കോഴിക്കോട്:പയ്യോളി: തിക്കോടി ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡില്‍ ഷിഗെല്ല രോഗം പിടിപെട്ട് അഞ്ചുവയസ്സുകാരി മരിച്ചു.സംഭവത്തെ തുടർന്ന് പ്രദേശത്ത് ആരോഗ്യ വകുപ്പ് കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.പയ്യോളിയില്‍നിന്ന് വിതരണം ചെയ്ത സിപ്അപ്പില്‍നിന്നാണ് രോഗവ്യാപനം ഉണ്ടായതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ നഗരസഭ പരിധിയില്‍ സിപ്അപ് വിൽപ്പനയും നിര്‍മാണവും താല്‍ക്കാലികമായി നിരോധിച്ചു. നഗരസഭ സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ‘ഐസ് പാര്‍ക്ക്’ എന്ന സ്ഥാപനം അടച്ചുപൂട്ടി.കൊയിലാണ്ടി ഫുഡ് ഇന്‍സ്പെക്ടര്‍ ഫെബിന സ്ഥാപനം പരിശോധിച്ച് സാമ്പിളുകൾ ശേഖരിച്ച് സര്‍ക്കാര്‍ ലാബിലേക്ക് പരിശോധനക്കയച്ചു. അതോടൊപ്പം ഗുണനിലവാരമില്ലാത്ത ഐസ് ഉപയോഗിച്ച് ശീതളപാനീയങ്ങള്‍ നിര്‍മിച്ച് വില്‍ക്കുന്നതും ഉപ്പിലിട്ട ഭക്ഷണ പദാര്‍ഥങ്ങള്‍ വില്‍ക്കുന്നതും നിരോധിക്കുമെന്ന് നഗരസഭ ആരോഗ്യ വകുപ്പ് അറിയിച്ചു.ഗുണനിലവാരം പരിശോധിക്കാതെയുള്ള വെള്ളമുപയോഗിച്ചുള്ള ജ്യൂസ് വില്‍പനക്ക് അനുമതി നല്‍കില്ല. കൂടാതെ എല്ലാ കൂള്‍ബാറുകളിലും പാതയോരങ്ങളിലെ തട്ടുകടകളിലും പരിശോധന കർശനമാക്കും.ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. പിയൂഷ് നമ്പൂതിരിപ്പാട് പയ്യോളി നഗരസഭ സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന് നല്‍കിയ പ്രത്യേക നിര്‍ദേശ പ്രകാരം നഗരസഭയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.