കാസര്‍കോട്:കടലില്‍ മല്‍സ്യബന്ധനത്തിന് പോയ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഒരു മല്‍സ്യതൊഴിലാളി മരിച്ചു. മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ചാര്‍ലി (55) ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന ബോട്ടുടമയും മത്സ്യത്തൊഴിലാളിയുമായ സൂസദാസന്‍ ആന്റണിയുടെ മകന്‍ തദയ്യൂസ് (52), ജെറോണ്‍സിന്റെ മകന്‍ അരോഖ് (60), സില്‍വയുടെ മകന്‍ കില്‍ബെര്‍ട്ട് (40) എന്നിവരെയാണ് ഗുരുതരാവസ്ഥയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.വിവരം അറിഞ്ഞ തീരസംരക്ഷണ സേന ഇവരെ കരയില്‍ എത്തിച്ചപ്പോഴേക്കും ചാര്‍ലി മരിച്ചിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ട മറ്റ് മൂന്നുപേരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഇവരെ വിദഗ്ധ ചികില്‍സയ്ക്കായി മംഗലാപുരത്തേക്ക് മാറ്റുന്ന കാര്യവും അധികൃതര്‍ ആലോചിക്കുന്നുണ്ട്.ആഴ്ചകള്‍ക്ക് മുൻപാണ് ഇവര്‍ മത്സ്യബന്ധനത്തിനായി തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടത്. മംഗളൂരുവില്‍ ഫിഷിംഗ് അവസാനിപ്പിച്ച് തിരുവനന്തപുരത്തേക്ക് തിരിച്ചുപോകുന്നതിനിടെ നടുക്കടലില്‍ വെച്ചാണ് ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. വിവരമറിഞ്ഞ് കാസര്‍കോട് കോസ്റ്റല്‍ സി ഐ സിബി തോമസ്, എസ് ഐമാരായ സുഭാഷ്, ദാമു, സ്രാങ്ക് നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളെ കരക്കെത്തിക്കുകയും ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.ബോട്ടില്‍ ഉണ്ടായിരുന്ന മറ്റ് ഏഴുപേര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് സൂചന.ടാങ്കില്‍ സംഭരിച്ചിരുന്ന വെള്ളം കുടിച്ചതുമൂലമാണ് അസ്വസ്ഥതയുണ്ടായതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. സംഘത്തിലെ മനു എന്ന മത്സ്യത്തൊഴിലാളിയെ ഞായറാഴ്ച വയറുവേദനയുണ്ടായതിനെ തുടര്‍ന്ന് ഹാര്‍ബെ എന്ന സ്ഥലത്ത് ഇറക്കി ചികിത്സ തേടാന്‍ അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറ്റുള്ളവര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടത്.