പാലക്കാട്:അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിന്റെ മർദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.ഇന്ന് കോടതി അവധിയായായതിനാൽ മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി മജിസ്‌ട്രേറ്റ് ജഡ്ജ് അനിൽ.കെ.ഭാസ്ക്കറിന്റെ വസതിയിലായിരിക്കും പ്രതികളെ ഹാജരാക്കുക.പ്രതികളെ റിമാൻഡ് ചെയ്തതിനു ശേഷം കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ പോലീസ് സമർപ്പിക്കും. മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് പതിനാറുപേരുടെ അറസ്റ്റ് ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു.ഇവർക്കെതിരെ കൊലപാതകക്കുറ്റം, പട്ടിക വർഗ പീഡന വിരുദ്ധ നിയമപ്രകാരമുള്ള വകുപ്പുകൾ,വനത്തിൽ അതിക്രമിച്ചു കയറിയതിനുള്ള പ്രത്യേക വകുപ്പുകൾ എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഷുഹൈബ് വധക്കേസ്;പ്രതികൾ ഉപയോഗിച്ച വാടക കാർ കണ്ടെത്തി
കണ്ണൂർ:ശുഹൈബ് വധക്കേസിൽ നിർണായക വഴിത്തിരിവ്.കൊലയാളികൾ സഞ്ചരിച്ച വാഹനം കണ്ടെത്തി.അരോളി പാലോട്ടുകാവിനു സമീപം യു. പ്രശോഭിന്‍റെ ഉടമസ്ഥതയിലുള്ള വെളുത്ത വാഗണ്‍ ആർ കാറാണു പ്രതികൾ കൊലയ്ക്ക് ഉപയോഗിച്ചത്.ശനിയാഴ്ച പോലീസ് പിടിയിലായ അഖിലാണു കാർ വാടകയ്ക്കെടുത്തത്.കൊല നടത്തിയ ശേഷം കാർ 14നു തിരികെ നൽകുകയും ചെയ്തു.വാഗൺആർ കാറിലെത്തിയ പ്രതികളാണ് ബോംബെറിഞ്ഞ ശേഷം ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് ശുഹൈബിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ വ്യക്തമാക്കിയിരുന്നു.ശുഹൈബ് വധക്കേസിൽ അഞ്ചുപ്രതികളെ കൂടി അറസ്റ്റ് ചെയ്തതായി അറിയിച്ച കണ്ണൂർ എസ്പി ശിവവിക്രം പ്രതികൾ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തതായി പറഞ്ഞിരുന്നു.ഈ കാറിനെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് പാപ്പിനിശ്ശേരി അരോളി സ്വദേശിയുടേതാണെന്ന് കണ്ടെത്തിയത്.അതേസമയം കേസിൽ നേരത്തെ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയെയും റിജിൻ രാജിനെയും നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
കൊച്ചി പീസ് സ്കൂൾ മാനേജിങ് ഡയറക്ടർ എം.എം അക്ബർ അറസ്റ്റിൽ
ഹൈദരാബാദ്:കൊച്ചി പീസ് സ്കൂൾ മാനേജിങ് ഡയറക്റ്ററും മത പ്രബോധകനുമായ എം.എം അക്ബർ അറസ്റ്റിൽ.ഹൈദരാബാദ് പൊലീസാണ് എം.എം അക്ബറിനെ അറസ്റ്റ് ചെയ്തത്. മതസ്പർധ വളർത്തുന്ന സിലബസ് പഠിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. അക്ബറിന്റെ നേതൃത്വത്തിലുള്ള പീസ് സ്‌കൂളുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് കേരള പൊലീസാണ് എം.എം അക്ബറിനെതിരെ കേസെടുത്തത്.ഇയാളെ ഉടന്നെത്തന്നെ കേരളാപോലീസിന് കൈമാറുമെന്ന് ഹൈദരാബാദ് പോലീസ് അറിയിച്ചു.നേരത്തെ സ്കൂളിലെ പാഠപുസ്തകങ്ങളിൽ തീവ്ര മതചിന്തയും മത സ്പർധ വളർത്തുന്ന ഉള്ളടക്കങ്ങളും കണ്ടെത്തിയതിനെ തുടർന്ന് പീസ് ഇന്റർനാഷണൽ സ്കൂൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടിരുന്നു.മതം മാറിയ ശേഷം സിറിയയിലെക്ക് കടന്നതായി പറയപ്പെടുന്ന പെൺകുട്ടി എം.എം അക്ബറിന്റെ സ്‌കൂളിൽ ജോലി ചെയ്തിരുന്നുവെന്നതടക്കമുള്ള കാര്യങ്ങളാണ് അക്ബറിനെതിരെ കേസെടുക്കാൻ കേരള പോലീസിനെ പ്രേരിപ്പിച്ചത്.ആഗോളതലത്തിൽ തന്നെ ഭീകരവാദ പ്രവർത്തനത്തിന്റെ കരിനിഴലിൽ ഉള്ള മതപ്രഭാഷകൻ സാക്കിർ നായിക്കുമായി സ്കൂളിന് ബന്ധമുള്ളതായും അന്വേഷണ ഏജൻസികൾ സംശയിക്കുന്നു.
ഇരിക്കൂർ ഊരത്തൂരിൽ നിന്നും മനുഷ്യന്റെ തലയോട്ടി കണ്ടെത്തി
കണ്ണൂർ:ഇരിക്കൂർ ഊരത്തൂർ പബ്ലിക് ഹെൽത്ത് സെന്ററിന് സമീപത്തു നിന്നും മനുഷ്യന്റെ തലയോട്ടി കണ്ടെത്തി.നായ്ക്കൾ തലയോട്ടി കടിച്ചെടുത്തു പോകുന്നത് കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.ഇരിക്കൂർ പോലീസും കണ്ണൂരിൽ നിന്നും ഡോഗ് സ്ക്വാർഡും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തലയോട്ടിയിൽനിന്നും നേരിയ തോതിൽ ദുർഗന്ധം വമിക്കുന്നതിനാൽ ഇതിനു കാര്യമായ കാലപ്പഴക്കം ഇല്ലെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.പോലീസ് നായ മണം പിടിച്ച് ആ പരിസരത്ത് ഓടിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രമുഖ ചലച്ചിത്ര താരം ശ്രീദേവി അന്തരിച്ചു
മുംബൈ:പ്രമുഖ ചലച്ചിത്ര താരം ശ്രീദേവി(54) അന്തരിച്ചു.ഹൃദയാഘാതം മൂലം ദുബായിൽ വച്ചാണ് അന്ത്യം.ബോളിവുഡ് നടൻ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് ശ്രീദേവിയും കുടുംബവും ദുബായിലെത്തിയത്.പ്രമുഖ നിർമാതാവ് ബോണി കപൂർ ഭർത്താവാണ്.ജാന്‍വി, ഖുഷി എന്നിവർ മക്കളാണ്.ബോണി കപൂറിന്‍റെ സഹോദരന്‍ സഞ്ജയ് കപൂര്‍ മരണ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിൽ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്.2013ൽ പത്മശ്രീ ലഭിച്ചു.രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ആറ് ഫിലിം ഫെയർ അവാർഡുകളും കിട്ടിയിട്ടുണ്ട്. ആലിംഗനം, തുലാവർഷം, സത്യവാൻ സാവിത്രി, നാല് മണി പൂക്കൾ, ദേവരാഗം കുമാര സംഭവം ഉള്‍പ്പെടെ 26 മലയാള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്.1967ൽ നാലാം വയസിൽ തുണൈവൻ എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായി ശ്രീദേവി സിനിമ അരങ്ങേറ്റം കുറിച്ചു.1971ൽ പൂമ്പാറ്റ എന്ന മലയാള ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളാ സംസ്ഥാന പുരസ്കാരം നേടി.1976ൽ കെ. ബാലചന്ദറിന്‍റെ സംവിധാനത്തിൽ ഒരുങ്ങിയ മുണ്ട്ര് മുടിച്ച് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആദ്യമായി നായികയായി എത്തിയത്.ഗായത്രി, പതിനാറ് വയതിനിലെ, സിഗപ്പ് റോജാക്കൾ, പ്രിയ, നിന്തും കോകില, മുണ്ട്രാം പിരൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. 979-ൽ സോൾവ സവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.1997-ല്‍ സിനിമാ രംഗത്ത് നിന്ന് ശ്രീദേവി താത്കാലികമായി വിടപറഞ്ഞെങ്കിലും 2012ൽ ഇംഗ്ലീഷ് വിഗ്ലീഷ് എന്ന ചിത്രത്തിലൂടെ താരം തിരിച്ചുവരവ് നടത്തി. കഴിഞ്ഞ വർഷം റിലീസായ മോം ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.
കോഴിക്കോട് മുക്കത്തു നിന്നും 1000 കിലോ സ്‍ഫോടക വസ്തുക്കള്‍ പിടികൂടി
കോഴിക്കോട്:കോഴിക്കോട് മുക്കത്ത് ലോറിയില്‍ കടത്തുകയായിരുന്ന 1000 കിലോ സ്ഫോടക വസ്തു പോലീസ് പിടികൂടി.ലോറിയില്‍ ഉണ്ടായിരുന്ന സേലം സ്വദേശി മാതേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.1000 കിലോ ജലാറ്റിന്‍ സ്റ്റിക്കായിരുന്നു ലോറിയില്‍ ഉണ്ടായിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. തമിഴ്നാട്ടില്‍ നിന്ന് വയനാട്ടിലേക്കാണ് സ്ഫോടക വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചതെന്നാണ് വിവരം ലഭിച്ചത്. സ്ഫോടക വസ്തുകളുമായി ബന്ധപ്പെട്ട രേഖകളൊന്നും ഡ്രൈവറുടെ കൈവശം ഉണ്ടായിരുന്നില്ല. പെട്ടികളിലാക്കി ടാർപോളിൻ കൊണ്ട് മൂടിയാണ് സ്ഫോടക വസ്തുക്കള്‍ ലോറിയില്‍ സൂക്ഷിച്ചിരുന്നത്. ലോറി മുക്കം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ബീഹാറിൽ സ്കൂളിലേക്ക് കാർ പാഞ്ഞുകയറി ഒൻപതു കുട്ടികൾ മരിച്ചു;24 പേർക്ക് പരിക്കേറ്റു
പാറ്റ്ന:ബീഹാറിലെ മുസാഫർപൂരിൽ സ്കൂൾ കെട്ടിടത്തിലേക്ക് കാർ പാഞ്ഞുകയറി ഒൻപതു കുട്ടികൾ മരിച്ചു.24 പേർക്ക് പരിക്കേറ്റു.സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം നഷ്ട്ടപ്പെട്ട് സ്കൂൾ വളപ്പിനകത്തേക്ക് പാഞ്ഞു കയറുകയായിരുന്നു.പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചിച്ചു.മരിച്ച കുട്ടികളുടെ കുടുംബത്തിന് നാലുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
കണ്ണൂർ സിറ്റിയിൽ ബ്രൗൺഷുഗറുമായി മൂന്നു യുവാക്കൾ പിടിയിൽ
കണ്ണൂർ:കണ്ണൂർ സിറ്റിയിൽ ബ്രൗൺഷുഗറുമായി മൂന്നു യുവാക്കൾ പിടിയിൽ.പുഴാതി കുഞ്ഞി പള്ളി ചെറുവത്ത് വീട്ടിൽ യാസിർ അറഫാത്ത് (23) തായതെരു സെയ്താകത്ത് വീട്ടിൽ അബ്ദുൾ ജബ്ബാർ (30) ചിറക്കൽ സിയാൽ ഹൗസിൽ മുഹമ്മദ് ഷിയാസ് (23) എന്നിവരെയാണ് ജോയിന്റ് എക്സൈസ കമ്മിഷണറുടെ സ്ക്വാഡ് ഇൻസ്പെക്ടർ എം -ദിലീപും സംഘവും പിടികൂടിയത്.ഇവർ വർഷങ്ങളായി ലഹരി ഉപയോഗിക്കുന്നവരും മയക്കുമരുന്ന് വില്പന നടത്തുന്ന കണ്ണിയിൽ പെട്ടവരുമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഇവരിൽ നിന്നും 6 ഗ്രാം ബ്രൌൺ ഷുഗറും നിരവധി സിറിഞ്ചുകളും പിടിച്ചെടുത്തു.ഇവർ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.പ്രിവന്റീവ് ഓഫീസർ വി.കെ.വിനോദ്,സിവിൽ എക്സൈസ് ഓഫീസർമാരായ എം.വി.അഷറഫ്,വി.പി.ശ്രീകുമാർ,റിഷാദ് സി.എച്ച്, റജിൽരാജ്,എക്സൈസ് ഡ്രൈവർ ബിനീഷ് എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.പ്രതികളെ വടകര NDPS കോടതിയിൽ ഹാജരാക്കും.
കണ്ണൂർ സിറ്റി കസാനക്കോട്ടയിൽ ഉണ്ടായ സ്‌ഫോടനത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്
കണ്ണൂർ:കണ്ണൂർ സിറ്റി കസാനക്കോട്ടയിൽ ഉണ്ടായ സ്‌ഫോടനത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാർഥികൾ നഷ്ട്ടമായ ബോൾ തിരയുന്നതിനിടെയായിരുന്നു സ്ഫോടനം.സ്‌ഫോടനത്തിൽ പരിക്കേറ്റ റാസി(14) എന്ന വിദ്യാർത്ഥിയെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ബോംബ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും എസ് ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
കണ്ണൂർ മുഴക്കുന്നിൽ എബിവിപി പ്രവർത്തകർക്ക് നേരെ ആക്രമണം;നാലുപേർക്ക് പരിക്ക്
ഇരിട്ടി:മുഴക്കുന്ന് നല്ലൂരില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം. ഇരുമ്പ് ദണ്ഡ് കൊണ്ട് അടിയേറ്റു പരിക്കേറ്റ നാലുപേരെ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിട്ടി പയഞ്ചേരി സ്വദേശികളായ അമല്‍ ആയഞ്ചേരി (23), സഹോദരന്‍ അക്ഷയ് ആയഞ്ചേരി (18), വി. അമല്‍ (22), ശരത്ത് രാജ് (18) എന്നിവർക്കാണ് പരിക്കേറ്റത്.ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ഇവര്‍ പറഞ്ഞു. പുലര്‍ച്ചെ അഞ്ചുമണിയോടെ മുഴക്കുന്ന് നല്ലൂര്‍ പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ തെയ്യം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ പത്തോളം പേര്‍ അടങ്ങുന്ന സംഘം കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.ഇവര്‍ സഞ്ചരിച്ച കാറും അക്രമികൾ അടിച്ചു തകര്‍ത്തു. അമല്‍രാജിന്‍റെ മൂന്ന് പവനോളം വരുന്ന സ്വര്‍ണ മാലയും ശരത് രാജിന്‍റെ മൊബൈല്‍ ഫോണും അക്രമികള്‍ തട്ടിയെടുത്തു.