Kerala, News

തീവ്രത വർദ്ധിച്ച് ‘ഫോനി’;തമിഴ്നാട് തീരം തൊടില്ല; കേരളത്തിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

keralanews foni getting strong do not touch tamilnadu coast chance for heavy rain in kerala

തിരുവനന്തപുരം:തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഫോനി ചുഴലിക്കാറ്റിന്‍റെ തീവ്രത വര്‍ധിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് അതിതീവ്രമാകും.വടക്കുപടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ പത്തു കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തമിഴ്നാട്, ആന്ധ്ര തീരത്തോടടുക്കും. എന്നാൽ തീരത്ത് നിന്ന് ഇരുനൂറ് മുതൽ മുന്നൂറ് കിലോമീറ്റർ അകലെവച്ച് കാറ്റിന്റെ ദിശ മാറും. അതിനാൽ തീരത്തേയ്ക്ക് എത്തില്ല. കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയും കാറ്റുമുണ്ടാകാനും സാധ്യതയുണ്ട്. ന്യൂനമര്‍ദത്തിന്‍റെ പ്രഭാവത്തില്‍ കേരളത്തില്‍ ഇന്നും നാളെയും മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തിലും ചിലപ്പോള്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോടു ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും കേരള തീരത്തും മത്സ്യബന്ധനത്തിനു പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Previous ArticleNext Article