Kerala, News

മുൻമന്ത്രി ഇ.ചന്ദ്രശേഖരൻ നായർ അന്തരിച്ചു

keralanews former minister e chandrasekharan nair passes away

തിരുവനന്തപുരം:മുതിർന്ന സിപിഐ നേതാവും മുൻമന്ത്രിയുമായിരുന്ന ഇ.ചന്ദ്രശേഖരൻ നായർ(89) അന്തരിച്ചു.ആദ്യ കേരള നിയമസഭയിൽ അംഗമായിരുന്നു. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസമായി ശ്രീചിത്ര മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ നില വഷളാവുകയും ബുധനാഴ്ച രാവിലെ മരണപ്പെടുകയുമായിരുന്നു. 1928 ഡിസംബർ രണ്ടിനാണ് ജനനം.ഗണിതശാസ്ത്രത്തിലും നിയമത്തിലും ബിരുദമുള്ള ഇദ്ദേഹം കൊട്ടാരക്കര ഹൈസ്കൂളിൽ കണക്ക് അദ്ധ്യാപകനായും ഹെഡ്മാസ്റ്ററായും പ്രവർത്തിച്ചിരുന്നു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം,ദേശീയ കൺട്രോൾ കമ്മീഷൻ അംഗം,സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ,എന്നീ നിലകളിൽ പ്രവർത്തിച്ചു.സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ മുൻ മാനേജിങ് എഡിറ്ററാണ്.ഒന്നാം കേരള നിയമസഭയിൽ ഭൂപരിഷ്‌ക്കരണ ബില്ലിന്റെ സെലക്ട് കമ്മിറ്റി അംഗമായിരുന്നു.കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം,മികച്ച പാർലമെന്റേറിയനുള്ള ആർ.ശങ്കരനാരായണൻ തമ്പി പുരസ്ക്കാരം,മികച്ച സഹകാരിക്കുള്ള സദാനന്ദൻ അവാർഡ് തുടങ്ങിയ അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ പൊതുദർശനത്തിനു വെയ്ക്കും.12 മണിക്ക് കവടിയാർ പണ്ഡിറ്റ് കോളനിയിലെ വീട്ടിലേക്ക് കൊണ്ടുപോകും.ഉച്ചയ്ക്ക് 2.30 ന് തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടുകൂടി സംസ്‌കരിക്കും.

Previous ArticleNext Article