കണ്ണൂർ:പരിയാരം മെഡിക്കൽ കോളേജിൽ സൗജന്യ ചികിത്സ ഇനിയും വൈകും.ഏതാനും ദിവസങ്ങൾക്ക് മുൻപ് സ്ഥാപനം സർക്കാർ മെഡിക്കൽ കോളേജായി മാറിയിരുന്നു.ആരോഗ്യ വകുപ്പിന്റെ കീഴിൽ ഡയറക്റ്റർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ ഭരണത്തിലാണ് പരിയാരം മെഡിക്കൽ കോളേജ് ഇപ്പോൾ.സർക്കാർ മെഡിക്കൽ കോളേജായതോടെ പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഏപ്രിൽ ഒന്ന് മുതൽ രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും എന്നായിരുന്നു സൂചന.എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പെരുമാറ്റ ചട്ടത്തിന്റെ കാലാവധി തീർന്നശേഷമോ അല്ലെങ്കിൽ വോട്ടെടുപ്പിന് ശേഷം പ്രത്യേകാനുമതിയോടുകൂടി മാത്രമേ സൗജന്യ ചികിത്സാസംവിധാനം നടപ്പാക്കാനാകൂ എന്നാണ് അധികൃതർ നൽകുന്ന സൂചന.ചികിത്സ സൗജന്യം നൽകുന്നതിന് ഇനി ഉത്തരവ് നല്കാൻ സാധ്യമല്ലെന്നാണ് സാങ്കേതിക തടസ്സമായി പറയുന്നത്.എന്നാൽ മെഡിക്കൽ കോളേജിന്റെ ശരിയായ പ്രവർത്തനം ഉറപ്പാക്കാനും മറ്റ് സർക്കാർ മെഡിക്കൽ കോളേജുകളിൽ ലഭിക്കുന്ന അതെ ചിലവിൽ പരിയാരം മെഡിക്കൽ കോളേജിലും ചികിത്സ ലഭ്യമാക്കുന്നതിനുമാണ് സർക്കാർ സ്ഥാപനം ഏറ്റെടുക്കുന്നതെന്ന് ഓർഡിനൻസിൽ പറയുന്നുണ്ട്.അതുകൊണ്ട് തന്നെ സർക്കാർ ഉടമസ്ഥതയിലായ സ്ഥാപനത്തിൽ സൗജന്യ ചികിത്സ നൽകുന്നതിൽ ചട്ടലംഘനത്തിന്റെ പ്രശനമില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.