India, News

ഫോനി ചുഴലിക്കാറ്റ് ഒഡിഷ തീരം തൊട്ടു

keralanews foni cyclone reaches odisha coast

ഒഡിഷ:ഫോനി ചുഴലിക്കാറ്റ് ഒഡിഷ തീരം തൊട്ടു.ഒ‌ഡീഷ പുരി തീരത്താണ് ഫോനി തീരം തൊട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. 200കി.മീ വേഗത്തിലാണ് കാറ്റ് വീശുന്നത്.  മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡീഷയിലെ 14 ജില്ലകളില്‍ നിന്ന് 12ലക്ഷം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു.സംസ്ഥാനത്ത് 13ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 900 ദുരിതാശ്വാസ ക്യാമ്പുകൾ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. ഭുവനേശ്വറില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ബംഗാളിലെ കൊല്‍ക്കത്തയില്‍ നിന്നുള്ള വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ കര,വ്യോമ, നാവിക, സേനകള്‍ക്ക് പുറമെ തീരസംരക്ഷണ സേന, ദേശീയ ദുരന്ത നിവാരണ സേന, ഒഡീഷ ദ്രുത കര്‍മ സേന, അഗ്നിശമന സേന തുടങ്ങിയവ സജ്ജമായിട്ടുണ്ട്. നാവിക സേനയുടെ നേതൃത്വത്തില്‍ ചെന്നൈയിലും വിശാഖ പട്ടണത്തും 2 കപ്പലുകള്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ദുരന്ത പ്രദേശത്ത് ഹെലികോപ്റ്ററില്‍ വിതരണം ചെയ്യാന്‍ ഒരുലക്ഷത്തിലേറെ ഭക്ഷ പായ്ക്കറ്റുകള്‍ തയാറാക്കി വെച്ചിട്ടുണ്ട്.കൊല്‍ക്കത്ത-ചെന്നൈ തീരദേശ പാതയിലെ 223 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു. പാട്ന- എറണാകുളം എക്സ്പ്രസ്സും, കൊച്ചുവേളി-ഗുഹാവത്തി എക്സ്പ്രസ്സും, തിരുവനന്തപരം- സില്‍ച്ചാല്‍ എക്സ്പ്രസ്സും റദ്ദാക്കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ എണ്ണ ഖനന റിഗുകളില്‍ നിന്ന് ഒഎന്‍ജിസി 500ലേറെ ജീവനക്കാരെ മാറ്റി.ഒഡീഷയ്ക്ക് പുറമെ ബംഗാള്‍, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.കരതൊട്ടതിന് ശേഷം ഒഡിഷ തീരത്ത് നിന്ന് ബംഗാളിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും ഫോനി നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 90മുതല്‍ 100 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബംഗാളില്‍ കൊടുങ്കാറ്റ് വീശുകയെന്നും അധികൃതര്‍ വ്യക്തമാക്കി.

Previous ArticleNext Article