Kerala, News

മാർത്തോമാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു

keralanews former head of mar thoma church dr philipose mar chrysostom passes away

കോട്ടയം:മാർത്തോമാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത(103) കാലം ചെയ്തു.കുമ്പനാട് ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ പുലർച്ചെ 1.15 ഓടെയായിരുന്നു അന്ത്യം.വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവല്ല ബിലിവേഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഡിസ്ചാർജ്ജ് ചെയ്തിരുന്നു.ഭൗതിക ശരീരം തിരുവല്ല അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ സ്മാരക ഹാളിലേക്കു മാറ്റും. കബറടക്കം നാളെ. ദീര്‍ഘനാളായി ശാരീരികമായ അവശതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൂന്ന് വര്‍ഷമായി കുമ്പനാട്ടെ ആശുപത്രിയില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.2018ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച അദ്ദേഹം ക്രൈസ്തവസഭാ ആചാര്യന്മാരില്‍ ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെയാള്‍ കൂടിയാണ്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമായിരുന്നു അദ്ദേഹം.1918 ഏപ്രിൽ 27ന് മാർത്തോമാ സഭ വികാരി ജനറലായിരുന്ന കുമ്പനാട് കലമണ്ണിൽ കെ.ഇ ഉമ്മൻ കശീശയുടെയും ശോശാമ്മയുടെയും മകനായി ജനനം. പത്തനംതിട്ട ജില്ലയിലെ മാരാമൺ, കോഴഞ്ചേരി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം ആലുവ യുസി കോളജിൽ നിന്നും ബിരുദം നേടി. 1940ൽ അങ്കോല ആശ്രമത്തിൽ ചേർന്നു. ബംഗലൂരു യുണൈറ്റഡ് തിയോളജിക്കൽ കോളജിൽ പഠനത്തിനുശേഷം 1944 ജൂൺ 3ന് വൈദികനായി. 1953 ൽ എപ്പിസ്‌കോപ്പയായി അഭിഷിക്തനായി. മാരാമണ്‍ കണ്‍വന്‍ഷന്റെ 125 വര്‍ഷത്തെ ചരിത്രത്തില്‍ 95 ലധികം കണ്‍വന്‍ഷനുകളില്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ സാന്നിധ്യമുണ്ടായി. 1954 മുതല്‍ 2018 വരെ തുടര്‍ച്ചയായി 65 മാരാമണ്‍ കണ്‍വന്‍ഷനുകളില്‍ പ്രസംഗകനായി. എട്ട് മാരാമണ്‍ കണ്‍വന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്തു. 2007 ഒക്ടോബര്‍ ഒന്നിന് ഭരണച്ചുമതല ഒഴിഞ്ഞെങ്കിലും വലിയ മെത്രാപ്പൊലീത്ത സ്ഥാനത്ത് സഭയ്ക്കുള്ളിലും പുറത്തും മാര്‍ ക്രിസോസ്റ്റം നിറഞ്ഞു നിന്നു.1962ൽ നടന്ന ചരിത്രപ്രസിദ്ധമായ രണ്ടാം വത്തിക്കാൻ കൗൺസിലിൽ നിരീക്ഷകനായിരുന്നു. 1978 ൽ സഫ്രഗൻ മെത്രാപ്പൊലീത്തയായി. ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ മെത്രാപ്പൊലീത്ത സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് 1999 ഒക്ടോബർ 23ന് മാർത്തോമാ സഭാ മെത്രാപ്പൊലീത്തയായി. 2007 ഒക്ടോബർ ഒന്നിന് ഭരണച്ചുമതല ഒഴിഞ്ഞു. കേരളത്തിന്റെ ആത്മീയസാമൂഹിക മണ്ഡലത്തില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന, ദൈവത്തിന്റെ സ്വര്‍ണനാവിനുടമ എന്നറിയപ്പെടുന്ന വ്യക്തി കൂടിയായിരുന്നു ക്രിസോസ്റ്റം.

Previous ArticleNext Article