തിരുവനന്തപുരം: അടുത്ത വർഷം മുതൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാംസാഹാരം ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സർക്കാർ വെജും നോൺവെജും ഇവ രണ്ടും കഴിക്കുന്നവർക്കും ഒപ്പമാണെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 60 വർഷമായി കലോത്സവം നടന്നുവരികയാണ്. അന്ന് മുതൽ ശീലിച്ച രീതിയാണ് വെജിറ്റേറിയൻ ഭക്ഷണം. കായിക മേളയിൽ വെജും മാംസാഹാരവും നൽകുന്നുണ്ട്. കലോത്സവത്തിൽ 20,000 ലധികം ആളുകൾ ഭക്ഷണം കഴിക്കുന്നുണ്ട്.ഇവർക്ക് നോൺവെജ് നൽകുന്നതിൽ ബുദ്ധിമുട്ടില്ല. കലോത്സവം അവസാനിക്കാൻ ഇനി രണ്ട് നാൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടയിൽ നോൺ വെജ് നൽകാൻ കഴിയുമോയെന്ന കാര്യം ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചേർന്ന് ആലോചിച്ച് തീരുമാനിക്കാം. അടുത്ത വർഷം കലോത്സവത്തിന് എന്തായാലും മാംസാഹാരം ഉണ്ടായിരിക്കുമെന്നും ശിവൻകുട്ടി ഉറപ്പ് നൽകി.നോൺവെജ് കഴിക്കുമ്പോൾ കുട്ടികൾക്ക് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാകുമോയെന്ന ആശങ്കയുണ്ട്. അല്ലാതെ മാംസാഹാരം നൽകരുതെന്ന നിർബന്ധം സർക്കാരിനില്ല. 60 വർഷക്കാലം ഉണ്ടാകാതിരുന്ന ബ്രാഹ്‌മണ മേധാവിത്വം ഇപ്പോഴാണോ എല്ലാവരും കാണുന്നത്. 61ാമത് കലോത്സവം കുറ്റമറ്റ രീതിയിൽ പുരോഗമിക്കുകയാണ്. ഇത് തകർക്കാനുള്ള ശ്രമമാണ് വിവാദമെന്നും ശിവൻകുട്ടി പ്രതികരിച്ചു.
അതേസമയം വിഷയത്തിൽ സ്കൂൾ കലോത്സവത്തിൽ പാചകത്തിന്റെ ചുമതലയുള്ള പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവത്തിനെത്തുന്ന കുട്ടികൾക്ക് വെജിറ്റേറിയൻ ഭക്ഷണം നൽകുന്നതിനെതിരെയാണ് പ്രമുഖർ അടക്കമുള്ളവര്‍ വിമർശനം ഉന്നയിച്ചത്. ‘അവിടെ പ്രസാദമൂട്ടല്ല, ഭക്ഷണപ്പുരയാണ്’, ‘പഴയിടത്തിന്റെ കാളനില്ലെങ്കിൽ യുവകലാ കേരളമുണരില്ലേ?’ എന്നിങ്ങനെ നീണ്ടു വിമര്‍ശനങ്ങൾ.അതേസമയം, ഈ ചർച്ചയിൽ പഴയിടം മോഹനൻ നമ്പൂതിരിയെ പിന്തുണച്ച് മറുവിഭാഗവും എത്തിക്കഴിഞ്ഞു. പഴയിടം രുചികരമായ സദ്യയുണ്ടാക്കുക മാത്രമല്ല, നല്ല ഒന്നാന്തരം ബീഫ് കറിയുമുണ്ടാക്കുമെന്ന് ഇവർ പറയുന്നു. കലോത്സവ വേദിയിൽ സദ്യയാണെങ്കിൽ, സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭക്ഷണപന്തലിൽ പലതവണ നോൺവെജ് ഭക്ഷണം പഴയിടത്തിന്റെ ടീം ഒരുക്കിയിട്ടുണ്ടെന്നും അത് കഴിച്ചിട്ടുള്ളവർക്ക് ആ രുചി അറിയാമെന്നുമാണ് ഇക്കൂട്ടർ വാദിക്കുന്നത്.വർഷങ്ങളായി സംസ്ഥാന സ്കൂൾ കലോത്സവത്തിന് പാചകത്തിന്റെ ചുമതല പഴയിടത്തിനാണ്. കോഴിക്കോട്ടേത് പഴയിടത്തിന്റെ പതിനാറാമാത്തെ കലോത്സവമാണ്. ഒരു കായിക മേളയിലോ കലാമേളയിലോ വന്ന് തീരുന്നതല്ല പഴയിടത്തിന്റെ പെരുമയെന്നു അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു