കൊല്ലം:നെടുമണ്‍കാവ് ഇളവൂരില്‍ കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ കാണാതായ ആറുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി.വീടിനു നൂറുമീറ്റർ അകലെയുള്ള പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ.വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കാണാതായത്.രക്ഷിതാക്കളുടെ പരാതിയില്‍ കണ്ണനല്ലൂര്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി വരവേയാണ് ഇത്തിക്കരയാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.കുട്ടി പുഴയില്‍ വീണിരിക്കാമെന്നു സംശയമുണ്ടായിരുന്നു.ഈ സാഹചര്യത്തിൽ ഇന്നലെ മുതൽ തന്നെ പുഴയില്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു.ഇന്നലെ രാവിലെ 9.30നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ നടക്കുകയാണ്. ഉത്സവത്തോട് അനുബന്ധിച്ചാണ് കുട്ടി ഇന്നലെ സ്‌കൂളില്‍ നിന്ന് അവധിയെടുത്തത്.
അതേസമയം ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. കുട്ടിയെ ആരോ അപായപ്പെടുത്തിയതാകാമെന്ന് സമീപ വാസികള്‍ തറപ്പിച്ചു പറയുന്നു.ദേവനന്ദടെ വീട്ടില്‍ നിന്ന് 70 മീറ്റര്‍ അകലെയാണ് പുഴ സ്ഥിതി ചെയ്യുന്നത്. പുഴയില്‍ കുറ്റിക്കാടിനോട് ചേര്‍ന്ന് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെടുത്തത്.കുട്ടി ഒറ്റക്ക് അത്രയും ദൂരം പോവില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും ഒരുപോലെ പറയുന്നത്. കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പെട്ടെന്നു കാണാതായതും ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയ സാഹചര്യവും ദുരൂഹത ഉണര്‍ത്തുന്നതാണെന്നു നാട്ടുകാര്‍ പറയുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ വാദം.ചെറിയ ദൂരമാണെങ്കില്‍ പോലും ദേവനന്ദ തനിച്ച് അവിടേക്ക് പോവില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും ഒരുപോലെ പറയുന്നത്.പുറത്തിറങ്ങി കളിക്കുകയോ തനിച്ച് ഇറങ്ങി നടക്കുകയോ ചെയ്യാത്ത കുട്ടിയാണ് ദേവനന്ദ എന്നാണ് വീട്ടുകാരും പറയുന്നത്. കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയതാണോ അതോ കുട്ടി തനിയെ പോയതാണോ തുടങ്ങിയ വിവരങ്ങള്‍ ഇനി അന്വേഷണത്തില്‍ കണ്ടെത്താനിരിക്കുന്നതേയുള്ളു. എന്നാല്‍ മുങ്ങല്‍ വിദഗ്ധര്‍ പറയുന്നത് മൃതദേഹം ഒഴുകി എത്തിയതാണെന്നും സമീപത്തെ വള്ളിയിലും കുറ്റിക്കാട്ടിലും കുരുങ്ങിയതുകൊണ്ടാണ് ഇവിടെ നിന്നും മൃതദേഹം ലഭിച്ചതെന്നുമാണ്. മൃതദേഹം ലഭിച്ച പഴയില്‍ ഇന്നലെയും മുങ്ങല്‍ വിദഗ്ധര്‍ പരിശോധന നടത്തിയിരുന്നു.എന്നാല്‍ ഒന്നും ലഭിച്ചിരുന്നില്ല.