ന്യൂഡൽഹി:മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസായിരുന്നു.വാജ്‌പേയ് മന്ത്രിസഭയില്‍ പ്രതിരോധന, വിദേശ ധനകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. നാല് തവണ ലോക്‌സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായിട്ടുണ്ട്. ജസ്വന്ത് സിങിന്റെ മരണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഏറെ ശ്രദ്ധേയനായ നേതാക്കളിലൊരാളായിരുന്നു ജസ്വന്ത് സിങ്. കരസേനയിലെ ജോലി രാജിവച്ചാണ് ജസ്വന്ത് സജീവ രാഷ്ട്രിയത്തില്‍ ഇറങ്ങിയത്. ആസൂത്രണ കമ്മീഷന്റെ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.1998-99 കാലത്തെ ആസൂത്രണ കമ്മീഷന്‍റെ ഡെപ്യൂട്ടി ചെയര്‍മാനായും 2004-2009 കാലത്ത് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായും ജസ്വന്ത് സിംഗ് സേവനമുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. 1960കള്‍ മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായെങ്കിലും ശ്രദ്ധ നേടുന്നത് എണ്‍പതുകള്‍ മുതലാണ്.2014ല്‍ കുളിമുറിയില്‍ തെന്നിവീണതിനെ തുടര്‍ന്ന് ജസ്വന്ത് സി൦ഗിന് തലയ്ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും പിന്നീട് അബോധാവസ്ഥയിലാവുകയും ചെയ്തിരുന്നു.ജൂണ്‍ 25നാണ് ഇദ്ദേഹത്തെ ഡല്‍ഹി സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തിലെ അണുബാധ, വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍ എന്നിവയാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.