കണ്ണൂര്‍: റെയില്‍വേയില്‍ ടിക്കറ്റ് എക്‌സാമിനറാണെന്ന വ്യാജേന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണംതട്ടിയെടുത്ത സംഭവത്തിൽ യുവതി പിടിയിൽ.ഇരിട്ടി ചരള്‍ സ്വദേശിനി ബിന്‍ഷ ഐസക്ക്(27) ആണ് പിടിയിലായത്.യുവതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഇരിട്ടി സ്വദേശിനിയായ മാഡം എന്നു വിളിക്കുന്ന സ്ത്രീയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് അന്വേഷണസംഘംഅറിയിച്ചു.അഞ്ച് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും രണ്ടുലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിന്‍ഷ ഐസക്ക്(27)തട്ടിയെടുത്തത്. കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകയായ മാഡത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. ബിന്‍ഷയുടെ മൊബൈല്‍ ഫോണില്‍ ഇവരുടെ ഫോണ്‍നമ്പരും ഇവര്‍ തമ്മില്‍ നടത്തിയ വാട്‌സ് ആപ്പ് സന്ദേശങ്ങളുമുണ്ട്.ഇതോടെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവരെ കസ്റ്റഡിയിലെടുക്കാനാണ് പോലീസിന്റെ നീക്കം. ബിന്‍ഷ തൊഴില്‍ തട്ടിപ്പ് നടത്തിയത് ഇവരുടെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് പൊലിസ് നല്‍കുന്ന വിവരം. ബാസ്‌കറ്റ് ബോള്‍ താരമായിരുന്ന ബിന്‍ഷയ്ക്ക് നേരത്തെ റെയില്‍വേയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ലഭിച്ചിരുന്നു.എന്നാൽ പിന്നീട് ഈ ജോലി നഷ്ടപ്പെട്ടിരുന്നു.