വടകര: പാര്‍ട്ടി അംഗത്തെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതികളായ മുന്‍ സിപിഎം നേതാക്കള്‍ അറസ്റ്റില്‍.മുളിയേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ബാബുരാജ്, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ആയിരുന്ന ലിജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ കരിമ്പനപ്പാലത്തിൽ നിന്നാണ് ഇരുവരേയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇരുവരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. മുളിയേരി ഈസ്റ്റ് ബ്രാംഞ്ചംഗമായ സ്ത്രീയെ ബ്രാഞ്ച് സെക്രട്ടറി പി.പി. ബാബുരാജും ഡിവൈഎഫ്‌ഐ. പതിയാരക്കര മേഖലാ സെക്രട്ടറിയും ഇതേ ബ്രാഞ്ചിലെ മെമ്പറുമായ ടി.പി. ലിജീഷും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. കൊയിലാണ്ടി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്ബാകെയാണ് യുവതി മൊഴിനല്‍കിയത്. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 164-ാം വകുപ്പുപ്രകാരമാണ് നടപടി. പീഡനം നടന്ന വീട്ടിലെത്തിയും പൊലീസ് തെളിവുകള്‍ ശേഖരിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി.കഴിഞ്ഞ ദിവസമാണ് മൂന്ന് മാസം മുന്‍പ് സിപിഎം പ്രാദേശിക നേതാക്കള്‍ നിരന്തരം പീഡിപ്പിച്ചു എന്ന് കാണിച്ച് യുവതി വടകര പൊലീസില്‍ പരാതി നല്‍കിയത്. ബലാല്‍സംഗം, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നെന്നാരോപിച്ച് യുവമോര്‍ച്ച രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ പിടിയുള്ളതുകൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നാണ് ആരോപണം ഉയര്‍ന്നത്.അതിനിടെ പരാതിക്കാരിക്കു പൂര്‍ണപിന്തുണ നല്‍കുമെന്ന് ജനാധിപത്യ മഹിള അസോസിയേഷന്‍ വ്യക്തമാക്കി. പരാതി നല്‍കും മുന്‍പേ പാര്‍ട്ടി ഇക്കാര്യം അറിഞ്ഞിരുന്നുവെന്നും പരാതിക്കാരിക്കു പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെന്നും ജനാധിപത്യ മഹിള അസോസിയേഷന്‍ അറിയിച്ചു. പ്രതികളെ രണ്ടുപേരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സിപിഎം വടകര ഏരിയാ സെക്രട്ടറി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ പരാതി ലഭിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ എംഎല്‍എ. കെ.കെ. രമ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.മൂന്ന് മാസങ്ങൾക്ക് മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവില്ലാത്ത ദിവസം രാത്രി വീട്ടിലെത്തി വാതിൽ തകർത്ത് അകത്തു കടന്ന ബാബുരാജ് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണിയെന്ന് പരാതിയിൽ പറയുന്നു. ഇതിന് ശേഷമാണ് ലിജീഷ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ലിജീഷ് യുവതിയെ പീഡിപ്പിച്ചത്. പിന്നീട് സംഭവം ഒതുക്കിത്തീർക്കാനും ശ്രമമുണ്ടായി.മാനസികമായി തകര്‍ന്നുപോയ യുവതി ഭര്‍ത്താവിനോട് സംഭവം വെളിപ്പെടുത്തിയതോടെയാണ് സംഭവം വീവാദമായത്.