തൃശൂര്‍: പ്രളയബാധിത പ്രദേശങ്ങളില്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് അമിതവില ഈടാക്കി തട്ടിപ്പ് നടത്തുന്നത് പതിവായതോടെ തൃശുരില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ മിന്നല്‍ പരിശോധന നടത്തി.പരിശോധനയിൽ ഭക്ഷ്യോല്‍പന്നങ്ങള്‍ക്കും അവശ്യസാധനങ്ങള്‍ക്കും അമിതവില ഈടാക്കി തട്ടിപ്പ് നടത്തിയ തൃശൂര്‍ പെരിങ്ങോട്ടുകരയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഭഷ്യസാധനങ്ങള്‍ പിടിച്ചെടുത്ത് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു.പെരിങ്ങോട്ടുകരയിലെ സമൃദ്ധി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് 3436 കിലോഗ്രാം പച്ചക്കറിയും 792 കോഴിമുട്ടകളും ജില്ലാ സപ്ലൈ വകുപ്പ് പിടിച്ചെടുത്തത്.കറിയും കോഴിമുട്ടയും തൃശൂര്‍ താലൂക്കിലേയും കൊടുങ്ങല്ലൂര്‍ താലൂക്കിലേയും ദുരിതാശ്വാസ ക്യാമ്ബുകളിലേയ്ക്ക് അപ്പോള്‍ തന്നെ വിതരണവും ചെയ്തു. അമിതവില ഈടാക്കുന്നതിനെതിരെ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍, പൊലീസ്, ലീഗല്‍ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങിയ സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു.ഓഗസ്റ്റ് 16 മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നായിരുന്നു പരിശോധന നടത്തിവന്നത്. പ്രളയക്കെടുതിക്ക് പിന്നാലെ കൊച്ചിയിലെ പല സൂപ്പര്‍ മാര്‍ക്കറ്റുകളിലും സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായി പരാതി ലഭിച്ചിരുന്നു.പ്രളയക്കെടുതി മുതലെടുത്ത് ആവശ്യസാധനങ്ങള്‍ക്ക് വില കൂട്ടുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന പൊലീസിന്റെ മുന്നറിയിപ്പും അവഗണിച്ചായിരുന്നു പ്രളയ ബാധിത പ്രദേശങ്ങളില്‍ നിരന്തരം തട്ടിപ്പ് അരങ്ങേറിയത്.എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ മാത്രം സൂപ്പര്‍ മാര്‍ക്കറ്റുകളിലും ചെറുകിട കച്ചവട സ്ഥാപനങ്ങളിലും ഇപ്പോള്‍ തന്നെ പലവിലയാണ് ഈടാക്കുന്നത്. അരിയുടെ ചില പാക്കറ്റുകളിലെ വില തിരുത്തിയും വില്‍പ്പന നടത്തുന്നുണ്ട്. ലോഡുകളുമായി ലോറികള്‍ എത്തുന്നില്ലെന്നാണ് പലവ്യാപാരികളും അവകാശപ്പെടുന്നത്.