India, News

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം;മരിച്ചവരുടെ എണ്ണം പതിനാലായി;കാണാതായ 170 പേർക്കായി തെരച്ചില്‍ തുടരുന്നു

keralanews flash-flood-in-uttarakhand-death-toll-rises-to-14-search-for-the-170-missing-continues

ന്യൂഡൽഹി:ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം പതിനാലായി.കാണാതായ 170 പേർക്കായി തെരച്ചില്‍ തുടരുന്നു. ഇവരില്‍ 148പേര്‍ വൈദ്യുത നിലയത്തിലെയും 22 പേര്‍ ഋഷിഗംഗയിലെയും ജീവനക്കാരാണ്.ഋഷിഗംഗ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരുന്നവരും അളകനന്ദ, ദൌലി ഗംഗ നദിക്കരകളില്‍ താമസിച്ചിരുന്നവരുമാണ് അപകടത്തില്‍ പെട്ടവരില്‍ ഏറെയും.
2013ലെ പ്രളയ രക്ഷാ പ്രവർത്തനത്തിന് സമാനമായി ITBP, ദുരന്ത നിവാരണ സേന, വ്യോമസേന എന്നിവ സംയുക്തമായുള്ള രക്ഷാ പ്രവർത്തനം തുടരുകയാണ്. ദുഷ്കരമാണ് രക്ഷാപ്രവർത്തനം. ശക്തമായ കുത്തൊഴുക്കില്‍ തെറിച്ച് പോയതിനാല്‍ മൃതദേഹങ്ങളെല്ലാം സംഭവ സ്ഥലത്തുനിന്ന് ദൂരെയാണ് കണ്ടെത്തിയത്. തപോവന് സമീപം രണ്ട് ടണലുകളിലായി തൊഴിലാളികള്‍ കുടുങ്ങിയിരുന്നു. ഒരു ടണലിലുള്ള 16 പേരെ രക്ഷിച്ചു. കൂടുതല്‍ മെഡിക്കല്‍ സംഘങ്ങളെ ചമോലിയിലേക്ക് എത്തിച്ചിട്ടുണ്ട്.ജോഷിമഠിൽ 30 കിടക്കകളോടെ താൽക്കാലിക ആശുപത്രി സജ്ജമാക്കി. മുഖ്യമന്ത്രി ടി.എസ് റാവത്ത് ചമോലിയില്‍ എത്തി രക്ഷാ പ്രവർത്തനം വിലയിരുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സർക്കാർ 4 ലക്ഷവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 2 ലക്ഷവും നല്‍കും.ചമോലി ജില്ലയിലെ റെനി ഗ്രാമത്തിലാണ് പ്രളയം ഉണ്ടായത്. ഇന്ത്യ ചൈന അതിര്‍ത്തിയിലെ തപോവന മേഖലയില്‍ സംഭവിച്ചത് മഞ്ഞുമലകള്‍ക്കിടയിലുണ്ടായ തടാകം പൊട്ടിയുണ്ടായ ദുരന്തം ആണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.ശൈത്യകാലത്ത് ഒരിടത്തും സംഭവിക്കാത്ത കാര്യമാണ് നടന്നിരിക്കുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.ഉത്തരാഖണ്ഡിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ജോഷിമഠ്. വലിയ മഞ്ഞുമലയാണ് ഇടിഞ്ഞുവീണിരിക്കുന്നത്. ഇതേത്തുടര്‍ന്ന് അളകനന്ദ നദിയിലെ അണക്കെട്ട് പൂര്‍ണമായും തകരുകയും ധോളിഗംഗാ നദിയില്‍ ജലനിരപ്പ് ഉയരുകയും ചെയ്തിട്ടുണ്ട്.

Previous ArticleNext Article