Kerala, News

കണ്ണൂരില്‍ ഒരു വീട്ടിലെ നാലു പേര്‍ക്ക് ഭക്ഷ്യവിഷബാധ;ഒരാൾ മരിച്ചു;മൂന്നുപേർ ഗുരുതരാവസ്ഥയിൽ;സംഭവത്തിൽ ദുരൂഹത

keralanews food poisoning for four from one house in kannur one died and three under critical situation

കണ്ണൂർ:കൊട്ടിയൂരിൽ ഒരു വീട്ടിലെ നാലു പേര്‍ക്ക് ഭക്ഷ്യവിഷബാധ.ഒരാൾ മരിച്ചു.മറ്റു മൂന്നുപേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുതിയപുരയില്‍ രവി (40) ആണ് മരിച്ചത്‌. നേരത്തെ ചികിത്സയില്‍ ഉണ്ടായിരുന്ന 2 പേര്‍ക്കു പുറമേ മൂന്നാമതൊരാളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണു സംഭവത്തിൽ ദുരൂഹത വര്‍ധിച്ചത്. ഇക്കഴിഞ്ഞ മൂന്നാംതീയതി രാത്രി പത്തുമണിയോടെയാണ് രവിക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്.ഒപ്പം കൈകാലുകള്‍ കോച്ചി വലിയലും.രാത്രി മുഴുവന്‍ ഛര്‍ദിച്ച്‌ അവശനിലയിലായ രവിയെ രാവിലെ ആറുമണിയോടെ രവി ജോലി ചെയ്യുന്ന പച്ചക്കറിത്തോട്ടത്തിലെ ഉടമയുടെ വാഹനത്തില്‍ പേരാവൂര്‍ ആശുപത്രിയിലേക്കു കൊണ്ടു പോയി.എന്നാൽ വഴിക്കു വച്ചു രവി മരണപ്പെട്ടു.പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണകാരണം കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞില്ല.

സംഭവം ഇങ്ങനെ:
മൂന്നാം തീയതി രാത്രി എട്ടോടെ രവിയുടെ മൂത്തമകന്‍ വിഷ്ണു(8)വിനെ ഛര്‍ദിയും വയറിളക്കവുമായി കേളകത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മരുന്നുകള്‍ നല്‍കി കുറവു വന്നതിനെത്തുടര്‍ന്ന് രവിയും മകനും വീട്ടിലേക്ക് തിരികെ പോകുന്നു.പോരുന്ന വഴി ഇവർ ഹോട്ടലില്‍നിന്ന് രണ്ടു ചോറ് പാര്‍സല്‍ വാങ്ങി.രാത്രി വൈകി രവിക്കും ഛര്‍ദ്ദിയും വയറിളക്കവുമുണ്ടാകുന്നു.പുലര്‍ച്ചെയോടെ രണ്ടാമത്തെ മകന്‍ ജിന്‍സി(5)നും സമാന ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. മൂത്തമകനും ഛര്‍ദ്ദി വീണ്ടും തുടങ്ങുന്നു.രാവിലെ 6.45-ഓടെ, രവി സ്ഥിരമായി ജോലിചെയ്യുന്ന വീട്ടിലെ സോണി എന്നയാള്‍ രവി ജോലിക്ക് വരാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചെത്തുന്നു.അവശനിലയിലുള്ള രവിയെയും മക്കളെയും ഇയാള്‍ സ്വന്തം വാഹനത്തില്‍ പേരാവൂര്‍ താലൂക്കാസ്പത്രിയില്‍ എത്തിക്കുന്നു.ആരോഗ്യനില വഷളായതിനെ തുടർന്ന് മൂവരെയും പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയങ്കിലും വഴിമധ്യേ രവി മരണപ്പെട്ടു.തുടർന്ന് രവിയുടെ മൃതദേഹം ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം കുട്ടികളെ പരിയാരത്ത് എത്തിച്ചു.പിന്നീട് ഇരിട്ടി താലൂക്കാസ്പത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയ രവിയുടെ  മൃതദേഹം മൃതദേഹ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.വൈകീട്ടോടെ രവിയുടെ മൃതദേഹപരിശോധന നടത്തിയെങ്കിലും മരണകാരണം വ്യക്തമാകാത്തതിനെത്തുടര്‍ന്ന് ആന്തരിക അവയവങ്ങളുടെയും സ്രവങ്ങളുടെയും രാസപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കെമിക്കല്‍ എക്സാമിനേഷന്‍ ലാബിലേക്ക് അയച്ചു.പരിയാരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന വിഷ്ണുവിനെയും ജിന്സിനെയും ഡയാലിസിസിന് വിധേയമാക്കി.വ്യാഴാഴ്ച സമാന ലക്ഷണങ്ങളോടെ തന്നെ കുട്ടികളുടെ അമ്മാവന്‍ മഹേഷിനെ (34) തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവത്തിൽ ദുരൂഹത വർധിക്കുന്നത്.ശനിയാഴ്ച പുലര്‍ച്ചെ 3.30-തോടെ കുട്ടികളുടെ മുത്തച്ഛന്‍ വേലായുധനെ (65) ഛര്‍ദ്ദിയെയും വയറിളക്കത്തെയും തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച 11-ഓടെ രവിയുടെ ഭാര്യ മിനി(38)യെയും ഛര്‍ദിയും വയറിളക്കത്തെയും തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുന്നു. ശനിയാഴ്ച വൈകീട്ടും എല്ലാവരും തീവ്രപരിചരണ വിഭാഗത്തില്‍തന്നെ കഴിയുകയാണ്.കുട്ടികള്‍ അപകടനില തരണം ചെയ്തിട്ടില്ല.

സംഭവത്തിൽ തുടക്കംമുതല്‍ തന്നെ ഭക്ഷ്യവിഷബാധ എന്ന നിലയിലാണ് അന്വേഷണങ്ങള്‍ മുന്നോട്ടുപോയിരുന്നത്. എന്നാല്‍ ഓരോ ദിവസവും കൂടുതല്‍ ആളുകളെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നതോടെ ഇതിന്റെ സാധ്യതകള്‍ കുറയുകയാണ്.ഭക്ഷണത്തിലെ അണുക്കളില്‍നിന്ന്‌ വിഷബാധയുണ്ടാകാനുള്ള സാധ്യതകള്‍ താരതമ്യേന കുറയുന്നെങ്കിലും ഭക്ഷണത്തില്‍ കലര്‍ന്ന ഏതെങ്കിലും രാസപദാര്‍ഥങ്ങള്‍ കാരണമാവാനുള്ള സാധ്യതയുണ്ട്. കലര്‍ന്ന പദാര്‍ഥങ്ങളുടെ അളവനുസരിച്ച്‌ ലക്ഷണങ്ങള്‍ കാണിക്കുന്നത് വൈകാം. ഒരേവീട്ടില്‍ താമസിക്കുന്ന ആളുകള്‍ക്ക് മാത്രം പ്രശ്നങ്ങളുണ്ടാകുന്നതിനാല്‍ വില്ലന്‍ ഭക്ഷണം തന്നെയാവാനുള്ള സാധ്യതകളാണ് ഡോക്ടര്‍മാരും അറിയിക്കുന്നത്.ആസ്പത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ശരീരത്തില്‍ വിഷാംശമെത്തിയിട്ടുണ്ടെന്നതാണ് പ്രാഥമിക നിഗമനം. മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടോ, മണംകൊണ്ടോ മനസ്സിലാക്കാവുന്ന വിഷാംശങ്ങളൊന്നും രവിയുടെ ശരീരത്തില്‍ പ്രവേശിച്ചിട്ടില്ലെന്നു കണ്ടെത്തിയിരുന്നു. നിലവില്‍ ആസ്പത്രിയില്‍ ഉള്ള എല്ലാവര്‍ക്കും രക്തത്തില്‍ അസിഡോസിസ് (രക്തത്തിന്റെ പി.എച്ച്‌. കുറയുന്ന നില) ഉണ്ട്.മരണപ്പെട്ട രവിയുടെ ആമാശയം, കുടല്‍ തുടങ്ങിയവയിലെ സ്രവങ്ങള്‍, കരള്‍, വൃക്ക തുടങ്ങിയ ആന്തരികാവയവങ്ങളുടെ പരിശോധനാഫലമാണ് മരണത്തിന്റെയും തുടര്‍ച്ചയായുണ്ടാകുന്ന അസുഖബാധയുടെയും ചുരുളഴിക്കുന്ന ഘടകം. രവിയുടെത്‌ കൂടാതെ മറ്റ്‌ അഞ്ചുപേരുടെയും സ്രവങ്ങള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലബോറട്ടറിയില്‍നിന്ന്‌ ലഭ്യമാകുന്ന റിപ്പോര്‍ട്ടായിരിക്കും കേസന്വേഷണത്തിലും മറ്റ്‌ തുടര്‍നടപടികള്‍ക്കും ആധാരമാകുക. എന്നാല്‍ രാസപരിശോധനാഫലം ലഭ്യമാകാന്‍ ഒരാഴ്ചയെങ്കിലും കഴിയുമെന്നത് ആശങ്കകള്‍ക്ക് വഴിവെക്കുന്നു. സംഭവങ്ങളുടെ ഗൗരവം കണക്കിലെടുത്ത് റിപ്പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

Previous ArticleNext Article