കൊച്ചി:നാളെ മുതല്‍ എസ്ബിഐ എടിഎമ്മുകളില്‍ നിന്നും 10000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കാന്‍ രജിസ്റ്റേർഡ് മൊബൈല്‍ നമ്പറിൽ വരുന്ന ഒടിപി നിർബന്ധമാക്കി. അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പറിലാണ് ഒടിപി ലഭിക്കുക. പിന്‍വലിക്കേണ്ടുന്ന തുക ടൈപ് ചെയ്താലുടന്‍ ഒടിപി എന്റര്‍ ചെയ്യാനുള്ള നിര്‍ദേശം എടിഎം സ്ക്രീനില്‍ തെളിയുമെന്നു ബാങ്ക് അറിയിച്ചു.വിവിധ രീതിയിലുള്ള കാര്‍ഡ് തട്ടിപ്പുകള്‍ വ്യാപകമായതോടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, രാത്രി 8 മുതല്‍ രാവിലെ 8 വരെ ഈ സംവിധാനം ജനുവരി മുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. പുതിയ സേവനം ഉപയോഗിക്കാന്‍ എല്ലാ അക്കൌണ്ട് ഉടമകളും മൊബൈല്‍ നമ്ബറുകള്‍ രജിസ്റ്റര്‍ ചെയ്യാനോ അപ്ഡേറ്റ് ചെയ്യാനോ എസ്ബിഐ നിര്‍ദേശിക്കുന്നു. നാഷണല്‍ ഫിനാന്‍ഷ്യല്‍ സ്വിച്ചിലെ (എന്‍എഫ്എസ്) എസ്ബിഐ ഇതര എടിഎമ്മുകളില്‍ ഈ പ്രവര്‍ത്തനം വികസിപ്പിച്ചിട്ടില്ലാത്തതിനാല്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സൗകര്യം എസ്ബിഐ എടിഎമ്മുകളില്‍ മാത്രമേ ലഭ്യമാകൂ.