തൃശൂർ:ചേലക്കരയിൽ ഉത്സവപ്പറമ്പിൽ വിൽപ്പനയ്‌ക്കെത്തിച്ച റോഡമിന്‍ ബി എന്ന മാരക രാസവസ്തു ചേര്‍ത്ത 30 കിലോ മിഠായി ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു.ജില്ലയിലെ പല ഉത്സവപെരുന്നാള്‍ സ്ഥലങ്ങളിലും വഴിയോരത്തൊരുക്കുന്ന താല്‍ക്കാലിക സ്റ്റാളുകളില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്ന മിഠായിയാണിത്.പലകടകളിൽ നിന്നായാണ് ഇവ പിടികൂടിയത്.കൃത്രിമ നിറം ലഭിക്കാന്‍ റോഡമിന്‍ ബി എന്ന നിരോധിത രാസവസ്തുവാണ് മിഠായില്‍ ചേര്‍ത്തിരിക്കുന്നത്. റോഡമിന്‍ ബിയുടെ നിരന്തര ഉപയോഗം കാന്‍സറിനു കാരണമാകുമെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.ചോക്ക് മിഠായിക്ക് മഞ്ഞ, ഓറഞ്ച്, പിങ്ക് നിറങ്ങള്‍ ലഭിക്കാന്‍ റോഡമിന്‍ ബി ചേര്‍ത്തിരുന്നതായാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തല്‍. ഇതിന്റെ നിരന്തരമായ ഉപയോഗം കുട്ടികളില്‍ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കും.ഉല്‍സവ പെരുനാള്‍ പറമ്ബുകളില്‍ മിഠായി അടക്കം ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകളില്‍ പലതും ഭക്ഷ്യസുരക്ഷാ റജിസ്‌ട്രേഷന്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. ഇത്തരം 34 കടകള്‍ക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ജില്ലാ അസി. കമ്മിഷണര്‍ ജി. ജയശ്രീ, ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരായ വി.കെ. പ്രദീപ് കുമാര്‍, ഡോ. എസ്. ലിജ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അതുപോലെ തന്നെ ഉത്സവപ്പറമ്പുകളിൽ കൂടുതലായി വിറ്റഴിക്കപ്പെടുന്ന മറ്റൊന്നാണ് ഐസ് പൈക്കറ്റുകളായ സിപ് അപ്.ഇവ എവിടെ നിര്‍മ്മിച്ചതാണെന്നോ ഏതു തീയതിയില്‍ നിര്‍മ്മിച്ചതാണെന്നോ എത്രദിവസം കേടാകാതെ നില്‍ക്കുമെന്നോ ഉള്ള വിവരങ്ങളൊന്നും പ്രാദേശികമായി നിര്‍മ്മിക്കുന്ന സിപ് അപ്പ് പായ്ക്കറ്റുകളില്‍ കാണാറില്ല.ഇവയുടെ ഉപയോഗവും പലതരം രോഗങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് ഭക്ഷ്യവകുപ്പിൻറെ കണ്ടെത്തൽ.കൃത്യമായ ലേബല്‍ പതിക്കാതെ ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തിയാല്‍ 3 ലക്ഷം രൂപ വരെ പിഴയീടാക്കാം. ഗുണനിലവാരം കുറഞ്ഞ സാധനങ്ങളാണ് വില്‍ക്കുന്നതെങ്കില്‍ 5 ലക്ഷം രൂപ വരെ പിഴയീടാക്കാം. ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കള്‍ ഭക്ഷണത്തില്‍ കണ്ടെത്തിയാല്‍ 6 മാസം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം.