ വാദം.അല്ലെങ്കിൽ മുട്ട മലദ്വാരത്തിനുള്ളിൽ കയറ്റിവെച്ചതാകാമെന്നും ഡോക്റ്റർമാർ സംശയിക്കുന്നു.ഇത് മുട്ടതന്നെയാണോ എന്നറിയാനായി ഉടച്ചു നോക്കിയപ്പോൾ മഞ്ഞയും വെള്ളയും ചേർന്ന മിശ്രിതമാണ് ലഭിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.അതിനു ശേഷമാണ് ഡോക്റ്ററെ സമീപിച്ചത്.ഇൻഡോനേഷ്യയിലെ ശൈഖ് യൂസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിയെ ഒരു സംഘം ഡോക്റ്റർമാർ നിരീക്ഷിച്ചു വരികയാണ്.വിദഗ്ദ്ധ പഠനത്തിന് ശേഷം മാത്രമേ ഇത് എന്തെങ്കിലും തരത്തിലുള്ള രോഗമാണോ എന്ന് സ്ഥിതീകരിക്കാനാകൂ എന്നും ഡോക്റ്റർമാർ അറിയിച്ചു.