തിരുവനന്തപുരം:മെയ് ഒന്ന് മുതൽ അന്ത്യോദയ അന്ന യോജനയിൽപ്പെട്ട ഉപഭോക്താക്കൾക്കൊഴികെ എല്ലാ വിഭാഗങ്ങൾക്കും റേഷനരിക്ക് ഒരു രൂപ കൂടും. ഇപ്പോൾ സൗജന്യമായി അരി ലഭിക്കുന്ന മുൻഗണന വിഭാഗക്കാരും ഇനി മുതൽ കിലോഗ്രാമിന് ഒരുരൂപ നിരക്കിൽ നൽകണം.ഇ-പോസ് മെഷീൻ എല്ലാ റേഷൻ കടകളിലും മെയ് ഒന്ന് മുതൽ നിലവിൽ വരുന്നതോടെ റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ കൂടുതലുള്ള വേതനം നിൽവിൽ വരും.ഇവരുടെ കുറഞ്ഞ വേതനം 16000 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്.ഇപ്പോൾ കിന്റലിന് 100 രൂപയാണ് വ്യാപാരികൾക്ക് കമ്മീഷൻ നൽകുന്നത്.ഇത് ഇനി മുതൽ 220 രൂപയാകും.ഈ ഇനത്തിൽ അധികം വേണ്ടിവരുന്ന 120 കോടി രൂപ കണ്ടെത്താനാണ് ഉപഭോക്താക്കളിൽ നിന്നും ഒരു രൂപ അധികം ഈടാക്കുന്നത്.ഈ ഇനത്തിൽ കേന്ദ്രസർക്കാർ സഹായമായി കിന്റലിന് 43.50 രൂപ സംസ്ഥാന സർക്കാരിന് ലഭിക്കും.റേഷൻ കടകളിൽ ഇ-പോസ് മെഷീൻ ഉപയോഗിച്ച് തുടങ്ങിയതോടെ 20 ശതമാനം അരി മിച്ചം വരുന്നതായി കണ്ടെത്തിയിരുന്നു.ഈ അരി കിലോയ്ക്ക് 9.90 നിരക്കിൽ പൊതു വിഭാഗത്തിന്(വെള്ള കാർഡ്)നൽകും.