കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ കവര്‍ച്ചാ പരമ്പര.ഏഴുകടകളില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് നാലുപേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ജില്ലാ ആശുപത്രി റോഡിലെ പ്ലാസ സിറ്റിസെന്ററിനു പിറകുവശത്തെ പപ്പാസ് കോംപ്ലക്‌സിലെ മൂന്നു കടകളില്‍ നടന്ന കവര്‍ച്ചയിലടക്കം നാലു പേരെയാണ് ടൗണ്‍ സിഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.സിറ്റി സെന്ററിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ മാനന്തവാടി കോറോം സ്വദേശി ഫൈസല്‍ (40), കൗമാരക്കാരനായ ഒരാളുമാണ് അറസ്റ്റിലായത്. കണ്ണൂര്‍ പ്ലാസ ജംഗ്ഷനില്‍ ഫ്രഷ് കൂള്‍ പാര്‍ലറിലെ ജോലിക്കാരിയായ ചാലാട് സ്വദേശിനി ടി. ഷീനയുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചതിന് ചപ്പാരപ്പടവിലെ ചൊക്കാനാകത്ത് മുഹമ്മദ് (56), ഏഴോം സ്വദേശി എം. മുഹമ്മദ് കുഞ്ഞി (68) എന്നിവരും അറസ്റ്റിലായി. കൂടാതെ ഞായറാഴ്ച രാത്രി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം മോഷണ ശ്രമത്തിനിടെ വര്‍ക്കല സ്വദേശി മുരുക (35) നും പൊലീസ് പിടിയിലായി. ഒട്ടേറെ കവര്‍ച്ചാ കേസുകളില്‍ പ്രതിയായ മുരുകന്‍ അയിരൂര്‍ വര്‍ക്കല പൊലീസ് സ്റ്റേഷനുകളില്‍ കവര്‍ച്ചയ്ക്കിടെ വീട്ടുടമയെ വധിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ്. തിരുവനന്തപുരം, തൃശൂര്‍, കൊല്ലം ജില്ലകളില്‍ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയുമാണ് വര്‍ക്കല സ്വദേശി മുരുകന്‍. കഴിഞ്ഞമാസം സബ് രജിസ്ട്രാര്‍ റോഡിലെ ഒട്ടേറെ കടകളില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതിയായ വയനാട് ഇരുളം സ്വദേശി വിശ്വരാജ് എന്ന വിശ്വം (39) മിനെയും കഴിഞ്ഞ ദിവസം ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.സിറ്റി സെന്ററിനു പിറകുവശത്തെ കോംപ്ലക്‌സിലെ ഗള്‍ഫ് ബീജി ‘കോം ടി മൊബൈല്‍ കമ്യൂണിക്കേഷന്‍സ്, ഡിവോയ് ബ്യൂട്ടി പാര്‍ലര്‍, ബാഗ് ആന്‍ഡ് ഷൂ, ആരാധന ജൂവലറിയുടെ ഓഫീസ് എന്നിവിടങ്ങളിലാണു ഒടുവില്‍ കവര്‍ച്ച നടന്നത്.