ന്യൂഡൽഹി:ഉത്തരേന്ത്യയില്‍ പ്രളയ ദുരിതം തുടരുന്നു. പലയിടങ്ങളിലും കനത്ത മഴക്ക് ശമനമില്ല.യമുനാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ യമുന റെയില്‍വേ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം റെയില്‍വേ നിര്‍ത്തിവെച്ചിരിക്കുകയാണ്. നദിയില്‍ ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നതോടെ ഹരിയാന, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ കടുത്ത ജാഗ്രതയിലാണ്. ഗ്രേറ്റര്‍ നോയിഡയിലും ഗാസിയാബാദിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്തനിവാരണസേന എത്തിയിട്ടുണ്ട്. പഞ്ചാബ് , ഹരിയാന സംസ്ഥാനങ്ങളില്‍ ഇന്നലെ മഴക്ക് ശമനമുണ്ടായെങ്കിലും വെള്ളപ്പൊക്ക ദുരിതത്തിന് അറുതിയായില്ല.ഉത്തരേന്ത്യയില്‍ ഇതുവരെ പ്രളയക്കെടുതിയില്‍ മരിച്ചത് 85 പേരാണെന്നാണ് കണക്ക്. പലയിടങ്ങളും ഇപ്പോഴും വെള്ളത്തില്‍ തന്നെയാണ്. ഗംഗ, അളകനന്ദ, മന്ദാകിനി എന്നീ നദികള്‍ കരകവിഞ്ഞ് ഒഴുകിയത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.പഞ്ചാബ് ഗവണ്‍മെന്റ് വെള്ളപ്പൊക്കത്തെ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ദുരിതാശ്വാസത്തിനായി 100 കോടി രൂപ അനുവദിച്ചു.