Kerala, News

മരടിലെ ഫ്‌ളാറ്റുകള്‍ ജനുവരി 11,12 തീയതികളില്‍ പൊളിക്കും;സുരക്ഷ മുൻനിർത്തി പ്രദേശവാസികളെ ഒഴിപ്പിക്കും;ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും

keralanews flats in marad will be demolished on january 11th and 12th residents will be evacuated and traffic restrictions imposed for safety

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിർമിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് സുപ്രീം കോടതി പൊളിച്ചു നീക്കാൻ വിധിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന തീയതി തീരുമാനിച്ചു.ജനുവരി 11,12 തീയതികളില്‍ ഫ്‌ളാറ്റ് കെട്ടിടങ്ങള്‍ പൊളിക്കാനാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്. ജനുവരി 11ന് ആല്‍ഫ വെഞ്ചേഴ്‌സിന്റെ ഇരട്ട കെട്ടിടങ്ങളും ഹോളി ഫെയ്ത്തിന്റെ കെട്ടിടവും പൊളിക്കും.12ന് ഗോള്‍ഡന്‍ കായലോരം, ജെയിന്‍ കോറല്‍കോവ് എന്നിവ പൊളിക്കും. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാവും കെട്ടിടങ്ങള്‍ തകര്‍ക്കുക. മൈക്രോ സെക്കന്‍ഡ് സമയം കൊണ്ട് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ വിശദീകരണം. സുരക്ഷ മുന്‍നിര്‍ത്തി ഫ്‌ളാറ്റുകള്‍ക്ക് 200 മീറ്റര്‍ പരിധിയില്‍ താമസിപ്പിക്കുന്നവരെ ഒഴിപ്പിക്കും. ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും.അതേസമയം സ്‌ഫോടനത്തിനായി എത്രമാത്രം സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കണം എന്നതില്‍ തീരുമാനമായിട്ടില്ല. 19 നിലകളുള്ള ഹോളിഫെയ്ത്താണ് പൊളിക്കാനുള്ള ഫ്‌ളാറ്റുകളില്‍ ഏറ്റവും ഉയരമുളളത്. ഇരട്ട കെട്ടിടങ്ങളായ ആല്‍ഫാ സെറിന്‍ ഫ്‌ളാറ്റുകള്‍ക്ക് 16 നിലകള്‍ വീതമാണ്. ആദ്യദിനത്തില്‍ ഈ മൂന്നു കെട്ടിടങ്ങളാണ് പൊളിക്കുന്നത്.

കെട്ടിടം പൊളിക്കുന്നതിനു മുന്‍പ് പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ സബ് കലക്ടര്‍ യോഗം വിളിക്കും. ആളുകളെ മാറ്റിതാമസിപ്പിക്കുന്നതിനും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുമുള്ള പദ്ധതികള്‍ സിറ്റി പോലീസ് കമ്മീഷര്‍ തയ്യാറാക്കും. കെട്ടിടം പൊളിക്കുന്നത് കാണാന്‍ ആളുകള്‍ തടിച്ചുകൂടാനുള്ള സാധ്യത പരിഗണിച്ചാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ജനുവരി ഒൻപതിനകം ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ മൂന്നു ദിവസം കൂടി സാവകാശം എടുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. സമയം നീണ്ടുപോയതിന്റെ കാരണം അധികൃതര്‍ കോടതിയില്‍ ബോധിപ്പിക്കും.

Previous ArticleNext Article