Food, Kerala, News

ഭക്ഷ്യ വിഷബാധ; സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്;പലയിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയതായി റിപ്പോർട്ട്

keralanews food poisoning food safety department tightens inspections in state

തിരുവനന്തപുരം:സംസ്ഥാനത്ത് പലയിടത്തും ഭക്ഷ്യ വിഷബാധ റിപ്പോട്ട് ചെയ്തതിന് പിന്നാലെ പരിശോധന കര്‍ശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്.പലയിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയതായാണ് റിപ്പോർട്ടുകൾ.തിരുവനന്തപുരം നെടുമങ്ങാട് ബാര്‍ ഹോടെല്‍ സൂര്യ, ഇന്ദ്രപ്രസ്ഥ, സെന്‍ട്രല്‍ പ്ലാസ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ-തദ്ദേശ വകുപ്പുകളുടെ പരിശോധന നടന്നു. വൃത്തിഹീനമായി സൂക്ഷിച്ച ചിക്കൻ, ബീഫ്, മുട്ട, പൊറോട്ട ഉള്‍പെടെയും എസ് യു ടി ആശുപത്രിയിലെ മെസില്‍ നിന്നും കാന്റീനില്‍ നിന്നുമായി പഴകിയ മീനും എണ്ണയും കണ്ടെടുത്തതായും റിപോര്‍ടുണ്ട്.കച്ചേരി ജംക്ഷനില്‍ മാര്‍ജിന്‍ ഫ്രീ ഷോപില്‍ സാധനങ്ങള്‍വച്ച മുറിയില്‍ എലിയെ പിടിക്കാന്‍ കൂടുവെച്ച നിലയിലായിരുന്നു. ഈ മാര്‍ജിന്‍ ഫ്രീ ഷോപിന് നോട്ടീസ് നല്‍കി. തിരുവനന്തപുരം നഗരത്തിലും വ്യാപക പരിശോധന നടക്കുകയാണ്. കാസര്‍കോട് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ വന്‍ തോതില്‍ പഴകിയ മീന്‍ പിടികൂടി. വില്‍പനയ്ക്കായി തമിഴ്‌നാട്ടില്‍ നിന്ന് ലോറിയില്‍ കാസര്‍കോട്ടെ മാര്‍കറ്റിലെത്തിച്ച 200 കിലോ പഴകിയ മീനാണ് പിടിച്ചെടുത്തത്.കൊച്ചിയിലും ഇടുക്കിയിലും ഹോട്ടലുകളിൽ പരിശോധന തുടരുകയാണ്. തൊടുപുഴയിലെ നാല് സ്ഥാപനങ്ങള്‍ അടക്കാന്‍ നിര്‍ദേശം നല്‍കി.സംസ്ഥാന വ്യാപകമായി കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന പരിശോധനയില്‍, 140 കിലോ പഴകിയ ഇറച്ചിയും മീനും ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തിരുന്നു. 1132 ഇടങ്ങളിലാണ് പരിശോധന നടന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത 110 കടകളാണ് വെള്ളിയാഴ്ചവരെ പൂട്ടിച്ചത്. വെള്ളിയാഴ്ചവരെ 347 സ്ഥാപനങ്ങള്‍ക്ക് നോടീസ് നല്‍കുകയും ചെയ്തിരുന്നു.ബാര്‍ ഹോട്ടലുകളിലേക്കും സ്റ്റാര്‍ ഹോട്ടലുകളിലേക്കും മാര്‍ജിന്‍ഫ്രീ ഷോപ്പുകളിലേക്കും പരിശോധന വ്യാപിപ്പിച്ചു. വിവിധ ജില്ലകളിലായി വഴിയോര ഭക്ഷണശാലകളിലേക്കും തട്ടുകടകളിലേക്കും പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെയാണ് പരിശോധനകള്‍ കര്‍ശനമായി നടന്നു തുടങ്ങിയത്.

Previous ArticleNext Article