മുംബൈ:യുക്രെയിനില്‍ നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ ആദ്യസംഘം മുംബൈയില്‍ എത്തി.219 യാത്രക്കാരുമായി ബുക്കാറെസ്റ്റിൽ നിന്നും പുറപ്പെട്ട വിമാനമാണ് മുംബൈയിലെത്തിയത്. ആദ്യ സംഘത്തിൽ മുപ്പതിലധികം മലയാളികളുണ്ട്. എയർ ഇന്ത്യയുടെ ബോയിങ് വിമാനത്തിലാണ് ഇവരെ എത്തിച്ചത്.യാത്രക്കാരെ കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.മാതൃരാജ്യത്തേക്ക് സ്വാഗതം എന്ന കുറിപ്പോടെ ട്വിറ്ററിലൂടെ പീയൂഷ് ഗോയൽ ഇതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു. വിമാനത്തിന് അകത്ത് എത്തിയാണ് അദ്ദേഹം ഇവരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തത്. വിമാനത്തിൽ ഉണ്ടായിരുന്നവരുടെ മുഖത്ത് വിരയുന്ന ചിരിയിൽ സന്തോഷം തോന്നുന്നുവെന്ന് അദ്ദേഹം കുറിച്ചു. ബുക്കാറസ്റ്റില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം രാത്രി 1.30 ഓടെ ഡല്‍ഹിയില്‍ പറന്നിറങ്ങും. 250 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടാവുക.ഇതില്‍ 17 മലയാളികളാണുള്ളത്. സംഘത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം യുക്രെയ്‌നില്‍ കുടുങ്ങിയ മറ്റുള്ളവരുമുണ്ട്. റൊമാനിയയിലെ ഇന്ത്യൻ അംബാസഡർ രാഹുൽ ശ്രീവാസ്തവ നേരിട്ടെത്തിയാണ് ഇന്ത്യൻ പൗരൻമാരെ യാത്രയാക്കിയത്. അവസാന പൗരനെയും സുരക്ഷിതമായി ഒഴിപ്പിക്കാതെ തങ്ങളുടെ ദൗത്യം അവസാനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നാട്ടില്‍ തിരിച്ചെത്തുന്നവരെ പുറത്തിറക്കാന്‍ വിമാനത്താവളത്തില്‍ വലിയ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കായി സൗജന്യ കോവിഡ് പരിശോധന നടത്തുന്നത് അടക്കമുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയത്. യുക്രെയിനില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി ഹംഗറിയില്‍ എത്തിക്കുന്നതിനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്. സഹോണി- ഉസ്‌ഹോറോഡ് അതിര്‍ത്തി വഴിയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റില്‍ എത്തിക്കുക. ഇതിനായി ഇന്ത്യന്‍ എംബസിയുടെ ഒരു യൂണിറ്റ് സഹോണിയില്‍ പ്രവര്‍ത്തിക്കുന്നതായി ഹംഗറിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.ഹംഗറിയിലെ കോണ്‍സുലേറ്റ് ജനറലുമായി ഏകോപനം നടത്തിയാണ് വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി ബുഡാപെസ്റ്റില്‍ എത്തിക്കുന്നത്.ബാച്ചുകളായി തിരിച്ചാണ് ഇന്ത്യക്കാരെ അതിര്‍ത്തി കടത്തി ബുഡാപെസ്റ്റില്‍ എത്തിക്കുക. തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഇവരെ നാട്ടില്‍ എത്തിക്കുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു.