International, News

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

keralanews football legend diego maradona passes away

ബ്യുണസ് ഐറിസ്:ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ(60) അന്തരിച്ചു. ഹൃദയാഘാതമാണ്‌ മരണകാരണം.തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന്‌ മാറഡോണയ്‌ക്ക്‌ ഈയിടെ ശസ്‌ത്രക്രിയ നടത്തിയിരുന്നു.അർജന്‍റീനയിൽനിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണവാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. ആധുനിക ഫുട്‌ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളാണ്. അര്‍ജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവെച്ചിരുന്നു.തന്റെ പ്രൊഫഷണല്‍ ക്ലബ് ഫുട്‌ബോള്‍ ജീവിതത്തില്‍, അര്‍ജന്റീനോസ് ജൂനിയേഴ്‌സ്, ബോക്ക ജൂനിയേഴ്‌സ്, ബാഴ്‌സലോണ, നാപ്പോളി, സെവിയ്യ, നെവെല്‍സ് ഓള്‍ഡ് ബോയ്‌സ് എന്നീ പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടി കളിച്ച്‌ കൈമാറ്റത്തുകയില്‍ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്.1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതില്‍ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തില്‍ കളിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമജര്‍മ്മനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണ സ്വന്തമാക്കുകയും ചെയ്തു.ഈ ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള കളിയില്‍ മറഡോണ നേടിയ രണ്ടു ഗോളുകള്‍ ചരിത്രത്തിലിടം പിടിച്ചു. റഫറിയുടെ ശ്രദ്ധയില്‍പ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോള്‍ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച്‌ 60 മീറ്റര്‍ ഓടി നേടിയ രണ്ടാം ഗോള്‍ നൂറ്റാണ്ടിന്റെ ഗോള്‍ ആയും വിശേഷിപ്പിക്കപ്പെടുന്നു.

Previous ArticleNext Article