ന്യൂഡൽഹി:രാജ്യത്ത് കുതിച്ചുയർന്ന് ഇന്ധന വില.കേരളത്തിൽ ഇന്നും ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് വര്‍ധിച്ചത് 8 രൂപ 49 പൈസയും പെട്രോളിന് കൂടിയത് 6 രൂപ 75 പൈസയുമാണ്.തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ 59 പൈസയും ഡീസലിന് 104 രൂപ 30 പൈസയുമായി. കൊച്ചിയില്‍ 108 രൂപ 55 പൈസ പെട്രോളിനും 102. രൂപ 40 പൈസ ഡീസലിനുമായി.അതേസമയം രാജ്യത്ത് 120 രൂപയും കഴിഞ്ഞും ഇന്ധന വില കുതിക്കുകയാണ്. രാജസ്ഥാനിലെ ഗംഗാനഗറില്‍ പെട്രോളിന് 120 രൂപയും 49 പൈസയുമാണ്. ഡീസലിന് 111 രൂപയും 40 പൈസയുമായി ഉയര്‍ന്നു.അതിനിടെ ഇന്ധന വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ബസ് നിരക്ക് വര്‍ധന ആവശ്യപ്പെട്ട് കേരളത്തില്‍ നവംബര്‍ ഒൻപതുമുതല് സ്വകാര്യബസുകള്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. 2018-ല്‍ ഡീസലിന് 62 രൂപ വിലയുണ്ടായിരുന്നപ്പോഴാണ് മിനിമം ചാര്‍ജ് എട്ടുരൂപയാക്കിയത്. ഇപ്പോള്‍ 41 രൂപവരെ കൂടി. യാത്രക്കാരുടെ എണ്ണവും വന്‍തോതില്‍ കുറഞ്ഞു. 2011-ല്‍ 34,000 ബസുകള്‍ ഉണ്ടായിരുന്നെങ്കില്‍ കോവിഡിനുമുന്‍പ് അത് 12,000 ആയി ചുരുങ്ങി. ഇപ്പോള്‍ 6000 ബസുകളാണ് നിരത്തിലുള്ളത്.മിനിമം ചാര്‍ജ് എട്ടില്‍നിന്ന് 12 രൂപയാക്കുന്നതിനൊപ്പം കിലോമീറ്റര്‍ നിരക്ക് ഒരുരൂപയായി വര്‍ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാനിരക്ക് ഒരു രൂപയില്‍നിന്ന് അഞ്ച് രൂപയാക്കുക, സ്വകാര്യബസുകളുടെ വാഹനനികുതി പൂര്‍ണമായി ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.