കാസർകോട് : ഭക്ഷ്യവിഷബാധയേറ്റ് മരിച്ച വിദ്യാർത്ഥിനി ഷവർമ്മ കഴിച്ച ചെറുവത്തൂരിലെ ഐഡിയിൽ ഫുഡ്‌പോയിന്റിലെ ഭക്ഷ്യസാമ്പിളുകളിൽ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തി. കോഴിക്കോട്ടെ ലാബിൽ നടത്തിയ പരിശോധനയിലാണ് അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഷവര്‍മ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികള്‍ എന്നിവയാണ് കോഴിക്കോട്ടെ റീജിയണല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധിച്ചത്.കുട്ടി മരിച്ചതിന് പിന്നാലെ കൂൾബാറിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് സാമ്പിളുകൾ ശേഖരിച്ചത്. മരിച്ച പെൺകുട്ടിയ്‌ക്ക് ഷിഗെല്ല ബാധിച്ചിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ഭക്ഷ്യസാമ്പിളുകളിൽ ഷിഗെല്ലയുടെ സാന്നിദ്ധ്യമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് അടുത്ത ദിവസം അധികൃതർ പുറത്തുവിടും.വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇതാണ് ഭക്ഷ്യവസ്തുക്കളിലെ ബാക്ടീരിയയുടെ സാന്നിദ്ധ്യത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഇവിടെ നിന്നും ഭക്ഷണം കഴിച്ച് ചികിത്സയിലുള്ളവരുടെ പ്ലേറ്റലെറ്റ് പരിശോധിച്ചതിൽ നിന്നും ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.