തിരുവനന്തപുരം:കെഎസ്ആര്‍ടിസിയില്‍ വ്യാപക ക്രമക്കേടെന്ന് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍.ജീവനക്കാര്‍ പലവിധത്തില്‍ തട്ടിപ്പ് നടത്തി കെ.എസ്.ആര്.ടി.സിയെ നഷ്ടത്തിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.പല കെഎസ്ആര്‍ടിസി ഡിപ്പോകളിലും ജീവനക്കാര്‍ പലരും കൃത്യമായി പണിയെടുക്കുന്നില്ല. ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു. അവര്‍ക്ക് പകരം മറ്റിടങ്ങളില്‍ എം പാനലുകാര്‍ ജോലി ചെയ്യുന്നു. പല ഡിപ്പോകളും നടത്തിക്കൊണ്ടുപോകുന്നത് എം പാനലുകാരാണ്. സിഎന്‍ജിയെ എതിര്‍ക്കുന്നത് ട്രിപ്പ് ദൂരം കൂട്ടിക്കാണിച്ചുള്ള ഡീസല്‍ വെട്ടിപ്പ് തുടരാനാണ് എന്നും ബിജു പ്രഭാകര്‍ പറഞ്ഞു. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കെഎസ്ആര്‍ടിസിയുടെ 100 കോടിയോളം രൂപ കാണാനില്ല. അന്ന് അക്കൗണ്ട്സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കും. നിലവില്‍ എക്സിക്യൂടീവ് ഡയറക്ടറാണ് ശ്രീകുമാര്‍. മറ്റൊരു എക്സിക്യൂട്ടീവ് ഡയറക്ടറായ ഷറഫിനെതിരെയും നടപടിയുണ്ടാകും. പോക്സോ കേസില്‍ ആരോപണവിധേയരായ ജീവനക്കാരെ തിരിച്ചെടുത്തതിലാണ് വിജിലന്‍സ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ പിഎം ഷറഫിനെതിരെ നടപടി എടുക്കുമെന്ന് എംഡി പറഞ്ഞത്. കെഎസ്ആര്‍ടിസി കടം കയറി നില്‍ക്കുകയാണെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.കടുത്ത പ്രതിസന്ധി മറികടക്കാനാണ് ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ വില്‍ക്കാനും പാട്ടത്തിന് നല്‍കാനും തീരുമാനിച്ചതെന്ന് എംഡി വിശദീകരിച്ചു. വികാസ് ഭവന് ഡിപ്പോ കിഫ്ബിയ്ക്ക് പാട്ടത്തിനു നല്കുന്ന നടപടി സുതാര്യമാണ്. കെഎസ്ആര്‍ടിസിയെ വെട്ടിമുറിക്കാനല്ല ശ്രമം. ജീവനക്കാരില്‍ ആരെയും പിരിച്ചുവിടില്ല. എന്നാല്‍ ആളുകളെ കുറയ്ക്കേണ്ടി വരും. 22000 പേരായി ആദ്യഘട്ടം ജീവനക്കാരെ കുറയ്ക്കും. പിന്നീട് 15000 ആയും 10000 ആയും ജീവനക്കാരെ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.