ന്യൂഡൽഹി:മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു.ഡല്‍ഹിയിലെ എയിംസില്‍ വച്ചായിരുന്നു അന്ത്യം.ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ആഗസറ്റ് ഒന്‍പതിനാണ് ജെയ്റ്റ്ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്.ജെയ്റ്റിലുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖർ അനുശോചിച്ചു.1952 ഡിസംബർ 28-ന് ഡൽഹിയിൽ ജനിച്ച അരുൺ ജെയ്റ്റ്‌ലി ഡൽഹി സെന്റ് സേവിയേഴ്‌സ് സ്‌കൂളിലാണ് പ്രാഥമിക പഠനം നിർവഹിച്ചത്. ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിൽ നിന്ന് ബികോം ഡിഗ്രിയും ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമബിരുദവും സ്വന്തമാക്കി. യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1974-ൽ സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡണ്ടായി.1991 മുതൽ ബി.ജെ.പിയുടെ സജീവ നേതൃത്വത്തിലേക്കു വന്ന അദ്ദേഹം 1999 പൊതുതെരഞ്ഞെടുപ്പ് കാലയളവിൽ പാർട്ടി വക്താവായി. 1999-ലെ വാജ്‌പെയ് മന്ത്രിസഭയിൽ വിവര സംപ്രേഷണ വകുപ്പിന്റെ സ്വതന്ത്ര്യ ചുമതലയുള്ള സഹമന്ത്രിയായിരുന്നു. 2002-ൽ ബി.ജെ.പിയുടെ ദേശീയ വക്താവും ജനറൽ സെക്രട്ടറിയുമായി. 2004-ൽ ഒന്നാം യു.പി.എ സർക്കാറിന്റെ കാലത്ത് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. 2014 പൊതുതെരഞ്ഞെടുപ്പിൽ അമൃത്‌സറിൽ നിന്നു മത്സരിച്ചു തോറ്റെങ്കിലും ഒന്നാം മോദി മന്ത്രിസഭയിൽ ധനകാര്യ, കോർപറേറ്റ് വകുപ്പ് മന്ത്രിയായി.ഇക്കഴിഞ്ഞ ആഗസറ്റ് ഒന്‍പതിനാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജെയ്റ്റ്ലിയെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് , പ്രധാനമന്ത്രി നരേന്ദ്രമോദി , ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങി നിരവധി കേന്ദ്രമന്ത്രിമാരും ലോക്സഭാ സ്പീക്കറും ഈ ദിവസങ്ങളില്‍ അദ്ദേഹത്തെ കാണാന്‍ എയിംസില്‍ എത്തിയിരുന്നു.സുഷമ സ്വരാജിന്‍റെ അപ്രതീക്ഷിത നിര്യാണത്തിന് പിന്നാലെ അരുണ്‍ ജെയ്റ്റലിയും വിട വാങ്ങുന്നതോടെ കഴിവും ജനപ്രീതിയുമുള്ള രണ്ട് നേതാക്കളെയാണ് ബിജെപിക്ക് പൊടുന്നനെ നഷ്ടമാക്കുന്നത്.