മൈസൂരു:ചാമരാജനഗര്‍ കിച്ചു മാരമ്മ ക്ഷേത്രത്തിൽ പ്രസാദം കഴിച്ച് 15 പേർ മരിച്ച സംഭവത്തിൽ ക്ഷേത്ര പൂജാരിയടക്കം 4 പേർ പിടിയിൽ.ക്ഷേത്രം ട്രസ്റ്റ് മേധാവി ഹിമ്മാടി മഹാദേവ സ്വാമി, പൂജാരി ദൊഡ്ഡയ്യ, ഗൂഡാലോചന നടത്തിയ മാദേശ്, ഭാര്യ അംബിക എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ക്ഷേത്രം ട്രസ്റ്റ് മേധാവിയായ ഹിമ്മാടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രസാദത്തില്‍ കീടനാശിനി കലര്‍ത്തിയതെന്ന് പൂജാരി ദൊഡ്ഡയ്യ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ദെഡ്ഡയ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചന പുറത്തുവന്നത്. പ്രസാദം കഴിച്ച ആളുകള്‍ മരിച്ചതോടെ വയറുവേദന അഭിനയിച്ച് ദൊഡ്ഡയ്യ മൈസൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.എന്നാല്‍ പരിശോധനയിൽ ദൊഡ്ഡയ്യക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്.ക്ഷേത്രം ഭരണസമിതിയിലെ ചേരിപ്പോരും ഭിന്നതയുമാണ് പ്രസാദദുരന്തത്തിന് ഇടയാക്കിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ക്ഷേത്രവരുമാനത്തില്‍ നിന്ന് ട്രസ്റ്റ് മേധാവിയായ ഹിമ്മാടി മഹാദേവ സ്വാമി അനധികൃതമായി പണം കവരുന്നതായി എതിര്‍പക്ഷം ആരോപണം ഉന്നയിച്ചിരുന്നു.പണം ചിലവഴിക്കുന്നതിന്റെ കൃത്യമായ കണക്കുകള്‍ വേണമെന്ന് ഇവര്‍ ആവശ്യപ്പെടുകയും ചെയ്തതോടെ തര്‍ക്കം മുറുകി. ഇതിനിടയിലാണ് ക്ഷേതത്തിന്റെ പുതിയ ഗോപുര നിര്‍മ്മാണ പദ്ധതിയും വരുന്നത്. ഹിമ്മാടിയുടെ താല്‍പര്യങ്ങള്‍ ഇവിടെയും നടപ്പിലാകാതെ പോയതോടെയാണ് പ്രസാദത്തില്‍ വിഷം കലര്‍ത്താന്‍ ഇവര്‍ തീരുമാനിച്ചത്.ക്ഷേത്രത്തിൽ പ്രശ്നം ഉണ്ടായാൽ ട്രസ്റ്റ് തന്റെ നിയന്ത്രണത്തിലാക്കാമെന്നായിരുന്നു ഹിമ്മാടിയുടെ കണക്കുകൂട്ടലെന്ന് പോലീസ് പറഞ്ഞു.
India, News
മൈസൂരുവിലെ ക്ഷേത്രത്തിൽ പ്രസാദം കഴിച്ച് 15 പേർ മരിച്ച സംഭവം;ക്ഷേത്ര പൂജാരിയടക്കം 4 പേർ പിടിയിൽ
Previous Articleകാരുണ്യവും കരുതലും ബേക്കൽ പോലീസിന്റെ മുഖമുദ്ര