Kerala, News

ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തി പണം കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ

keralanews four arrested for stoling cash from merchant misleading that they are income tax officials

കണ്ണൂർ:ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തി പണം കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ.തൃശൂർ കൊടകര കനകമലയിൽ പള്ളത്തിൽ വീട്ടിൽ പി.ഡി ദീപു(33),കൊടകരയിലെ പണപ്ലാവിൽ വീട്ടിൽ ആർ.ബിനു(36),മലപ്പുറം വെള്ളുവമ്പുറം വേലിക്കൊത്ത് വീട്ടിൽ ലത്തീഫ്(42),തലശ്ശേരി പാലയാട് ചിറക്കുനിയിലെ ഗുൽഷാൻ വീട്ടിൽ നൗഫൽ(36) എന്നിവരെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിൽ ഒൻപതുപ്രതികൾ ഉള്ളതായി പോലീസ് അറിയിച്ചു.സെപ്റ്റംബർ ഇരുപതാം തീയതി പുലർച്ചെ മൂന്നുമണിക്കാണ് കേസിനാസ്പദമായ സംഭവം.തലശ്ശേരിയിലെ മൽസ്യ മൊത്തവ്യാപാരിയായ മജീദിന്റെ വീട്ടിൽ എത്തിയ സംഘം ആദായനികുതി വകുപ്പ് ഓഫീസർ,മൂന്നു ഉദ്യോഗസ്ഥർ,പോലീസ് ഉദ്യോഗസ്ഥൻ എന്നിങ്ങനെ പരിചയപ്പെടുത്തുകയായിരുന്നു.ശേഷം പുലർച്ചെ മൂന്നുമണി മുതൽ ഒന്നര മണിക്കൂർ ഇവർ വീട്ടിൽ പരിശോധന നടത്തി.സംഘം പോയ ശേഷം നടത്തിയ പരിശോധനയിലാണ് മജീദിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന പഴ്സിൽ നിന്നും 25000 രൂപ നഷ്ട്ടപ്പെട്ടതായി കണ്ടെത്തിയത്.കുഴൽപ്പണ കേസുകളിൽ പ്രതിയായ ലത്തീഫ് കള്ളപ്പണം ഉള്ളവരെ കാണിച്ചു തന്നാൽ 30 ശതമാനം കമ്മീഷൻ നൽകാമെന്ന് പറഞ്ഞ് നൗഫലിനെ കൂടെക്കൂട്ടുകയായിരുന്നു.തുടർന്നാണ് നൗഫൽ സൈദാർപള്ളിയിലെ മജീദിന്റെ വീട് കാണിച്ചുകൊടുത്തത്. മജീദിന്റെ സ്ഥാപനത്തിലെ ജോലിക്കാരനാണ് നൗഫൽ.ശേഷം ലത്തീഫ് ദീപുവുമായി ചേർന്ന് പദ്ധതി ആസൂത്രണം ചെയ്തു.തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരനെ കെട്ടിയിട്ട് കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിലെ പ്രതിയാണ് ദീപു.ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള ചിലരെയും കൂട്ടി ദീപു സെപ്റ്റംബർ  പതിനെട്ടാം തീയതി തലശ്ശേരിയിലെത്തി മജീദിന്റെ വീട് കണ്ടുപിടിച്ചു.അന്ന് പറശ്ശിനിക്കടവിൽ താമസമാക്കി.പിന്നീട് ഇരുപതാം തീയതി പുലർച്ചെ തലശ്ശേരിയിലെത്തി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തുകയായിരുന്നു.ഗവ.ഓഫ് ഇന്ത്യ എന്ന ബോർഡ് മുന്നിലും പിന്നിലും സ്ഥാപിച്ച രണ്ടു കാറുകളിലായാണ് ഇവർ എത്തിയത്.വ്യാജ തിരിച്ചറിയൽ കാർഡും കൈവശം ഉണ്ടായിരുന്നു.കഴിഞ്ഞ ഒരുമാസം മുൻപ് തമിഴ്‌നാട്ടിലെ മധുരയിൽ നടന്ന സമാനമായ തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് ദീപുവിലേക്കെത്തിയത്.പിന്നീട് ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചു.ഒളിസങ്കേതത്തിൽ കഴിയുകയായിരുന്ന ഇവരെ പാലക്കാട് പോലീസിന്റെ സഹായത്തോടെ തലശ്ശേരി തീരദേശ പോലീസ് എസ്‌ഐ എം.വി ബിജുവും സംഘവും ചേർന്ന് പിടികൂടുകയായിരുന്നു.പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് തലശ്ശേരി സ്വദേശികളായ നൗഫലിനും ലത്തീഫിനും കേസിൽ പങ്കുള്ളതായി കണ്ടെത്തിയത്.

Previous ArticleNext Article