തിരുവനന്തപുരം:സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 92 ആയി.കാണാതായ 52 പേരെ കൂടി ഇനിയും കണ്ടെത്തേണ്ടതുണ്ട്.ഉരുൾപൊട്ടൽ വന്‍ നാശംവിതച്ച മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും തിങ്കളാഴ്ചയും തിരച്ചില്‍ തുടര്‍ന്നു. കവളപ്പാറയില്‍നിന്ന് തിങ്കളാഴ്ച ആറു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു.കവളപ്പാറ കോളനിയിലെ സുബ്രഹ്മണ്യന്റെ ഭാര്യ പ്ലാന്തോടന്‍ സുധ(33), പള്ളത്ത് ശങ്കരന്‍(70), പള്ളത്ത് ശിവന്റെ ഭാര്യ രാജി(35), കൊല്ലം സ്വദേശി അലക്സ് മാനുവല്‍(55), തിരിച്ചറിയാത്ത രണ്ടു പുരുഷന്മാര്‍ എന്നിവരുടെ മൃതദേഹമാണ് തിങ്കളാഴ്ച കിട്ടിയത്.പുത്തുമലയില്‍നിന്ന് കൂടുതലാരെയും കണ്ടെത്താനായില്ല.മണ്ണിനടിയില്‍ ഇനിയും 44 പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.മലപ്പുറം കോട്ടക്കുന്നിലെ മണ്ണിടിച്ചിലില്‍ കാണാതായ സരോജിനി(50)യുടെ മൃതദേഹവും തിങ്കളാഴ്ച രാവിലെ കണ്ടെടുത്തു.ബുധനാഴ്ച രാവിലെവരെ വീണ്ടും ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതോടെ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ദുരന്തമേഖലകളില്‍നിന്ന്, പ്രത്യേകിച്ച് മലയോരത്തുനിന്ന് ദുരിതാശ്വാസ ക്യാമ്ബുകളിലേക്കു മാറിയവര്‍ രണ്ടുദിവസത്തേക്കുകൂടി തിരിച്ചുപോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.15 മുതല്‍ മഴ കുറയുമെന്നാണ് ഇപ്പോഴത്തെ പ്രവചനം.ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമബംഗാള്‍ തീരത്തിനടുത്ത് ന്യൂനമര്‍ദം രൂപ്പപെട്ടതാണ് വീണ്ടും മഴയ്ക്കു കാരണം. ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടും. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റ് ശക്തമാകാന്‍ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്നും മുന്നറിയിപ്പുണ്ട്.