തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിര്‍ത്താലാക്കുന്നു. കൊവിഡ് സമയത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് റേഷന്‍ കടകള്‍ വഴി കിറ്റ് വിതരണം ചെയ്തതെന്നും വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ കിറ്റ് നല്‍കില്ലെന്നും ഭക്ഷ്യ മന്ത്രി ജി ആര്‍ അനിൽ ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ വ്യക്തമാക്കി.ആളുകള്‍ക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നല്‍കിയത്. ഇപ്പോള്‍ തൊഴില്‍ ചെയ്യാന്‍ പറ്റുന്ന സാഹചര്യമുണ്ട്. വരും മാസങ്ങളില്‍ കിറ്റ് കൊടുക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലോ ആലോചനയിലോ ഇല്ല.സപ്ലൈക്കോ വഴിയും കണ്‍സ്യൂമര്‍ഫെഡും ന്യായ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി പതിമൂന്ന് നിത്യോപയോഗ സാധനങ്ങള്‍ക്ക് സപ്ലൈക്കോയില്‍ വില വര്‍ദ്ധിപ്പിച്ചിട്ടില്ല. രാജ്യത്തൊട്ടാകെയുള്ള വിലക്കയറ്റം കേരളത്തെ ബാധിക്കാതിരിക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.കിറ്റ് വിതരണം തുടരില്ലെന്ന് നേരത്തേ തന്നെ സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. സൗജന്യ കിറ്റുവിതരണം സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കിയ സാഹചര്യത്തിലായിരുന്നു ഇത്.