കാസർകോട്: പനി ബാധിച്ച് മരിച്ച അഞ്ചു വയസ്സുകാരിക്ക് നിപബാധ ഉണ്ടെന്ന സംശയത്തെ തുടർന്ന് സ്രവം പരിശോധനയ്‌ക്ക് അയച്ചു. കാസർകോട് ചെങ്കള പഞ്ചായത്ത് പരിധിയിൽ പനി ബാധിച്ച് മരിച്ച കുട്ടിയുടെ സ്രവമാണ് പരിശോധനക്കായി അയച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.കുട്ടിയുടെ കൊറോണ പരിശോധന ഫലം നെഗറ്റീവാണ്. നിപ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ബദിയടുക്ക, കുംബഡാജെ, ചെങ്കള പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ ആരോഗ്യ പ്രവർത്തകർ നിരീക്ഷണം ശക്തമാക്കി. പരിശോധനാഫലം ലഭ്യമാകുന്നത് വരെ ആളുകൾ കൂടിയുള്ള എല്ലാ പരിപാടികളും നിർത്തി വെയ്ക്കുന്നതായി ആരോഗ്യവിഭാഗം അറിയിച്ചു.മേഖലയിലെ കൊറോണ വാക്‌സിനേഷൻ ക്യാമ്പുകൾ മാറ്റിവച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.ഇന്നലെ വൈകിട്ടാണ് പനിയും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയോടെയാണ് കുട്ടി മരിച്ചത്.