കൊട്ടാരക്കര: മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള(86) അന്തരിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരള കോണ്‍ഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. 1960 ല്‍ ഇരുപത്തിയഞ്ചാം വയസില്‍ നിയമസഭയിലെത്തി. എക്സൈസ്, ഗതാഗതം, വൈദ്യുതി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ കൂടിയായിരുന്നു അദ്ദേഹം.കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ കീഴൂട്ട് രാമൻ പിള്ളയുടെയും കാർത്ത്യായനിയമ്മയുടെയും മകനായി 1935 മാർച്ച് എട്ടിനാണ് ബാലകൃഷ്ണപിള്ളയുടെ ജനനം. തിരുവനന്തപുരത്തെ എംജി കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. വിദ്യാർത്ഥിയായിരിക്കെ തന്നെ അദ്ദേഹം രാഷ്ട്രീപ്രവർത്തകനാകാൻ ആഗ്രഹിച്ചിരുന്നു.ഇന്ത്യൻ നാഷണൽ കോൺഗ്രസീലൂടെയാണ് സജീവ രാഷ്ട്രീയത്തിലേയ്ക്കുള്ള പ്രവേശനം. തുടർന്ന് 1964ൽ കേരള കോൺഗ്രസിൻറെ സ്ഥാപക ജനറൽ സെക്രട്ടറിയായി. 1976 ൽ കെ.എം. മാണിയും ആർ. ബാലകൃഷ്ണപിള്ളയും തമ്മിൽ അഭിപ്രായവ്യത്യാസം രൂപപ്പെട്ടു.തുടർന്ന് കേരളാ കോൺഗ്രസ് പിളരുകയും 1977 ൽ ആർ. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് ബി രൂപപ്പെടുകയും ചെയ്തു. പിന്നീട് (1977-1982) കാലയളവിൽ എൽ.ഡി.എഫിനൊപ്പവും (1982-2015) കാലളവിൽ യു.ഡി.എഫിനൊപ്പവും പ്രവർത്തിച്ചു. നിലവിൽ എൽ.ഡി.എഫിനൊപ്പമാണ് കേരള കോൺഗ്രസ് ബി. കൊട്ടാരക്കരയിലെ വീട്ടിലും എന്‍എസ്‌എസ് താലൂക്ക് യൂണിയന്‍ ഓഫീസിലും പൊതുദര്‍ശനത്തിനുവയ്ക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് വാളകത്തെ വീട്ടുവളപ്പില്‍. ഭാര്യ പരേതയായ ആര്‍.വത്സല. മക്കള്‍: മുന്‍ മന്ത്രിയും ചലച്ചിത്രതാരവും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍, ഉഷ മോഹന്‍ദാസ്, ബിന്ദു ബാലകൃഷ്ണന്‍. മരുമക്കള്‍: ബിന്ദു ഗണേഷ് കുമാര്‍, മോഹന്‍ദാസ്, പി. ബാലകൃഷ്ണന്‍.