മോസ്കോ:ലോകകപ്പ് ഫുട്ബാൾ കലാശക്കൊട്ട് ഇന്ന്.വിശ്വകിരീടത്തിനായി ഫ്രാന്‍സും ക്രൊയേഷ്യയും തമ്മിലാണ് പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 8.30ന് മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിലാണ് മത്സരം.32 ടീമുകള്‍, 63 മത്സരങ്ങള്‍, 30 നാള് നീണ്ട കാല്പന്തിന്റെ മഹാമേളക്ക് തിരശ്ശീല വീഴുകയാണ്. ഇനിയുള്ളത് ലോകഫുട്ബോളിന്റെ പുതിയ രാജാക്കന്മാരുടെ കിരീടധാരണം.രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഫ്രാൻസ് ഇന്നിറങ്ങുക. ക്രൊയേഷ്യയാകട്ടെ ആദ്യമായി കപ്പുയർത്താനുള്ള പുറപ്പാടിലുമാണ്. താരസമ്പന്നമാണ് ഫ്രാന്‍സ്.വേഗതയും കരുത്തും സമ്മേളിക്കുന്ന യുവനിര.ഫുട്ബോള്‍ വിദഗ്ധരുടെ പ്രവചനങ്ങളധികവും സിദാന്റെ പിന്മുറക്കാര്‍ക്കൊപ്പമാണ്.തുടക്കം പ്രതിരോധിച്ച്, എതിര് തന്ത്രം മനസിലാക്കി അവരുടെ ബലഹീനതകള്‍ മുതലാക്കി കളി കൈപ്പിടിയിലൊതുക്കുന്ന രീതിയാണ് ഫ്രാന്‍സിന്റേത്. ലീഡ് നേടിയ ശേഷം അത് നിലനിർത്താനും അവര്‍ക്ക് സാധിക്കുന്നുണ്ട്. ബോക്സിലേക്ക് ഇരച്ചുകയറി, ഭീഷണി വിതയ്ക്കുന്ന എബാപെയായിരിക്കു ഫ്രാന്‍സിന്റെ വജ്രായുധം. പക്ഷെ, കടലാസിലെയും കണക്കിലെയും കരുത്തിലല്ല കാര്യമെന്ന് തെളിയിച്ചവരാണ് ക്രൊയേഷ്യ. ഈ ലോകകപ്പില്‍ കളിച്ച് തന്നെ ഫൈനലിലെത്തിയവരാണ് ക്രൊയേഷ്യ.ഫൈനലിലിറങ്ങുമ്ബോള് ക്രൊയേഷ്യയുടെ കരുത്ത് അവരുടെ ഭാവനാസമ്പന്നമായ മധ്യനിരയില്‍ തന്നെയാണ്. നായകന് ലൂക്കാ മോഡ്രിച്ചും ഉപനായകന്‍ ഇവാന് റാക്കിറ്റിച്ചും കളിയുടെ നിയന്ത്രണം കാലുകളില്‍ കൊരുത്താല് ലോകകപ്പ് ക്രൊയേഷ്യയിലേക്ക് നീങ്ങും. സെമിയില്‍ സൂപ്പര്‍ ജോഡി ഒന്ന് നിറം മങ്ങിയപ്പോള്‍ പകരം രക്ഷകവേഷം ധരിച്ചെത്തിയ മരിയോ മന്‍സൂക്കിച്ച്, ഇവാന് പെരിസിച്ച്, സിമെ വ്രസാല്‍ക്കോ ഇവര്‍ക്കൊപ്പം, ഗോള്‍വലയ്ക്ക് മുന്നിലെ അതികായന് ഡാനിയല്‍ സുബാസിച്ചും ചേരുമ്പോൾ ക്രൊയേഷ്യ കരുത്തരാണ്.