തിരുവനന്തപരം:കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ എട്ടു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ ആഗസ്റ്റ് 14 വരെയും ഇടുക്കി ജില്ലയില്‍ ആഗസ്റ്റ് 13 വരെയും. ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ആഗസ്റ്റ് 11 വരെയുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് തിങ്കളാഴ്ച്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോടും മത്സ്യബന്ധന തൊഴിലാളികളോടും കാറ്റും മഴയും ശമിക്കുന്നതുവരെ കടലില്‍ പോകരുതെന്നും നിര്‍ദേശിച്ചു. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നതിനാലും അണക്കെട്ടുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലും ജനങ്ങള്‍ പുഴയിലും തോടുകളിലും ഇറങ്ങരുതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.