Kerala, News

സംസ്ഥാനത്ത് കോവിഡ് പരിശോധനയ്ക്ക് നാല് സര്‍ക്കാര്‍ ലാബുകള്‍ കൂടി

keralanews four more govt lab for covid testing in kerala

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് പരിശോധനയ്ക്ക് നാല് സര്‍ക്കാര്‍ ലാബുകള്‍ കൂടി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.എറണാകുളം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി എന്നീ 4 മെഡിക്കല്‍ കോളേജുകളിലാണ് കോവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റിയല്‍ ടൈം പിസിആര്‍ ലാബുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇവയില്‍ എറണാകുളം മെഡിക്കല്‍ കോളേജിന് ഐ.എസി.എം.ആര്‍. അനുമതി ലഭിച്ചിട്ടുണ്ട്. ഇന്നുമുതല്‍ ഈ ലാബിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. സി.എം.ആറിന്റെ അനുമതി ലഭിച്ചാലുടന്‍ മറ്റ് മൂന്ന് ലാബുകളില്‍ കൂടി പരിശോധനകള്‍ തുടങ്ങാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
എറണാകുളം മെഡിക്കല്‍ കോളേജിന് കൂടി ഐ.സി.എം.ആര്‍. അനുമതി ലഭിച്ചതോടെ കേരളത്തില്‍ 11 സര്‍ക്കാര്‍ ലാബുകളിലാണ് കോവിഡ് 19 പരിശോധന നടത്തുന്നത്. എന്‍.ഐ.വി. ആലപ്പുഴയിലായിരുന്നു ആരംഭ ഘട്ടത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നത്.കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തൃശൂര്‍ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സ്‌റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കോട്ടയം ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച്‌, കാസര്‍ഗോഡ് സെന്റര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് കോവിഡ് 19 പരിശോധന നടത്തി വരുന്നത്. ഇത് കൂടാതെ കോഴിക്കോട്, എറണാകുളം ജില്ലകളിലെ രണ്ട് സ്വകാര്യ ലാബകളിലും പരിശോധന നടന്നു വരുന്നു.സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ വേഗത്തിലാക്കാന്‍ 10 റിയല്‍ ടൈം പിസിആര്‍ മെഷീനുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതുപയോഗിച്ചാണ് പുതിയ ലാബുകള്‍ സജ്ജമാക്കിയത്.

Previous ArticleNext Article