Kerala, News

സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണം ആരംഭിച്ചു

keralanews free uniform distribution to schools in the state started

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണം ആരംഭിച്ചു.മന്ത്രി ഇ പി ജയരാജന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഹാന്‍വീവും ഹാന്‍ടെക്സുമാണ് യൂണിഫോമിനാവശ്യമായ തുണികള്‍ വിതരണം ചെയ്യുന്നത്.ഡിപിഐ കണക്ക് പ്രകാരം സംസ്ഥാനത്ത് ആകെ 37,32,578.2 മീറ്റര്‍ തുണിയാണ് സൗജന്യ യൂണിഫോം വിതരണത്തിനായി ആവശ്യമുള്ളത്.കേരളത്തിലെ കൈത്തറി സഹകരണ സംഘങ്ങള്‍ ഉല്‍പാദിപ്പിച്ച തുണികള്‍ മുഴുവനും ശേഖരിച്ച്‌ ഈ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യും. മെയ് പകുതിയോടെ യൂണിഫോം വിതരണം പൂര്‍ത്തിയാക്കാനാണ് സ്ഥാപനങ്ങള്‍ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളില്‍ ഹാന്‍ടെക്സും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളില്‍ ഹാന്‍വീവുമാണ് യൂണിഫോം തുണികള്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസരംഗം മികച്ചതാക്കുന്നതോടൊപ്പം പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിച്ച്‌ തൊഴിലാളികള്‍ക്ക് മികച്ച ജീവിത സാഹചര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സൗജന്യ യൂണിഫോം പദ്ധതി ഒരുക്കിയത്.

Previous ArticleNext Article