Kerala, News

ഡിവൈഎഫ്ഐ ആവിഷ്‌ക്കരിച്ച സൗജന്യ ഭക്ഷണ വിതരണ പദ്ധതി ‘ഹൃദയപൂർവ്വം’ നൂറു ദിനം പിന്നിട്ടു

keralanews free food distribution project hridayapoorvam launched by d y f i rosses 100th day

കണ്ണൂർ:ഡിവൈഎഫ്ഐ ആവിഷ്‌ക്കരിച്ച സൗജന്യ ഭക്ഷണ വിതരണ പദ്ധതി ‘ഹൃദയപൂർവ്വം’ നൂറു ദിനം പിന്നിട്ടു.സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് ദിവസം തോറും നടത്തി വരുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയാണ് ഇത്.പദ്ധതിയുടെ നൂറാം ദിവസമായിരുന്നു ഇന്നലെ ഡിവൈഎഫ്ഐ കക്കറ മേഖല കമ്മിറ്റിയാണ് ഭക്ഷണ വിതരണം നടത്തിയത്.ജില്ലയിലെ 262 മേഖലകമ്മിറ്റികളും ഉൾപ്പെട്ടതാണ് പദ്ധതി.ഒരു ദിവസവും ഓരോ കമ്മിറ്റികൾക്കാണ് ഭക്ഷണ വിതരണത്തിന്റെ ചുമതല.കണ്ണൂർ ജില്ലാ ആശുപത്രിക്ക് പുറമെ പേരാവൂർ ആശുപത്രിയിലും നൂറു ദിവസത്തെ ഭക്ഷണ വിതരണം പൂർത്തിയായി.മേഖലയിലെ വീടുകളിൽ ആദ്യം കത്തുനൽകുകയാണ് ചെയ്യുക.തങ്ങൾക്ക് സാധിക്കുന്ന അളവിൽ ഭക്ഷണപ്പൊതി നൽകാനാണ് വീട്ടുകാരോട് പറയുക.ചിലർ അഞ്ചുപൊതികൾ നൽകുമ്പോൾ മറ്റു ചിലർ ഇരുപത് പൊതി വരെയൊക്കെ നൽകും.ഇവയൊക്കെ ശേഖരിച്ച് ശരാശരി ആയിരം പൊതിച്ചോറുകൾ പ്രത്യേകം വാഹനത്തിൽ ഉച്ചയോടെ ആശുപത്രി പടിക്കൽ എത്തിക്കും.രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വരിയിൽ നിന്ന് പൊതിച്ചോറ് വാങ്ങാം.1300 വരെ പൊതിച്ചോറുകൾ വിതരണം ചെയ്ത ദിവസങ്ങളും ഉണ്ടെന്ന് പ്രവർത്തകർ പറയുന്നു.പദ്ധതി ജില്ലയിലെ താലൂക്ക് ആശുപത്രികളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി ഡിവൈഎഫ്ഐ ജില്ലാ സെക്രെട്ടറി വി.കെ സനോജ് പറഞ്ഞു.ദിനംതോറുമുള്ള രക്തദാന പദ്ധതിക്കും പേരാവൂരിൽ തിങ്കളാഴ്ച  ഡിവൈഎഫ്ഐ തുടക്കം കുറിച്ചിട്ടുണ്ട്.ഭക്ഷണ വിതരണത്തിനെത്തുന്ന വോളന്റിയർമാർക്കൊപ്പം രക്തദാനം ചെയ്യാൻ സന്നദ്ധരായവരും ആശുപത്രിയിൽ എത്തും.

Previous ArticleNext Article